ബെസ്റ്റ് സെല്ലിംഗ് ഇവി : ടാറ്റ നെക്‌സോണ്‍ ഇവി കുതിപ്പ് തുടരുന്നു
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോയ വൈദ്യുത വാഹനം ടാറ്റ നെക്‌സോണ്‍ ഇവി
ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോയ വൈദ്യുത വാഹനം ടാറ്റ നെക്‌സോണ്‍ ഇവി. ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് എസ് യുവി കൂടിയാണ് നെക്‌സോണ്‍ ഇവി. നെക്‌സോണ്‍ എന്ന ബ്രാന്‍ഡ് നാമം, സുരക്ഷിതത്വം, ആധുനിക സ്‌റ്റൈലിംഗ് എന്നിവയാണ് ജനങ്ങളുടെ ഇഷ്ടത്തിന് കാരണമായത്.
2020 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയില്‍ വിവിധ വാഹന നിര്‍മാതാക്കള്‍ ആകെ വിറ്റഴിച്ചത് 4,003 ഇലക്ട്രിക് വാഹനങ്ങളാണ്. 2020 ജനുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ടാറ്റ നെക്‌സോണ്‍ ഇവി വിറ്റുപോയത് 2,529 യൂണിറ്റാണ്. അതായത്, വിപണി വിഹിതം 63. 2 ശതമാനം.
എംജി സെഡ്എസ് ഇവിയാണ് രണ്ടാമത്. 1,142 യൂണിറ്റ് സെഡ്എസ് ഇവി വില്‍ക്കാന്‍ എംജി മോട്ടോറിന് കഴിഞ്ഞു. വിപണി വിഹിതം 28.5 ശതമാനം. ടാറ്റ നെക്‌സോണ്‍ ഇവി പോലെ 2020 ജനുവരിയിലാണ് എംജി സെഡ്എസ് ഇവി ഇന്ത്യയില്‍ അവതരിപ്പിച്ചത്.
ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് എസ് യുവിയായ ഹ്യുണ്ടായ് കോനയാണ് മൂന്നാം സ്ഥാനത്ത്. 2020 കലണ്ടര്‍ വര്‍ഷത്തില്‍ 223 യൂണിറ്റാണ് വിറ്റത്. 5.6 ശതമാനം വിപണി വിഹിതമാണ് നേടാന്‍ കഴിഞ്ഞത്.
ടാറ്റ മോട്ടോഴ്‌സിന്റെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ ടിഗോര്‍ ഇവിയുടെ നൂറ് യൂണിറ്റാണ് വില്‍ക്കാന്‍ കഴിഞ്ഞത്. ഇതേ കാലയളവില്‍ ഒമ്പത് യൂണിറ്റ് മഹീന്ദ്ര ഇവെരിറ്റോ മാത്രമാണ് വിറ്റത്.