യഥാര്‍ത്ഥ വിജയം ടിഡിപിയുടേത് :ലോകേഷ്
അമരാവതി: സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംഖ്യാടിസ്ഥാനത്തില്‍ വൈ എസ് ആര്‍ സി പി സീറ്റുകള്‍ നേടിയെങ്കിലും ടിഡിപിയുടേതാണ് യഥാര്‍ത്ഥ വിജയമെന്ന് തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) ദേശീയ ജനറല്‍ സെക്രട്ടറി നാര ലോകേഷ്. തെരഞ്ഞെടുപ്പില്‍ ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ജനാധിപത്യത്തെ പരിഹസിച്ചുവെന്നും ഭരണഘടനയനുസരിച്ച് വോട്ടെടുപ്പ് നടന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ടിഡിപിയുടെ ചില സ്ഥാനാര്‍ത്ഥികളെ കെട്ടിയിട്ട് തല്ലിച്ചതച്ച സംഭവംവരെ ഉണ്ടായി. എന്നിട്ടും അവര്‍ പിന്മാറിയില്ലെന്നും ലോകേഷ് അവകാശപ്പെട്ടു.
‘വോട്ടെണ്ണലില്‍ കുറച്ച് സ്ഥാനാര്‍ത്ഥികള്‍ മുന്നേറിയപ്പോള്‍, വൈദ്യുതി നിലച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പൂട്ടി, പോലീസ് ഭീഷണി നേരിട്ടു. ആക്രമണങ്ങള്‍ നടന്നു,’ ടിഡിപി നേതാവ് ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ടിഡിപി വിജയിച്ച ചില സ്ഥലങ്ങളില്‍ വൈ എസ് ആര്‍ സി പി അനുഭാവികളെ വിജയികളായി പ്രഖ്യാപിക്കാന്‍ വീണ്ടും ശ്രമിച്ചു. മുമ്പെങ്ങുമില്ലാത്തവിധം അക്രമം സംസ്ഥാനത്ത് അരങ്ങേറി. എങ്കിലും ടിഡിപി പ്രവര്‍ത്തകര്‍ അവയെ സധൈര്യം നേരിട്ടു. എല്ലാവര്‍ക്കും ഞാന്‍ അഭിവാദ്യം അര്‍പ്പിക്കുന്നു’ അദ്ദേഹം പറഞ്ഞു.
വൈ എസ് ആര്‍ സി പി സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്തെ സമാധാനപരമായ അന്തരീക്ഷം നഷ്ടപ്പെട്ടു. അതിക്രമങ്ങള്‍ ആന്ധ്രയിലുടനീളം നിത്യ സംഭവമായി. സുരക്ഷിതമായി ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥ വന്നു. ഇപ്പോള്‍ അധികരാരത്തിന്‍റെ കരുത്തിന്‍റെ തെരഞ്ഞെടുപ്പിനെ നോക്കുകുത്തിയാക്കി. ഇതിന് ജഗന്‍ സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നും ലോകേഷ് മുന്നറിയിപ്പ് നല്‍കി. അതേസമയം തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷം നേടിയ ഭരണകക്ഷി ടിഡിപിയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.