ഇന്ത്യയിലുള്ളത് കോവിഡ്-19യുടെ 7,648 വകഭേദങ്ങളെന്ന് പഠന റിപ്പോര്‍ട്ട്
1 min readജനിതക മാറ്റം വന്ന വൈറസ് വകഭേദങ്ങള്‍ മൂലം ലോകത്തിന്റെ പലയിടങ്ങളിലും കോവിഡ്-19 കേസുകള്‍ അധികരിക്കുന്ന സഹചര്യത്തില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസക്തിയേറിയതാണ്. ഇന്ത്യയില്‍ തന്നെ ചില സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധനവ് പുതിയ വൈറസ് വകഭേദങ്ങള്‍ മൂലമാകാം എന്നും ആശങ്കയുണ്ട്.
ന്യൂഡെല്‍ഹി: രാജ്യത്ത് നോവല്‍ കൊറോണ വൈറസ് അഥവാ SARS-CoV-2ന്റെ 7,684 വകഭേദങ്ങള്‍ ഇന്ത്യക്കാരായ ഗവേഷകര്‍ തിരിച്ചറിഞ്ഞു. വൈറസ് വകഭേദങ്ങളെ കുറിച്ച് കഴിഞ്ഞിടെ പ്രസിദ്ധീകരിച്ച ഗവേഷണ പേപ്പറില്‍ കൊറോണ വൈറസിന്റെ സമാനമല്ലാത്ത 61ഓളം ഇന്ത്യന്‍ വകഭേദങ്ങളാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇവയിലെ ജനിതക വ്യതിയാനം സംബന്ധിച്ച വിവരങ്ങളും അനുബന്ധ വൈറല്‍ പ്രോട്ടീനിലെ അമിനോ ആസിഡിലെ മാറ്റവും ഈ ഗവേഷണ റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്.
ഹൈദരാബാദിലെ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയിലെ (സിസിഎംബി) ഗവേഷകരാണ് ‘SARS-CoV-2 ജീനോമിക്‌സ്: വൈറസ് വകഭേദങ്ങളുടെ സീക്വന്‍സിംഗ് ഇന്ത്യന്‍ കാഴ്ചപ്പാടില്‍’ എന്ന ഗവേഷണ പേപ്പര്‍ പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും രോഗബാധ വര്‍ധിക്കുന്നതിന് പിന്നില്‍ പുതിയ വൈറസ് വകഭേദങ്ങളാണോ എന്ന് പരിശോധിക്കണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. SARS-CoV-2 ന്റെ പരിണാമം സാഹചര്യത്തിനനുസരിച്ച വ്യതിയാനങ്ങളിലൂടെ കൂടുതല്‍ രോഗ വ്യാപന ശേഷി നേടാനും അതിലൂടെ രോഗികളുടെ കോശങ്ങളുമായി കൂടിച്ചേരാനുള്ള സാധ്യത വര്‍ധിപ്പിക്കാനും ശരീരത്തിന്റെ പ്രതിരോധ നീക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനു വേണ്ട വ്യതിയാനങ്ങള്‍ നടത്താനും വൈറസിനെ സഹായിക്കും. ഇത് വാക്‌സിനുകളുടെയും ചികിത്സയുടെയും ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കുമെന്നും രോഗതീവ്രതയും മരണനിരക്കും വര്‍ധിക്കാനിടയാക്കുമെന്നും പഠനം പറയുന്നു.
ലോകത്തിന്റെ പലയിടങ്ങളിലും ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് വകഭേദങ്ങള്‍ മൂലം കോവിഡ്-19 കേസുകള്‍ അധികരിക്കുന്ന സാഹചര്യത്തില്‍ ഈ പഠന റിപ്പോര്‍ട്ട് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ഉയര്‍ന്ന രോഗ നിരക്ക് വൈറസ് വകഭേദങ്ങളുടെ സാന്നിധ്യം മൂലമാകാമെന്ന സൂചനയാണ് റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നത്. ഇന്ത്യ അതീവ ശ്രദ്ധ നല്‍കേണ്ട, ലോകത്തിന്റെ പലയിടങ്ങളിലും ആശങ്കയുണ്ടാക്കിയ വൈറസ് വകഭേദങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, നൈജീരിയ എന്നിവിടങ്ങളില്‍ കണ്ടെത്തിയിട്ടുള്ള വൈറസുകളെയും ഇവയുടെ ഗണത്തില്‍ പെട്ട മറ്റ് വൈറസുകളെയും കരുതിയിരിക്കണമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. ആന്ധ്രപ്രദേശില്‍ കൂടുതലായി കാണപ്പെട്ട N440K എന്ന വകഭേദവും ഈ പട്ടികയിലുണ്ട്.
ഇന്ത്യയിലെ 22 ഓളം സംസ്ഥാനങ്ങളിലെ 35 ലബോറട്ടറികളില്‍ നിന്നുള്ള വിവരങ്ങള്‍ സമന്വയിപ്പിച്ചാണ് പഠനം നടന്നത്.
ജനിതക വ്യതിയാനങ്ങള്‍ വൈറസിന്റെ രോഗവ്യാപന ശേഷിയലും ആന്റിജന്‍ ഉല്‍പ്പാദന ശേഷിയിലുമുണ്ടാക്കുന്ന മാറ്റങ്ങള്‍ കണ്ടെത്തുന്നതിനായി SARS-CoV-2ന്റെ ജനിതക വ്യതിയാനങ്ങള്‍ ലോകം നിരന്തരമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് പേപ്പര്‍ പറയുന്നു. ഭൂരിഭാഗം വ്യതിയാനങ്ങള്‍ക്കും നേരിയ തോതിലുള്ള പരിണിതഫലങ്ങളോ അല്ലെങ്കില്‍ പരിണിത ഫലങ്ങള്‍ ഇല്ലാതിരിക്കുകയോ ആണ് കാണുന്നതെങ്കിലും, ചിലപ്പോള്‍ മറ്റ് വകഭേദങ്ങള്‍ക്ക് മേല്‍ പ്രബലത നേടാന്‍ ജനിതക വ്യതിയാനങ്ങളിലൂടെ വൈറസിന് സാധിക്കുന്നു. ACE2 റിസെപ്ടര്‍ വഴി മനുഷ്യകോശങ്ങളിലെത്താന്‍ സ്‌പൈക് പ്രോട്ടീന്‍ ആണ് വൈറസ് ഉപയോഗപ്പെടുത്തുന്നത്. അതിനാല്‍ സ്‌പൈകിലുണ്ടാകുന്ന ജനിതക വ്യതിയാനങ്ങള്‍ മൂലം മനുഷ്യകോശവുമായി കൂടിച്ചേരാനുള്ള വൈറസിന്റെ ശേഷി വര്‍ധിക്കുകയും എളുത്തില്‍ വൈറസ് ശരീരത്തിലെത്തുകയും ചെയ്യുന്നു. വൈറസ് പ്രതിരോധത്തെ നിര്‍വീര്യമാക്കാന്‍ വ്യതിയാനങ്ങളിലൂടെ വൈറസുകള്‍ക്ക് സാധിക്കുമെന്നതിനാല്‍ ആന്റിബോഡി ഉപയോഗിച്ചുള്ള ചികിത്സാരീതികളുടെ ഫലപ്രാപ്തിക്കായി ഇത്തരം വ്യതിയാനങ്ങളെ നിരീക്ഷണ വിധേയമാക്കേണ്ടത് അനിവാര്യമാണെന്ന് പഠനം അഭിപ്രായപ്പെടുന്നു.
കഴിഞ്ഞിടെ ആശങ്കയുണ്ടാക്കിയ N439K, N440K, Q493K , E484K, തുടങ്ങിയ സ്‌പൈക് വ്യതിയാനങ്ങളില്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള 42 ശതമാനം സാംപിളുകളില്‍ N440Kയും മഹാരാഷ്ട്രയില്‍ നിന്നുള്ള മൂന്ന് സാംപിളുകളില്‍ E484Kയും കണ്ടെത്തി. ബാക്കി വ്യതിയാനങ്ങള്‍ ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ലെങ്കിലും കൃത്യമായ നിരീക്ഷണം ആവശ്യമാണെന്ന് പഠനം പറയുന്നു. ഇന്ത്യയില്‍ പ്രധാനമായി കാണുന്ന നോവല്‍ കൊറോണ വൈറസിന്റെ 61 സമാനമല്ലാത്ത വകഭേദങ്ങളും ഇന്ത്യയില്‍ എല്ലായിടത്തും ഒരുപോലെ കാണപ്പെടുന്നില്ല. താരതമ്യേന പുതിയ വകഭേദങ്ങള്‍ ആയതിനാലാകാം അവ ഇന്ത്യന്‍ സാംപിളുകളില്‍ ഒരുപോലെ കാണപ്പെടുത്തതെന്നാണ് ഗവേഷകരുടെ അഭിപ്രായം. എന്നാല്‍ വളരെ പെട്ടന്ന് വ്യാപിക്കാനും വാക്‌സിനടക്കമുള്ളവയുടെ പ്രതിരോധങ്ങളെ മറികടക്കാനും കഴിയുന്നവയാണ് ഇവയെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കോവിഡ്-19 പകര്‍ച്ചവ്യാധി രണ്ടാംവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, പുതിയതും തീവ്രതയേറിയതുമായ വകഭേദങ്ങളെയും പ്രാദേശികമായി രോഗം പൊട്ടിപ്പുറപ്പെടുന്നതും കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ് പഠനം പ്രധാനമായും നല്‍കുന്നത്.