പുതുഉയരങ്ങളിലേക്ക് കുതിച്ച് ഓഹരി വിപണി
1 min readബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യം 200 ലക്ഷം കോടി കടന്നു
ഇത് അഭിമാനനിമിഷമെന്ന് ബിഎസ്ഇ സിഇഒ ആശിഷ്‌കുമാര്‍ ചൗഹാന്‍
സെന്‍സെക്‌സ് 358.54 പോയ്ന്റ് നേട്ടത്തോടെ 50,614.29ല്‍ വ്യാപാരം അവസാനിപ്പിച്ചു
മുംബൈ: പുതുചരിത്രം രചിച്ച് ഇന്ത്യന്‍ ഓഹരി വിപണി. തുടര്‍ച്ചയായ നാലാം ദിവസവും വിപണിയില്‍ വമ്പന്‍ കുതിപ്പ് തുടരുന്നു. പല കോര്‍പ്പറേറ്റ് കമ്പനികളുടെയും പാദഫലങ്ങളില്‍ വന്ന അപ്രതീക്ഷിതമായ മുന്നേറ്റം വിപണിയെ ആവേശത്തിലാഴ്ത്തി. എഫ്എംസിജി, ബാങ്കിംഗ് സ്റ്റോക്കുകള്‍ക്ക് വന്‍ ആവശ്യകതയായിരുന്നു
മൂലധന ചെലവിടല്‍ കൂട്ടാനുള്ള സര്‍ക്കാരിന്റെ തീരുമാനവും വിപണിയുടെ കുതിപ്പിന് ഗുണം ചെയ്തു. വിദേശ ഫണ്ടുകളുടെ ഒഴുക്ക് ശക്തമായതും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതും വിപണിയില്‍ പോസിറ്റീവ് പ്രഭാവം ചെലുത്തി.
സെന്‍സെക്‌സ് 358.54 പോയ്ന്റ് നേട്ടത്തോടെ 50,614.29ല്‍ വ്യാപാരം അവസാനിപ്പിച്ചു. .71 ശതമാനമാണ് വര്‍ധന. നിഫ്റ്റിയില്‍ 10.70 പോയ്ന്റിന്റെ കുതിപ്പാണുണ്ടായത്. 14895.65ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. റെക്കോര്‍ഡ് ഉയരത്തിലാണ് ഇരുസൂചികകളും വ്യാപാരം അവസാനിപ്പിച്ചതെന്നത് ശ്രദ്ധേയമായി.
കേന്ദ്ര ബജറ്റില്‍ സ്വകാര്യവല്‍ക്കരണത്തിന് വലിയ ഊന്നല്‍ ലഭിച്ചതും ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയില്‍ പുനസംഘടന വരുത്താന്‍ തീരുമാനമായതും എല്ലാം വിപണിയില്‍ ചലനങ്ങളുണ്ടാക്കി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം ഇതാദ്യമായി 200 ലക്ഷം കോടി രൂപ കടന്നു. എഫ്എംസിജി സ്റ്റോക്കായ ഐടിസി മുന്നേറ്റം തുടര്‍ന്നു. ബജറ്റിന് ശേഷം ഐടിസിയുടെ ഓഹരിയിലുണ്ടായത് 13 ശതമാനം വര്‍ധനയാണ്.
അതേസമയം കിഷോര്‍ ബിയാനിക്ക് സെബി വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം നടത്തിയത്. ബ്രൂക്ക്ഫീല്‍ഡ് ആര്‍ഇഐടിയുടെ ഐപിഒ രണ്ടാം ദിവസം 45 ശതമാനം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു.
200 ലക്ഷം കോടി രൂപയെന്ന വലിയ സംഖ്യ പിന്നിട്ടതില്‍ വലിയ സന്തോഷമുണ്ട്. രാജ്യത്തിന്റെ പ്രാഥമിക വെല്‍ത്ത് ക്രിയേറ്ററായി ബിഎസ്ഇ തുടരുന്നു എന്നതില്‍ അഭിമാനവുമുണ്ട്-ബിഎസ്ഇയുടെ എംഡിയും സിഇഒയുമായ ആശിഷ്‌കുമാര്‍ ചൗഹാന്‍ പറഞ്ഞു.
ബ്ലൂചിപ്പ് ഓഹരികളില്‍ എസ്ബിഐയാണ് ഏറ്റവുമധികം നേട്ടം കൊയ്തത്. 6.55 ശതമാനം വര്‍ധനയാണ് എസ്ബിഐ നേടിയത്. ഐടിസി, ബജാജ് ഫൈനാന്‍സ്, ശ്രീ സിമന്റ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, എംആന്‍ഡ്എം, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ കമ്പനികളും മികച്ച നേട്ടമുണ്ടാക്കി.
ഇന്ന് ചേരുന്ന ആര്‍ബിഐയുടെ ധനനയസമിതിയുടെ യോഗത്തിലെ തീരുമാനങ്ങള്‍ വിപണിയില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്. പലിശനിരക്കുകളില്‍ ആര്‍ബിഐ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.