September 17, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

താങ്ങാവുന്ന വിലയില്‍ ട്രയംഫ് ട്രൈഡന്റ് 660  

എക്‌സ് ഷോറൂം വില 6.95 ലക്ഷം രൂപ

ന്യൂഡെല്‍ഹി: ഓള്‍ ന്യൂ ട്രയംഫ് ട്രൈഡന്റ് 660 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 6.95 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ട്രയംഫിന്റെ ട്രിപ്പിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന റോഡ്‌സ്റ്റര്‍ ബൈക്കുകളിലെ പുതിയ എന്‍ട്രി ലെവല്‍ മോഡലാണ് ട്രൈഡന്റ് 660. മാത്രമല്ല, ട്രയംഫ് മോട്ടോര്‍സൈക്കിളുകളില്‍ ഏറ്റവും താങ്ങാവുന്ന മോഡല്‍ കൂടിയാണ്. എളുപ്പത്തിലുള്ള സവാരി, ത്രസിപ്പിക്കുന്ന പെര്‍ഫോമന്‍സ്, കൃത്യമായ ഹാന്‍ഡ്‌ലിംഗ് എന്നിവ ലഭിക്കുംവിധമാണ് ട്രയംഫ് ട്രൈഡന്റ് 660 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാജ്യത്തെ എല്ലാ ട്രയംഫ് ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. വൈകാതെ ഡെലിവറി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 16,000 കിലോമീറ്റര്‍ സര്‍വീസ് ഇടവേള, രണ്ടുവര്‍ഷ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ മൈലേജ് വാറന്റി എന്നിവയോടെയാണ് ട്രയംഫ് ട്രൈഡന്റ് 660 വരുന്നത്.

യുകെ ഹിങ്ക്‌ലിയിലെ ട്രയംഫ് ആസ്ഥാനത്തെ പ്രത്യേക സംഘമാണ് പുതിയ ട്രൈഡന്റ് 660 മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചത്. പുതിയ ട്രയംഫ് ടൈഗര്‍ 900 മോട്ടോര്‍സൈക്കിളിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡിസൈനറായ റോഡോള്‍ഫോ ഫ്രാസ്‌കോളി വേണ്ട സ്‌റ്റൈലിംഗ് നിര്‍ദേശങ്ങള്‍ നല്‍കി. വീര്‍ത്തതുപോലെ ഇന്ധന ടാങ്ക്, വൃത്താകൃതിയുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ് എന്നിവ ലഭിച്ചു. ഇന്ധന ടാങ്കില്‍ ഡുവല്‍ ടോണ്‍ ഫിനിഷ് നല്‍കിയത് ഭംഗി വര്‍ധിപ്പിക്കുന്ന ഘടകമാണ്.

660 സിസി, ഇന്‍ലൈന്‍ 3 സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ട്രയംഫ് ട്രൈഡന്റ് 660 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്ന്. ഈ മോട്ടോര്‍ 10,250 ആര്‍പിഎമ്മില്‍ 80 ബിഎച്ച്പി കരുത്തും 6,250 ആര്‍പിഎമ്മില്‍ 64 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച് നല്‍കി.

മുന്നില്‍ 41 എംഎം ‘ഷോവ’ അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന ‘ഷോവ’ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. മുന്‍ ചക്രത്തില്‍ 2 പിസ്റ്റണ്‍ ‘നിസിന്‍’ കാലിപറുകള്‍ സഹിതം 310 എംഎം ഡിസ്‌ക്കുകളും പിന്‍ ചക്രത്തില്‍ സിംഗിള്‍ പിസ്റ്റണ്‍ ‘നിസിന്‍’ കാലിപര്‍ സഹിതം സിംഗിള്‍ ഡിസ്‌ക്കും ബ്രേക്കിംഗ് ജോലികള്‍ കൈകാര്യം ചെയ്യും. 17 ഇഞ്ച് വ്യാസമുള്ള കാസ്റ്റ് അലുമിനിയം ചക്രങ്ങളിലാണ് ട്രയംഫ് ട്രൈഡന്റ് 660 ഓടുന്നത്. മിഷെലിന്‍ ‘റോഡ് 5’ ടയറുകള്‍ ഉപയോഗിക്കുന്നു. പൂര്‍ണമായും പുതിയ മോഡല്‍ ആയതിനാല്‍ പുതിയ ട്യൂബുലാര്‍ സ്റ്റീല്‍ ഷാസിയിലാണ് ട്രയംഫ് ട്രൈഡന്റ് 660 നിര്‍മിച്ചിരിക്കുന്നത്. റൈഡ് ബൈ വയര്‍, രണ്ട് റൈഡിംഗ് മോഡുകള്‍ (റോഡ്, റെയ്ന്‍), എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, പൂര്‍ണമായും എല്‍ഇഡി ലൈറ്റിംഗ് എന്നിവ സവിശേഷതകളാണ്. ഫുള്‍ കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ നല്‍കി. ഓപ്ഷണലായി ‘മൈ ട്രയംഫ്’ കണക്റ്റിവിറ്റി സിസ്റ്റം ലഭിക്കും. പുതിയ റൈഡര്‍മാര്‍ക്കുപോലും സവാരി എളുപ്പമാക്കുന്നതിന് 189 കിലോഗ്രാം മാത്രമാണ് കര്‍ബ് വെയ്റ്റ്.

Maintained By : Studio3