ഈ വര്‍ഷം ശുഭപ്രതീക്ഷയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ
1 min read- ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് അതിവേഗം
- കൊറോണ വാക്‌സിന്‍ കുത്തിവെപ്പ് ഗുണം ചെയ്തു
- നോമുറ ഇന്ത്യ ബിസിനസ് റിസംപ്ഷന്‍ ഇന്‍ഡക്‌സ് 93.4 ആയി ഉയര്‍ന്നു
ന്യൂഡെല്‍ഹി: ഉല്‍സവ സീസണിന് പിന്നാലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശുഭപ്രതീക്ഷ നിലനിര്‍ത്തിപ്പോരുമെന്ന് പഠനം. സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് അതിവേഗം തിരിച്ചെത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കോവിഷീല്‍ഡ്, കൊവോക്‌സിന്‍ എന്നിവയുടെ കുത്തിവെപ്പ് തുടങ്ങിയതും സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് ആക്കം കൂട്ടി.
നോമുറയുടെ പുതിയ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ഇന്ത്യ മികച്ച സാമ്പത്തിക അന്തരീക്ഷത്തിലേക്ക് അതിവേഗത്തില്‍ തന്നെ കടക്കും. ആവശ്യകതയില്‍ വര്‍ധനയുണ്ടാകുന്നത് ത്വരിതഗതിയിലാണ്. ഒക്‌റ്റോബര്‍-ഡിസംബര്‍ കാലയളവിലെ ജിഡിപിയില്‍ മികച്ച മാറ്റം ദൃശ്യമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ജനുവരി 17ന് അവസാനിച്ച ആഴ്ച്ചയില്‍ നോമുറ ഇന്ത്യ ബിസിനസ് റിസംപ്ഷന്‍ ഇന്‍ഡക്‌സ് 93.4 ആയി ഉയര്‍ന്നിട്ടുണ്ട്. അതിന് മുമ്പുള്ള ആഴ്ച്ചയില്‍ ഇത് 93.2 ആയിരുന്നു. കോവിഡ് കാലത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 6.6 ശതമാനത്തിന്റെ വര്‍ധന മാത്രം ഇനി മതി.
സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ മികച്ച വര്‍ധനയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചരക്ക് മേഖലയിലെ ആവശ്യകതെ കോവിഡ് പൂര്‍വ കാലത്തെ കണക്കുകളിലേക്ക് എത്തുകയാണ്. അതേസമയം സേവനമേഖലയില്‍ ഇനിയും 30 ശതമാനത്തിന്റെ വര്‍ധന ആവശ്യമാണ്-എച്ച്എസ്ബിസി ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് പ്രഞ്ജുള്‍ ഭണ്ഡാരി പറയുന്നു.
പ്രതീക്ഷിച്ചതിനേക്കാളും വേഗത്തിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ്. പല മേഖലകളിലും ആവശ്യകത കൂടുകയും പ്രവര്‍ത്തനത്തില്‍ സ്ഥിരത കൈവരുകയും ചെയ്തിട്ടുണ്ട്-ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് സമീര്‍ നാരാംഗ് പറയുന്നു.
അതേസമയം ഗൂഗിള്‍ മൊബിലിറ്റി ട്രാക്കര്‍ അനുസരിച്ച് തൊഴിലിടങ്ങളിലെ മൊബിലിറ്റി പ്രവര്‍ത്തനങ്ങളില്‍ മികച്ച വര്‍ധന ദൃശ്യമാണ്. തൊഴിലില്ലായ്മ നിരക്കിലും ജനുവരി 17, 2021ലെ കണക്കനുസരിച്ച് നേരിയ കുറവ് വരുന്നതായി വിലയിരുത്തപ്പെടുന്നു. ഇ-വേ ബില്ലുകള്‍ ഡിസംബറില്‍ 2018 ഏപ്രിലിന് ശേഷമുള്ള ഉയര്‍ച്ചയിലേക്ക് എത്തിയിരുന്നു. 15.9 ശതമാനം വര്‍ധനയാണ് പോയ മാസം ഉണ്ടായത്.
സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് വാക്‌സിന്‍ കുത്തിവെപ്പിന്റെ കാര്യക്ഷമതയും വിന്യാസവും സമയക്രമവും അനുസരിച്ചാകുമെന്നാണ് ഡിബിഎസ് ബാങ്കിലെ ഇക്കണോമിസ്റ്റായ രാധിക റാവും അഭിപ്രായപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിഡിയോ കോണ്‍ഫറന്‍സിലൂടെ വാക്‌സിന്‍ കുത്തിവെപ്പിന് ശനിയാഴ്ച്ച തുടക്കം കുറിച്ചത്. രാജ്യത്തിന്റെ ഏറെ നാളായാുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് വാക്‌സിനുകളെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ദൗത്യത്തിനാണ് ഇന്ത്യയില്‍ തുടക്കം കുറിച്ചത്. രണ്ട് വാക്‌സിനുകളും മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങളാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളെടുത്ത് വികസിപ്പിക്കുന്ന വാക്‌സിനുകളാണ് കേവലം ഒമ്പ് മാസങ്ങള്‍ക്കുള്ളില്‍ വികസിപ്പിച്ചതെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമായാണ് വിലയിരുത്തപ്പെട്ടത്. കോവിഷീല്‍ഡ്, കോവാക്‌സിന്‍ വാക്‌സിനുകള്‍ക്ക് ഈ മാസം ആദ്യമാണ് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനെക്കയും ചേര്‍ന്നാണ് കോവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചത്. ഇന്ത്യയില്‍ ഇത് നിര്‍മിക്കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്. അതേസമയം കോവാക്‌സിന്‍ വികസിപ്പിച്ചത് ഭാരത് ബയോടെക്കാണ്. രണ്ട് വാക്‌സിനുകള്‍ എടുക്കുന്നതിനിടയില്‍ ഒരു മാസത്തെ ഇടവേളയുണ്ടാകും.