യുഎസുമായുള്ള ഉഭയകക്ഷി ബന്ധം; പാക്ശ്രമങ്ങള്‍ക്ക് തിരിച്ചടി
ഇസ്ലാമബാദ്: യുഎസുമായുള്ള ഉഭയകക്ഷിബന്ധം സാധാരണനിലയിലാക്കാനുള്ള പാക്കിസ്ഥാന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. പാക്ശ്രമങ്ങള്‍ക്കുമറുപടിയായി ജോ ബൈഡന്‍ ഭരണകൂടം ഉദാസീനമായ നിലപാടാണ് കൈക്കൊള്ളുന്നതെന്ന് ഇസ്ലാമബാദിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. യുഎസിലെ പുതിയ ഭരണനേതൃത്വവുമായി മെച്ചപ്പെട്ട ബന്ധങ്ങള്‍ നേടിയെടുക്കാമെന്ന് ഇമ്രാന്‍ ഖാന്‍ ഭരണകൂടം കരുതിയിരുന്നു.
പാക്കിസ്ഥാനെപ്പറ്റി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് മുന്‍പുതന്നെ വ്യക്തമായ ധാരണയുള്ളത് ഇസ്ലാമബാദിന് കാര്യങ്ങള്‍എളുപ്പമാകാന്‍ സഹായിക്കുമെന്ന് അവര്‍ കരുതി. ബൈഡന്‍ മുമ്പ് വൈസ് പ്രസിഡന്‍റായിരുന്ന കാലത്ത് പാക്കിസ്ഥാനുമായി നിരവധി തവണ ഇടപെടല്‍ നടത്തിയിരുന്നു. സുരക്ഷയുടെയും സാമ്പത്തിക സഹകരണത്തിന്‍റെയും അടിസ്ഥാനത്തില്‍ യുഎസുമായുള്ള ബന്ധം പുനഃസജ്ജമാക്കുന്നതിനായിരുന്നു പാക് ശ്രമം. എന്നാല്‍ ഇതുവരെ ഇസ്ലാമബാദിന്‍റെ ശ്രമങ്ങള്‍ക്ക് തണുത്ത പ്രതികരണം മാത്രമാണ് വാഷിംഗ്ടണില്‍നിന്ന് ലഭ്യമായിട്ടുള്ളതമെന്ന് പാക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു.
സാമ്പത്തിക സഹകരണം തേടുന്നതിലും സുരക്ഷാ സഹകരണം ആശ്രയിക്കുന്നതിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ബൈഡന്‍ ഭരണകൂടവുമായി ഇടപഴകുന്നതിനുള്ള വിശാലമായ അജണ്ട ആവിഷ്കരിക്കുന്നതിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒരു സുപ്രീം സമിതി രൂപീകരിച്ചിരുന്നു. മെച്ചപ്പെട്ട വ്യാപാര ബന്ധങ്ങള്‍, ഊര്‍ജ്ജം, കാലാവസ്ഥാ വ്യതിയാനം, നിക്ഷേപം എന്നിവയാണ് പാക്കിസ്ഥാന് യുഎസ് സഹകരണം തേടേണ്ട പ്രധാന മേഖലകള്‍.
യുഎസുമായുള്ള ബന്ധം “ഉഭയകക്ഷി ലെന്‍സിലൂടെ” മാത്രം ആവിഷ്കരിക്കുന്നതിനാണ് ഇസ്ലാമബാദിന് താല്‍പ്പര്യം. അല്ലാതെ ചൈനയുടെയോ ഇന്ത്യയുടെയോ മാതൃകയിലൂടെയല്ലെന്ന് പാക്കിസ്ഥാന്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു. ചൈനീസ് ,ഇന്ത്യന്‍ വീക്ഷണത്തിലൂടെ പാക്കിസ്ഥാനെ യുഎസ് നോക്കിക്കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്ന് ചുരുക്കം. “എന്നിരുന്നാലും, പുതിയ യുഎസ് ഭരണകൂടം ഇതുവരെ ഞങ്ങള്‍ക്ക് ഒരു നല്ല സൂചന നല്‍കിയിട്ടില്ല എന്നതാണ് പ്രശ്നം,”ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.
പുതിയ യുഎസ് പ്രസിഡന്‍റ് വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരുമായി, പ്രത്യേകിച്ച് സഖ്യകക്ഷികളോട് സംസാരിക്കുന്നു.അധികാരത്തിലേറി ഇത്രയും മാസമായിട്ടും ബൈഡന്‍ ഇതുവരെ ഇമ്രാന്‍ ഖാനുമായി ഫോണില്‍ സംസാരിച്ചിട്ടില്ല.നേരിട്ട് ബന്ധപ്പെടാനുള്ള പാക്കിസ്ഥാന്‍റെ അഭ്യര്‍ത്ഥനയും യുഎസ് അവഗണിച്ചു. മറുവശത്ത്, അദ്ദേഹം ഇതിനകം അഫ്ഗാന്‍ പ്രസിഡന്‍റുമായും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായും സംസാരിച്ചു എന്നത് ഖാന്‍ ഭരണകൂടത്തിന് ക്ഷീണമാണ്.
അതിനാല്‍ ഒരു ഫോണ്‍ വിളിക്കായി അവര്‍ കാത്തിരിക്കുന്നു. യുഎസ് ആകട്ടെ ഇത് പരമാവധി വൈകിപ്പിക്കുകയും ചെയ്യുന്നു. യുസിന്‍റെ ഈ നീക്കം പാക്കിസ്ഥാവില്‍ പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാന്‍ സമാധാന പ്രക്രിയയില്‍ പാക്കിസ്ഥാന്‍റെ പ്രധാന പങ്കും തുടര്‍ന്നുള്ള ചര്‍ച്ചകളും വരും ദിവസങ്ങളില്‍ ഇമ്രാന്‍ ഖാനുമായി സംസാരിക്കാന്‍ ബൈഡനെ പ്രേരിപ്പിക്കുമെന്ന് ഇസ്ലാമാബാദ് പ്രതീക്ഷിക്കുന്നു.