Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിശപ്പ് ധനപരമായ തീരുമാനങ്ങളെ സ്വാധീനിക്കും 

മനുഷ്യരില്‍ വിശപ്പിന് കാരണമാകുന്ന ഹോര്‍മോണ്‍ കാത്തിരുന്ന് കിട്ടുന്ന വലിയ പ്രതിഫലത്തേക്കാള്‍ പെട്ടന്ന് കിട്ടുന്ന ചെറിയ പ്രതിഫലങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ പ്രേരിപ്പിക്കും

മനുഷ്യരില്‍ വിശപ്പെന്ന തോന്നല്‍ ഉണ്ടാക്കുന്നത് ഗെര്‍ലിന്‍ എന്ന ആമാശയ ഹോര്‍മോണാണ്. ഈ ഹോര്‍മോണ്‍ ധനപരമായ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നാണ് പുതിയൊരു പഠനം പറയുന്നത്. വൈകി ലഭിക്കുന്ന വലിയ ധനത്തേക്കാളും പെട്ടന്ന് ലഭിക്കുന്ന ചെറിയ ധനത്തിന് മുന്‍ഗണന നല്‍കാന്‍ ഗെര്‍ലിന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവന്നൊണ് പഠനത്തിന്റെ കണ്ടെത്തല്‍. എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനമായ എന്‍ഡോ 2021ല്‍ ഈ പഠന റിപ്പോര്‍ട്ട് അവതരിപ്പിക്കും.

വിശപ്പിന്റെ ഹോര്‍മോണെന്ന് പറയപ്പെടുന്ന ഗെര്‍ലിന്‍ മനുഷ്യരുടെ ധനപരമായ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന് തെളിവ് സഹിതം വിശദീകരിക്കുന്നതാണ് തങ്ങളുടെ പഠനമെന്ന് മസാച്യുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലിലും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലും മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ഫ്രാന്‍സിക പ്ലെസ്സോവ് പറഞ്ഞു. പെട്ടന്നുള്ള തെരഞ്ഞെടുപ്പുകളിലും സ്വഭാവങ്ങളിലും ഗെര്‍ലിന്‍ സ്വാധീനം ചെലുത്തുന്നതായി സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി അവര്‍ അഭിപ്രായപ്പെട്ടു. ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള ആളുകളുടെ സ്വഭാവങ്ങളിലും കാഴ്ചപ്പാടുകളിലും ഗെര്‍ലിന്റെ പങ്ക് സംബന്ധിച്ച ഭാവി പഠനങ്ങള്‍ക്ക് ഈ കണ്ടെത്തല്‍ സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്.

  കൊച്ചിയില്‍ നിന്നും അഗര്‍ത്തലയിലേക്ക്‌ എയർ ഇന്ത്യ എക്‌സ്പ്രസ്

ഭക്ഷണം കഴിക്കണമെന്ന് തലച്ചോറിന് സിഗ്നല്‍ നല്‍കുന്നത് ഗെര്‍ലിനാണ്. പ്രതിഫലങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ഈ ഹോര്‍മോണ്‍ സ്വാധീനിക്കാനിടയുണ്ടെന്നാണ് പഠനം പറയുന്നത്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും വ്യക്തിഗത മെറ്റബോളിസവും അനുസരിച്ച് ഒരു ദിവസത്തില്‍ ഗെര്‍ലിന്റെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. പത്ത് വയസിനും 22 വയസിനും ഇടയില്‍ പ്രായമുള്ള 84 സ്ത്രീകളിലാണ് പഠന സംഘം ഗവേഷണം നടത്തിയത്. ഇതില്‍ അമ്പത് പേര്‍ക്ക് അനറോക്‌സിയ, നെര്‍വോസ പോലുള്ള ഭാരക്കുറവിന് കാരണമാകുന്ന ഈറ്റിംഗ് ഡിസോഡറുകള്‍ ഉണ്ടായിരുന്നു. ശേഷിച്ച 34 പേര്‍ ആരോഗ്യമുള്ളവരും ആയിരുന്നു. ഭക്ഷണം കഴിക്കുന്നതിന് മുമ്പായി ഇവരുടെ രക്തത്തിലെ ഗെര്‍ലിന്റെ അളവ് പഠനസംഘം രേഖപ്പെടുത്തി. മുമ്പ് ഉപവസിച്ചവരില്‍ അടക്കം എല്ലാവരിലും ഗെര്‍ലിന്‍ ഒരേ അളവിലാണ് കണ്ടെത്തിയത്. ഭക്ഷണത്തിന് ശേഷം എല്ലാവര്‍ക്കും ധനപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടതായ ഒരു പരീക്ഷ നടത്തി. ഇന്ന് ലഭിക്കുന്ന 20 ഡോളറാണാ അല്ലെങ്കില്‍ പതിനാല് ദിവസം കഴിഞ്ഞ് ലഭിക്കുന്ന എണ്‍പത് ഡോളറാണോ നിങ്ങള്‍ തെരഞ്ഞെടുക്കുക എന്നത് പോലുള്ള ചോദ്യങ്ങളാണ് പഠനസംഘം പരീക്ഷാര്‍ത്ഥികളോട് ചോദിച്ചത്.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

ഗെര്‍ലിന്റെ അളവ് കൂടുതലുള്ള ആരോഗ്യമുള്ളവരും പ്രായം കുറഞ്ഞവരും ആയ പെണ്‍കുട്ടികള്‍ ദീര്‍ഘകാലം കാത്തിരുന്ന് ലഭിക്കുന്ന വലിയ തുകയേക്കാള്‍ പെട്ടന്ന് ലഭിക്കുന്ന കുറഞ്ഞ തുകകള്‍ക്ക് മുന്‍ഗണന നല്‍കി. അതേസമയം താരതമ്യേന പ്രായം കൂടിയ, ഈറ്റിംഗ് ഡിസോഡറുകള്‍ ഉള്ള പെണ്‍കുട്ടികളില്‍ ഗെര്‍ലിനും ധനപരമായ തീരുമാനങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ പഠനസംഘത്തിന് കഴിഞ്ഞില്ല. ഇവരില്‍ ഗെര്‍ലിന്‍ പ്രതിരോധം ഉള്ളത് കൊണ്ടാകാം ഇത്തരമൊരു ബന്ധം കണ്ടെത്താന്‍ കഴിയാതിരുന്നതെന്ന് പ്ലെസ്സോവ് പറഞ്ഞു.

Maintained By : Studio3