ദിവസത്തില്‍ ആറിലധികം തവണ കാപ്പി കുടിച്ചാല്‍ ഹൃദ്രോഗ സാധ്യത വര്‍ധിക്കും
ഒരു ദിവസം ഏറെ കാപ്പി കുടിക്കുന്നത് ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍ (സിവിഡി) പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്
ദിവസവും നിരവധി തവണ കാപ്പി കുടിക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിച്ചോളൂ, ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍ (സിവിഡി) പിടിപെടാനുള്ള സാധ്യത നിങ്ങളില്‍ കൂടുതലാണ്. ദീര്‍ഘകാലം, കൂടിയ അളവില്‍( ദിവസത്തില്‍ ആറിലധികം തവണയെങ്കിലും) കാപ്പി കൂടിക്കുന്നത് രക്തത്തിലെ ലിപ്പിഡുകളുടെ (കൊഴുപ്പ്) അളവ് വര്‍ധിപ്പിക്കുമെന്നും അതുമൂലം സിവിഡി സാധ്യത കൂടുമെന്നുമാണ് ജനിതക ഘടനയെ അടിസ്ഥാനമാക്കി നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത്.
കുടിക്കുന്ന കാപ്പിയുടെ അളവ് അനുസരിച്ച് സിവിഡിയ്ക്കുള്ള സാധ്യത വര്‍ധിക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാപ്പി കുടിക്കുന്നതിലെ ഗുണങ്ങളും ദോഷങ്ങളും ഇന്നും ശാസ്ത്രലോകത്ത് തര്‍ക്കവിഷയമാണ്. എന്നാല്‍ ലോകത്തെ വലിയാരു വിഭാഗം ആളുകളുടെ ഇഷ്ട പാനീയമായ കാപ്പി ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കേണ്ടത് അനിവാര്യമാണെന്ന് പഠനം നടത്തിയ ഗവേഷകരില്‍ ഒരാളായ എലീന ഹൈപ്പോനെന്‍ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച വിശദീകരണമൊന്നും ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ ഇല്ല. അതേസമയം കാപ്പി പോലുള്ള ഒരു ഉത്തേജക പാനീയം അമിതമായി കുടിക്കാതിരി്കാന്‍ ശ്രദ്ധിക്കണമെന്നും സാധ്യമെങ്കില്‍ ഫില്‍റ്റര്‍ കോഫി കുടിക്കാന്‍ ശ്രമിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
രക്തത്തില്‍ ലിപ്പിഡുകളുടെ അളവ് കൂടുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് നേരത്തെ തെളിയിക്കപ്പെട്ടതാണ്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്ന കഫെസ്റ്റോള്‍ എന്ന സംയുക്തം കാപ്പിക്കുരുവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ കൂടുതല്‍ കാപ്പി കുടിക്കുന്നത് ഹൃദ്രോഗത്തിന് കാരണമാകുമെന്ന സൂചനയാണ് പഠനം നല്‍കുന്നത്. ഫ്രെഞ്ച് പ്രെസ്സ്, തുര്‍ക്കി, ഗ്രീക്ക് കാപ്പി ഇനങ്ങള്‍, എക്‌സ്‌പ്രെസ്സോ തുടങ്ങി ഫില്‍റ്റര് ചെയ്യാത്ത കാപ്പിപ്പൊടികളിലാണ് കഫെസ്റ്റോള്‍ കൂടുതലായി കാണപ്പെടുന്നതെന്ന് ഹൈപ്പോനെന്‍ പറയുന്നു.
ലോകത്ത് ഒരു ദിവസം ഏതാണ്ട് 3 ബില്യണ്‍ കപ്പ് കാപ്പി ആളുകള്‍ കുടിക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്ത് ഏറ്റവുമധികം മരണങ്ങള്‍ക്ക് കാരണമാകുന്ന രോഗാവസ്ഥയാണ് സിവിഡി. പ്രതിവര്‍ഷം 17.9 ദശലക്ഷം ആളുകളാണ് ഈ രോഗം വന്ന് മരിക്കുന്നത്.