റോയിട്ടേര്‍സ് സര്‍വേ റിപ്പോര്‍ട്ട് : മൂന്നാം തരംഗം ഒക്റ്റോബറോടില്‍ എത്തിയേക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍
1 min readന്യൂഡെല്‍ഹി: കൊറോണ വൈറസ് അണുബാധയുടെ മൂന്നാമത്തെ തരംഗം ഒക്ടോബറോടെ ഇന്ത്യയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് മെഡിക്കല്‍ വിദഗ്ധര്‍ക്കിടയില്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് നടത്തിയ സര്‍വേയില്‍ പറയുന്നു. രണ്ടാംതരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തെ മികച്ച രീതിയില്‍ നിയന്ത്രിക്കപ്പെടുമെങ്കിലും കോവിഡ് 19 മഹാമാരി ഒരു പൊതുജനാരോഗ്യ ഭീഷണിയായി ഇനിയും ഒരു വര്‍ഷമെങ്കിലും തുടരുമെന്നാണ് ഭൂരിപക്ഷം ആരോഗ്യ വിദഗ്ധരും വിലയിരുത്തുന്നത്.
ജൂണ്‍ 3-17 തീയതികളിലാണ് 40ഓളെ ഹെല്‍ത്ത് കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, വൈറോളജിസ്റ്റുകള്‍, എപ്പിഡെമിയോളജിസ്റ്റുകള്‍, ലോകമെമ്പാടുമുള്ള പ്രൊഫസര്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് സര്‍വേ നടത്തിയത്. വാക്സിനേഷന്‍റെ തോത് വര്‍ധിക്കുന്നത് ഒരു പരിധിവരെ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്ന് സര്‍വേ നിരീക്ഷിക്കുന്നു.
സര്‍വെയില്‍ പങ്കെടുത്ത് പ്രവചനം നടത്താന്‍ തയാറായ 25 പേരില്‍ 21 പേരും (85 ശതമാനത്തിലധികം) അടുത്ത തരംഗം ഒക്ടോബറിനുള്ളില്‍ എത്തുമെന്ന് അഭിപ്രായപ്പെട്ടു. ഇതില്‍ 3 പേര്‍ ഓഗസ്റ്റ് ആദ്യം തന്നെ മൂന്നാം തരംഗത്തെ പ്രതീക്ഷിക്കുമ്പോള്‍ 12 പേര്‍ സെപ്റ്റംബറില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് നിരീക്ഷിക്കുന്നത്. ബാക്കി മൂന്ന് പേര്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്ന് കരുതുന്നവരാണ്.
70 ശതമാനത്തിലധികം വിദഗ്ധര്‍, അഥവാ 34ല്‍ 24 പേര്‍ പ്രവചിച്ചത് രണ്ടാം തരംഗത്തേക്കാള്‍ കൂടുതലായ ഒരു വ്യാപനം മൂന്നാം തരംഗത്തില്‍ ഉണ്ടാകുന്നത് നിയന്ത്രിക്കപ്പെടുമെന്നാണ്. വാക്സിനുകള്‍, മരുന്നുകള്‍, ഓക്സിജന്‍, ആശുപത്രി കിടക്കകള്‍ എന്നിവയുടെ അപര്യാപ്തത രണ്ടാംതരംഗത്തിലാണ് കൂടുതലായി അനുഭവപ്പെട്ടത്.
“ഇത് കൂടുതല്‍ നിയന്ത്രിക്കപ്പെടും, കാരണം കേസുകള്‍ വളരെ കുറവായിരിക്കും, കാരണം കൂടുതല്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തുകയും രണ്ടാം തരംഗത്തില്‍ നിന്നുള്ള സ്വാഭാവിക പ്രതിരോധശേഷി ഉണ്ടാകുകയും ചെയ്യും,” ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
18 വയസിന് മുകളിലുള്ള ജനസംഖ്യയുടെ 5 ശതമാനത്തിനു മുകളില്‍ മാത്രമേ ഇന്ത്യയില്‍ കോവിഡ് 19 വാക്സിനേഷന്‍ എത്തിയിട്ടുള്ളൂ. ഇത് നിരവധി പേരേ അപകടത്തിലേക്ക് നയിക്കുന്നതായും വാക്സിനേഷന്‍റെ വേഗം വര്‍ധിപ്പിക്കുന്നത് നിര്‍ണായകമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. മൂന്നാം തരംഗത്തില്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് അപകടസാധ്യത കൂടുതലാണെന്ന് 40 വിദഗ്ധരില്‍ 26 പേര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കുട്ടികള്‍ക്ക് കാര്യമായ അപകടമില്ലെന്ന പ്രതീക്ഷയാണ് 14 വിദഗ്ധര്‍ പങ്കുവെച്ചത്. എങ്കിലും ഇതുകൂടി കണക്കിലെടുത്തുള്ള മുന്നൊരുക്കങ്ങള്‍ അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.