സ്റ്റാര്‍ട്ടപ്പിന് ഒപ്പം കൊച്ചിയില്‍ ടെക്‌നോളജി ഇന്നോവേഷന്‍ സോണ്‍
1 min read2016-നു ശേഷം രജിസ്റ്റര്‍ ചെയ്തത് 2600-ല്‍ അധികം ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍
കൊച്ചി: സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പുതിയ മുന്നേറ്റം സൃഷ്ടിക്കാന്‍ ഉതകുന്ന ടെക്‌നോളജി ഇന്നവേഷന്‍ സോണ്‍ കൊച്ചിയില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ സ്റ്റാര്‍ട്ട്അപ്പ് ഇന്‍കുബേഷന്‍ സേവനങ്ങള്‍, വിദഗ്ധ മെന്റര്‍ഷിപ്പ്, നിക്ഷേപക കണക്റ്റ്, കോര്‍പ്പറേറ്റ് കണക്റ്റ്, ഗ്ലോബല്‍ എക്‌സ്‌പോഷര്‍, ആര്‍ & ഡി സെന്ററുകള്‍, താമസ സൗകര്യം എന്നിങ്ങനെ ആവശ്യമായതെല്ലാം ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ ലഭ്യമാക്കും. കൊച്ചി മസ്‌ക്കറ്റ് ഹോട്ടലില്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത 100 ദിവസത്തിനുള്ളില്‍ 2.7 ലക്ഷം ചതുരശ്രയടിയില്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്നൊവേഷന്‍ സോണ്‍ സംസ്ഥാനത്തെ യുവ ടെക് സംരംഭകര്‍ക്ക് ലഭ്യമാക്കും. പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഹബ് ആയിരിക്കും കൊച്ചിയില്‍ വരുന്ന ടെക്‌നോളജി ഇന്നോവേഷന്‍ സോണ്‍.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ വികസത്തിന് വലിയ പ്രാധാന്യമാണ് ഈ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും 2600-ല്‍ അധികം ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളാണ് 2016-നു ശേഷം രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 30000-ല്‍ അധികം തൊഴിലവസരങ്ങളും അതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടു. നിരവധി നൂതന പദ്ധതികളും ആശയങ്ങളും പുതുതായി നടപ്പിലാക്കപ്പെട്ടു വരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.