ബിഗ് ബാസ്‌ക്കറ്റിന്റെ 60% ഓഹരി സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് ടാറ്റാഗ്രൂപ്പ്
1 min read‘സൂപ്പര്‍ ആപ്പ്’ അവതരിപ്പിക്കാനുള്ള ടാറ്റയുടെ ശ്രമങ്ങള്‍ക്ക് ബിഗ് ബാസ്‌ക്കറ്റ് ഇടപാട് കരുത്തേകും
ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ പലചരക്ക് പ്ലാറ്റ്ഫോമായ ബിഗ് ബാസ്‌ക്കറ്റില്‍ 200-250 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നതിന് ടാറ്റാ ഗ്രൂപ്പ് ഒരുങ്ങുന്നു. ബിഗ് ബാസ്‌ക്കറ്റിന്റെ ഭൂരിപക്ഷം ഓഹരികള്‍ സ്വന്തമാക്കുന്നതിനുള്ള വലിയ ഇടപാടിന്റെ പ്രാരംഭ ഘട്ടം എന്ന നിലയിലാണിത്. ഇതു സംബന്ധിച്ച് മാസങ്ങളായി തുടരുന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ അവസാന ഘട്ടത്തില്‍ എത്തിയിട്ടുണ്ട്. ബിഗ് ബാസ്‌ക്കറ്റിന്റെ പ്രാഥമിക, ദ്വിതീയ ഓഹരി വില്‍പ്പനയില്‍ പങ്കെടുത്ത് ഏകദേശം 1.3 ബില്യണ്‍ ഡോളര്‍ ടാറ്റാ ഗ്രൂപ്പ് ചെലവഴിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയിലെ ഏറ്റവും വലിയ ഇ-പലചരക്ക് കമ്പനിയുടെ 60 ശതമാനം ഓഹരികള്‍ക്കുള്ള മൂല്യമാണിത്.
നിലവില്‍ ബിഗ് ബാസ്‌ക്കറ്റിന്റെ വലിയ നിക്ഷേപകരായവരുടെ പുറത്തുകടക്കല്‍ കൂടി ഈ ഇടപാടിന്റെ ഭാഗമായി ഉണ്ടാകും. ചൈനയിലെ ഇ-കോം ഭീമനായ അലിബാബയും ഇക്വിറ്റി കമ്പനിയായ അബ്രാജ് ഗ്രൂപ്പും ബിഗ് ബാസ്‌ക്കറ്റില്‍ നിന്ന് പുറത്തുപോകും. നിലവില്‍ ഇരു കമ്പനികളും ചേര്‍ന്ന് ബിഗ് ബാസ്‌ക്കറ്റില്‍ 46 ശതമാനം ഓഹരികള്‍ കൈവശം വച്ചിട്ടുണ്ട്. കരാറിന്റെ അടിസ്ഥാനത്തില്‍ നിലവിലെ ബിഗ് ബാസ്‌ക്കറ്റ് നിക്ഷേപകരില്‍ നിന്ന് 50-60 ശതമാനം ഓഹരി വാങ്ങാന്‍ ടാറ്റ ഗ്രൂപ്പിന് കഴിയുമെന്നാണ് വിവരം. 200-300 മില്യണ്‍ ഡോളറിന്റെ പ്രാഥമിക നിക്ഷേപത്തിന്റെ കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്നും ഇക്കാര്യം ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുമെന്നും വ്യാവസായിക വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ടാറ്റാ ഗ്രൂപ്പ് തങ്ങളുടെ ഓഹരികള്‍ വാങ്ങുന്നതിനെതിരെ നിക്ഷേപകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെങ്കിലും ഉന്നത മാനേജ്മെന്റ് നിലവിലെ സ്ഥാപകര്‍ നയിക്കുന്ന ഉന്നത മാനേജ്‌മെന്റ് ബോര്‍ഡില്‍ തുടരണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍, ബിഗ് ബാസ്‌ക്കറ്റിന്റെ മൂല്യം ഏകദേശം 1.6 ബില്യണ്‍ ഡോളറാകും, ഇത് 2022-23 ഓടെ ഒരു ഐപിഒ-യിലേക്ക് നീങ്ങുന്നതിനുള്ള കമ്പനിയുടെ നീക്കങ്ങള്‍ക്ക് കരുത്ത് പകരും. നിലവില്‍ രാജ്യത്തെ ഇ-ഗ്രോസറി വില്‍പ്പനയില്‍ 50 ശതമാനത്തിന്റെ ഏറ്റവും വലിയ പങ്ക് ബിഗ് ബാസ്‌ക്കറ്റിനുണ്ട്. 18,000 ഉല്‍പ്പന്നങ്ങളും 1,000 ബ്രാന്‍ഡുകളും ഈ പ്ലാറ്റ്‌ഫോമില്‍ വില്‍ക്കുന്നു.
എല്ലാത്തരം ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി ‘സൂപ്പര്‍ ആപ്പ്’ അവതരിപ്പിക്കാന്‍ ടാറ്റ ഒരുങ്ങുന്ന സാഹചര്യത്തില്‍ ബിഗ് ബാസ്‌ക്കറ്റ് ഇടപാട് സഹായകരമാണെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയേക്കും. ഷോപ്പിംഗ് ആപ്ലിക്കേഷന്‍ ടാറ്റ സിഐക്യു, പലചരക്ക് ഇ-സ്റ്റോര്‍ സ്റ്റാര്‍ക്വിക്ക്, ഓണ്‍ലൈന്‍ ഇലക്ട്രോണിക്‌സ് പ്ലാറ്റ്‌ഫോം ക്രോമ എന്നിവയുള്‍പ്പെടെ ടാറ്റ ഗ്രൂപ്പിന്റെ വിവിധ പ്ലാറ്റ്‌ഫോമുകള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഈ ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ ഫാര്‍മസി കമ്പനിയായ 1എംജി-യില്‍ 55 ശതമാനം ഓഹരി വാങ്ങാനും ടാറ്റ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തിവരികയാണ്.