Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുഎസ് സൈനികരുടെ പിന്മാറ്റം വൈകും : അഫ്ഗാനില്‍ ബൈഡനെ കാത്തിരിക്കുന്നത് വിദേശനയ പരീക്ഷണം

1 min read

ഫലം കാണാതെ യുഎസ് സേനാ പിന്മാറ്റം

അക്രമം അവസാനിപ്പിക്കാതെ താലിബാന്‍

താലിബാന്‍റെ ഉറപ്പുകള്‍ ഇന്നും അവ്യക്തം

അഫ്ഗാന്‍ തുടര്‍ചര്‍ച്ചയ്ക്കുവേണ്ടി പാക് ശ്രമം

ബൈഡന്‍റെ ഗുഡ് ബുക്കില്‍ സ്ഥാനമുറപ്പിക്കാനും ഇസ്ലാമബാദ് കരുക്കള്‍ നീക്കുന്നു

 

ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ മ്യാന്‍മാറിനു പിന്നാലെ അടുത്ത വിദേശനയ പരീക്ഷണത്തെ നേരിടാനൊരുങ്ങുകയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈനികരെ പൂര്‍ണമായും പിന്‍വലിക്കുന്നതുസംബന്ധിച്ച തീരുമാനം നടപ്പാക്കേണ്ടത് ബൈഡനാണ്. ഇവിടെ മികച്ചതോ അനായാസമായതോ ആയ ഒരു തെരഞ്ഞെടുക്കല്‍ ഉണ്ടാകില്ല. നിലവിലെ നയ അവലോകനത്തിന്‍റെ ഫലം എന്തുതന്നെയായാലും അത് യുഎസിനെയും നാറ്റോ സേനയെയും അപകടത്തിലാക്കിയേക്കും. ഇക്കാരണത്താലാണ് തിടുക്കത്തില്‍ ഒരു പിന്മാറ്റം ഉണ്ടാകില്ലെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പ്രസ്താവിച്ചത്. അക്രമങ്ങള്‍ കുറയ്ക്കുന്നതിനൊപ്പം അഫ്ഗാന്‍ സമാധാന ചര്‍ച്ചയില്‍ കൂടുതല്‍ പുരോഗതി ആവശ്യമാണ്. ആക്രമണങ്ങളില്‍ നിന്ന് തങ്ങളേയും അവരുടെ അഫ്ഗാന്‍ പങ്കാളികളേയും പ്രതിരോധിക്കാനുള്ള അവകാശവും ഉത്തരവാദിത്തവും യുഎസ് കമാന്‍ഡര്‍മാര്‍ക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഎസില്‍ നിന്നുള്ള സൂചനകള്‍ ഇവിടെ വ്യക്തമാണ്. സേനാ പിന്മാറ്റത്തിനായി മെയ് ഒന്ന് എന്ന തീയതി നിശ്ചയിച്ചത് അന്തിമ തീരുമാനമല്ല. അതായത് ബാക്കിയുള്ള 2500 യുഎസ് സൈനികരും അയ്യായിരത്തോളം നാറ്റോ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ സേനാംഗങ്ങളും അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറുന്നതിന് കാലതാമസം ഉണ്ടാകാം. ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ച വേണ്ടിവരും. ഇവിടെ പാക്കിസ്ഥാന്‍ വീണ്ടും സെന്‍റര്‍ സ്റ്റേജിലെത്തും. കാരണം താലിബാനുമായി യുഎസ് നടത്തുന്ന സമാധാന ചര്‍ച്ചകളിലെ മധ്യസ്ഥരായിരുന്നു ഇസ്ലാമബാദ്. പാക് കരസേനാ മേധാവി ജനറല്‍ ഖമര്‍ ബജ്വ ഇതിനകം തന്നെ ഈ വിഷയങ്ങളില്‍ ഇടപെട്ടുതുടങ്ങിയതായാണ് സൂചന. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ താലിബാന്‍ നേതാക്കളെ വിളിച്ച് സമയപരിധി നീട്ടണമെന്ന് അഭ്യര്‍ത്ഥിക്കണമെന്ന് യുഎസ് സെന്‍റ്കോം കമാന്‍ഡര്‍ ജനറല്‍ കെന്നത്ത് മക്കെന്‍സി ജൂനിയറിനോട് ബജ്വ പറഞ്ഞിരുന്നു. ഇവിടെ താലിബാന്‍റെ നിയമസാധുതയാണ് കരസേനാ മേധാവി ലക്ഷ്യമിടുന്നത്. പുതിയ യുഎസ് ഭരണകൂടത്തില്‍നിന്നും അനുഭാവപൂര്‍വമായ നടപടികള്‍ ബജ്വ പ്രതീക്ഷിക്കുന്നു. കൂടാതെ ഇവിടെ അഫ്ഗാനെ മാറ്റിനിര്‍ത്തിക്കൊണ്ട് പാക്കിസ്ഥാന്‍റെ സ്വാധീനം ഉയര്‍ത്താനും അദ്ദേഹം ലക്ഷ്യമിടുന്നു.

  ഗ്ലോബല്‍ ടെസ്റ്റേഴ്സ് സമ്മിറ്റ് 2024

യുഎസ് സൈനികരുടെ പിന്മാറ്റം എന്ന് യാഥാര്‍ത്ഥ്യം അംഗീകരിക്കുമ്പോഴും അതിനുള്ള സമയപരിധി സംബന്ധിച്ച് ഇന്ത്യ ആശങ്കാകുലരാണ്. അഫ്ഗാന്‍ സുരക്ഷാ സേനയ്ക്കും അവിടുത്തെ രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ താലിബാന്‍ തുടരുന്ന ആക്രമണങ്ങള്‍ ആണ് ഇതിനുകാരണം. ട്രംപ് ഭരണകൂടത്തിന്‍റെ അവസാന നാളുകളില്‍ ആയിരക്കണക്കിന് യുഎസ് സൈനികര്‍ തിരികെ പോയതിനാല്‍ വ്യവസ്ഥകള്‍ അടിസ്ഥാനമാക്കിയുള്ള പിന്മാറ്റം ഫലം കണ്ടില്ല. പിന്മാറ്റത്തിനുപകരമായി താലിബാന്‍ അക്രമം അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ ഇന്ന് യുഎസ്,നാറ്റോ സൈനികര്‍ക്ക് താലിബാനെതിരെ ആക്രമണം നടത്തേണ്ട സ്ഥിതിയാണ് അവിടെ ഉള്ളത്. സമാധാന ചര്‍ച്ചയുടെ യാതൊരു ഫലങ്ങളും അഫ്ഗാനില്‍ ഉണ്ടായിട്ടില്ല. വെടിനിര്‍ത്തല്‍ എവിടെയും യാഥാര്‍ത്ഥ്യമായില്ല. താലിബാന്‍ അല്‍-ഖ്വയ്ദയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന ഏറ്റവും പ്രധാനപ്പെട്ട യുഎസ് ആവശ്യവും കരാറിലെ വസ്തുതകളും ഉറപ്പുകളും ധാരണകളും വാക്കാല്‍ അംഗീകരിക്കപ്പെട്ടിരിക്കാം. യുഎസ് സ്പെഷ്യല്‍ റെപ്രസന്‍റേറ്റീവ് സല്‍മൈ ഖലീല്‍സാദ് മാത്രമാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തെന്ന് അറിയുന്ന വ്യക്തി. അദ്ദേഹം പഷ്തോയില്‍ താലിബാന്‍ നേതാക്കളുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.

അദ്ദേഹം തയ്യാറാക്കിയ കരാര്‍ പ്രകാരം, മെയ് ഒന്നിനകം സൈനികരെ പൂര്‍ണമായും പിന്‍വലിക്കുന്നതുള്‍പ്പെടെ 10 വ്യക്തമായ നടപടികള്‍ക്ക് യുഎസ് പ്രതിജ്ഞാബദ്ധമാണ്. യുഎസിന്‍റെ മിക്ക ഉറപ്പുകളും പൂര്‍ണമായും പരിശോധിക്കാവുന്നതാണ്. എന്നാല്‍ താലിബാന്‍റെ വാഗ്ദാനങ്ങള്‍ അവ്യക്തമാണെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. യുഎസിന്‍റെയോ സഖ്യകക്ഷികളുടെയോ സുരക്ഷയ്ക്ക് ഭീഷണിയാകാന്‍ അഫ്ഗാനിസ്ഥാന്‍റെ മണ്ണ് ഉപയോഗിക്കാന്‍ തീവ്രവാദ ഗ്രൂപ്പുകളെ അനുവദിക്കില്ല എന്ന താലിബാന്‍ വാദം പരിശോധിക്കാന്‍ പോലും കഴിയാത്തതാണ്. താലിബാന്‍ നല്‍കിയ ഏഴ് ഉറപ്പുകളില്‍ ഒന്നുമാത്രമാണ് വസ്തുനിഷ്ഠമായും പരസ്യമായും പരിശോധിക്കാന്‍ കഴിയുന്നത്.

  അപ്സ്റ്റോക്സ് ഇന്‍ഷുറന്‍സ് വിതരണ രംഗത്തേക്ക്

സാധാരണഗതിയില്‍, അമേരിക്കക്കാര്‍ തങ്ങള്‍ക്ക് അനുകൂലമായാണ് കരാറുകള്‍ തയ്യാറാക്കുന്നത്. പക്ഷേ അഫ്ഗാന്‍ സമാധാന കരാര്‍ അങ്ങനെയൊന്നല്ല. ചില യുഎസ് വിദഗ്ധര്‍ ആറുമാസത്തെ കാലാവധി ദീര്‍ഘിപ്പിക്കല്‍ നിര്‍ദ്ദേശിച്ചു.യുഎസുമായുള്ള സമാധാന കരാര്‍ മുഴുവന്‍ പുന:ക്രമീകരിക്കുക എന്നതാണ് ആശയം. അന്താരാഷ്ട്ര നിയമസാധുത ആഗ്രഹിക്കുന്ന താലിബാന്‍ യുഎന്‍ ഉപരോധം പിന്‍വലിക്കണമെന്ന് ദീര്‍ഘകാലമായി ആവശ്യപ്പെട്ടിരുന്നു. “കരാര്‍ പൂര്‍ണമായി നടപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന്” താലിബാന്‍ നേതാവ് മുല്ല അബ്ദുല്‍ ഘാനി ബരാദര്‍ അമേരിക്കയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തന്‍റെ വാദം ഉറപ്പിക്കുന്നതിനായി അഫ്ഗാന്‍ ജനങ്ങളില്‍ ഭൂരിഭാഗവും “ഇസ്ലാമിക് എമിറേറ്റിനെ” പിന്തുണയ്ക്കുന്നു എന്നും വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക നിയമപ്രകാരമുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ അനുവദിക്കുമെന്നും പോപ്പി കൃഷി തടയുമെന്നും ബരാദര്‍ പറഞ്ഞു.

എന്നാല്‍ ഈ സാഹചര്യത്തില്‍ യുഎസ് സേനാ പിന്മാറ്റത്തിന് കാലതാമസം ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. വാഷിംഗ്ടണില്‍ നിന്നുള്ള ഏകപക്ഷീയമായ ഏതു പ്രഖ്യാപനവും കരാര്‍ റദ്ദാക്കാനും താലിബാനെതിരായ ആക്രമണത്തിന് പാശ്ചാത്യ ശക്തികളെ ഒരുക്കാനും പര്യാപ്തമാണ്. ബൈഡന്‍ ഭരണകൂടത്തിന്‍റെ നയ അവലോകനം ഈ ആഴ്ച പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനുശേഷം ഖലീല്‍സാദ് ദോഹ, ഇസ്ലാമാബാദ്, ഒരുപക്ഷേ ന്യൂഡെല്‍ഹി എന്നിവിടങ്ങളിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നു. അമേരിക്കയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വിശകലന വിദഗ്ധര്‍ പറയുന്നത് യുഎസ് ഭരണകൂടം അവര്‍ ആഗ്രഹിക്കുന്ന പ്രധാന നിര്‍ദേശത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ്. അത് അല്‍-ഖ്വയ്ദയുമായുള്ള ബന്ധം താലിബാന്‍ വിച്ഛേദിക്കുന്നതുസംബന്ധിച്ചായിരിക്കണം. അതിനു താലിബാന് കഴിയുമോ എന്നത് ഈ സാഹചര്യത്തില്‍ പ്രസക്തമായ ചോദ്യമാണ്.

  സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം

അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഘാനിയുടെ സര്‍ക്കാര്‍ എന്തുചെയ്യാന്‍ തീരുമാനിച്ചാലും അതിജീവിക്കാന്‍ കഴിയാത്തവിധം അഴിമതി നിറഞ്ഞതും ദുര്‍ബലവുമാകാം. സമയപരിധിയിലെ ഏത് മാറ്റവും കണക്കിലെടുക്കാതെ വിജയം അടുത്തുവെന്ന് വിശ്വസിക്കുന്നതിനാല്‍ താലിബാന്‍ ആക്രമണം തുടരുകയും ചെയ്യും. ഇത് ആരാജ്യത്ത് അരാജകത്വം സൃഷ്ടിക്കും. അഴിമതി നിറഞ്ഞതും ദുര്‍ബലവുമായ സര്‍ക്കാരുകള്‍ക്ക് അതിജീവിക്കാന്‍ കഴിയുമെങ്കില്‍ ഘാനിക്കും അത് കഴിയുമെന്ന് ഒരു നിരീക്ഷകന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 9/11 ന് മുമ്പ് അഫ്ഗാനികള്‍ വലിയ സഹായമില്ലാതെയാണ് താലിബാനോട് യുദ്ധം ചെയ്തത്. ഇത്തവണ അവര്‍ മികച്ച തയ്യാറെടുപ്പിലാണ്. അതേസമയം യാഥാര്‍ത്ഥ്യം ദയനീയമാണ്. യുഎസ്, നാറ്റോ സൈനികരെ ആക്രമിക്കുന്നതില്‍ നിന്ന് താലിബാന്‍ വിട്ടുനില്‍ക്കുന്നുണ്ട്. എന്നാല്‍ അഫ്ഗാന്‍ സുരക്ഷാ സേനയെയും വനിതാ ജഡ്ജിമാരെയും പത്രപ്രവര്‍ത്തകരെയും എന്‍ജിഒകളെയും സര്‍ക്കാര്‍ ജീവനക്കാരെയും താലിബാന്‍ നിരന്തരം ലക്ഷ്യമിടുന്നു.

ഇവിടെ വീണ്ടും താലിബാന്‍ സമാധാന കരാര്‍ പൊടിതട്ടിയെടുക്കാനുള്ള ശ്രമമാണ് പാക്കിസ്ഥാന്‍ നടത്തുന്നത്. താലിബാന്‍ ചെറുത്തുനില്‍ക്കുന്ന കാലത്തുമാത്രമാണ് ഇസ്ലാമബാദിന് ഇവിടെ പ്രസക്തി. അതുവഴി ബൈഡന്‍ ഭരണകൂടത്തിന്‍റെ ഗുഡ് ബുക്കില്‍ കയറാനാകുമോ എന്ന ശ്രമമാണ് അവര്‍ നടത്തുന്നത്. അതിനായി അയല്‍ രാജ്യത്ത് രക്തച്ചൊരിച്ചില്‍ ഉണ്ടായാലും പ്രശ്നമില്ല എന്ന നിലപാട് പാക് ഭരണകൂടം പുലര്‍ത്തുന്നു. ബൈഡന്‍ ഭരണകൂടം അഫ്ഗാനിലേക്ക് ഉറ്റുനോക്കണമെന്ന് ഇസ്ലാമബാദ് ആഗ്രഹിക്കുന്നു. താലിബാന് ആയുധങ്ങളും പണവും എത്തുന്നത് പാക്കിസ്ഥാനില്‍നിന്നാണ്. പരിശീലനവും അവിടെയാണ്. താലിബാന് പാക്കിസ്ഥാനില്‍ ഓഫീസുവരെ ഉണ്ടെന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇക്കാരണത്താല്‍ താലിബാനും പാക്കിസ്ഥാനുവേണ്ടി വാദിക്കുന്നു. ഇവിടെയാണ് ബൈഡന്‍ ഭരണകൂടത്തിന്‍റെ വിദേശ നയത്തിലെ പരീക്ഷണം ഒരുങ്ങുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ യുഎസ് ഭരണകൂടത്തിന്‍റെ നിലപാടിനായി കാതോര്‍ക്കുന്നതും ഇക്കാരണത്താലാണ്.

Maintained By : Studio3