വാഹനം പൊളിക്കല്‍ നയം മൂലം വായു മലിനീകരണം 25 ശതമാനത്തോളം കുറയും
പുതിയ വാഹനം വാങ്ങുന്നതിന് സാമ്പത്തിക ആനുകൂല്യം നേടാം. എന്നാല്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ നിതിന്‍ ഗഡ്കരി വെളിപ്പെടുത്തിയില്ല
കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രസംഗത്തില്‍ ഏറെ ശ്രദ്ധ നേടിയത് വാഹനം പൊളിക്കല്‍ നയമായിരുന്നു. ബജറ്റ് പ്രസംഗത്തിനിടെയാണ് ഇന്ത്യയുടെ വാഹനം പൊളിക്കല്‍ നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മല സീതാരാമന്‍ അറിയിച്ചത്. വര്‍ഷങ്ങളോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് രാജ്യത്ത് പഴക്കംചെന്ന വാഹനങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക നയം വരുന്നത്.
ഇതേതുടര്‍ന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരിയുടെ അറിയിപ്പ് വന്നു. വാഹനം പൊളിക്കല്‍ നയവും അതിന്റെ വിശദാംശങ്ങളും പതിനഞ്ച് ദിവസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വാഹനങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച നയത്തിന് രണ്ടാഴ്ച്ച മാത്രം ശേഷിക്കേ, രാജ്യത്തെ വാഹന ഉടമകള്‍ അറിയേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയമാണിത്.
ഇതുവരെ വ്യക്തത കൈവന്നിട്ടില്ല എങ്കിലും, യഥാക്രമം ഇരുപത്, പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള സ്വകാര്യ, വാണിജ്യ വാഹനങ്ങള്‍ സര്‍ക്കാരിന്റെ ഓട്ടോമേറ്റഡ് വെഹിക്കിള്‍ ഫിറ്റ്‌നസ് സെന്ററുകളില്‍ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയമാകേണ്ടിവരും.
പുതിയ നയമനുസരിച്ച്, വാണിജ്യ വാഹനങ്ങള്‍ക്ക് പതിനഞ്ച് വര്‍ഷം വരെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തുടരാം. ഇരുപത് വര്‍ഷത്തിനുശേഷമാണ് ഉടമകള്‍ തങ്ങളുടെ സ്വകാര്യ വാഹനങ്ങള്‍ പൊളിക്കാന്‍ കൊടുക്കേണ്ടത്. തുടര്‍ന്ന് പുതിയ വാഹനം വാങ്ങുന്നതിന് ആനുകൂല്യങ്ങള്‍ നേടാം. അതേസമയം, ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നിതിന്‍ ഗഡ്കരി വെളിപ്പെടുത്തിയില്ല.
പഴക്കം ചെന്നതും വായു മലിനീകരണത്തിന് കാരണമാകുന്നതുമായ വാഹനങ്ങളെ നിരത്തുകളില്‍നിന്ന് പിന്‍വലിക്കുന്നതിനാണ് പൊളിക്കല്‍ നയം ഊന്നല്‍ കൊടുക്കുന്നത്. അതുവഴി താരതമ്യേന കുറഞ്ഞ അളവില്‍ മലിനീകരണം സൃഷ്ടിക്കുന്നതും കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ ലഭിച്ചതുമായ പുതിയ വാഹനങ്ങളുടെ വില്‍പ്പന വര്‍ധിക്കും. ഇരുപത് വര്‍ഷത്തിലധികം പഴക്കമുള്ള 51 ലക്ഷം ലൈറ്റ് വെയ്റ്റ് മോട്ടോര്‍ വാഹനങ്ങളും (എല്‍എംവി) പതിനഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പ്രായമായ 17 ലക്ഷം മീഡിയം, ഹെവി വാണിജ്യ വാഹനങ്ങളും പൊളിച്ചടുക്കലിന് വിധേയമാകുമെന്നാണ് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പ്രതീക്ഷിക്കുന്നത്. തത്ഫലമായി വായു മലിനീകരണം 25 ശതമാനത്തോളം കുറയുമെന്ന് കണക്കുകൂട്ടുന്നു.