‘ ഇത് കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയുള്ള ബജറ്റ് ‘
1 min readന്യഡെല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തുവന്നു. കര്‍ഷകര്‍ക്കുള്ള വിഹിതം വര്‍ദ്ധിപ്പിക്കുമെന്ന് ബജറ്റ് ഉറപ്പ് നല്‍കുന്നതായി കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ പറഞ്ഞു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധത്തിനിടയില്‍, ധനമന്ത്രി തന്റെ ബജറ്റ് അവതരണത്തില്‍ താങ്ങുവില നല്‍കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത എടുത്തുപറഞ്ഞു. ബജറ്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കരുതലോടെ സമീപിക്കുന്നു. പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏറെ ഗുണകരമാണെന്നും ലോക് ജനശക്തി പാര്‍ട്ടി പ്രസിഡന്റ് ചിരാഗ് പാസ്വാന്‍ പറഞ്ഞു. ഇത് വളരെ സ്വാഗതാര്‍ഹമായ ബജറ്റാണ്.
അതേസമയം കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. താങ്ങുവില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിനായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രക്ഷോഭം കണക്കിലെടുത്ത് ബജറ്റില്‍ എപിഎംസികളെ ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം വളരെ ശ്രദ്ധേയമാണ്. നിയമങ്ങള്‍ റദ്ദാക്കണമെന്നും എംഎസ്പിയുടെ നിയമപരമായ ഉറപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രധാനമായും പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ രണ്ട് മാസത്തിലേറെയായി ഡെല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുകയാണ്.