ടെസ്‌ലയെ വെല്ലാന്‍ പുതിയ ഇവി ബ്രാന്‍ഡുമായി ഗീലി
1 min readഗീലിയുടെ പുതിയ ഇവി ഉപകമ്പനിയായ ലിംഗ്‌ലിംഗ് ടെക്‌നോളജീസിന്റെ കീഴില്‍ സീക്കര്‍ എന്ന ബ്രാന്‍ഡാണ് വരുന്നത്
വോള്‍വോ, ലോട്ടസ്, പ്രോട്ടോണ്‍, ലിങ്ക് തുടങ്ങിയ കാര്‍ ബ്രാന്‍ഡുകളുടെ ഉടമസ്ഥരായ ചൈനയിലെ ഗീലി പുതിയ കാര്‍ ബ്രാന്‍ഡ് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. ഹൈ എന്‍ഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായാണ് പുതിയ ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. ഗീലിയുടെ പുതിയ ഇവി ഉപകമ്പനിയായ ലിംഗ്‌ലിംഗ് ടെക്‌നോളജീസിന്റെ കീഴില്‍ സീക്കര്‍ എന്ന ബ്രാന്‍ഡാണ് വരുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വിപണന ചുമതലയും മറ്റ് ഗീലി ബ്രാന്‍ഡുകള്‍ക്കായി പുതുതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതും ഈ കമ്പനിയുടെ ഉത്തരവാദിത്തങ്ങളായിരിക്കും.
യുഎസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ എതിരാളി എന്ന നിലയില്‍ പുതിയ ബ്രാന്‍ഡ് അവതരിപ്പിക്കാനാണ് ഗീലി ഒരുങ്ങുന്നത്. മെഴ്‌സേഡസ് ബെന്‍സ് പോലുള്ള മറ്റ് ആഡംബര കാര്‍ നിര്‍മാതാക്കള്‍ക്കുപോലും വെല്ലുവിളി ഉയര്‍ത്തും. പ്രീമിയം കാര്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമാവുകയെന്ന ലക്ഷ്യത്തോടെയാണ് സീക്കര്‍ ബ്രാന്‍ഡിന് നാന്ദി കുറിച്ചത്. ഗീലിയുടെ ‘സുസ്ഥിര അനുഭവ ആര്‍ക്കിടെക്ച്ചര്‍’ എന്ന ഇവി പ്ലാറ്റ്‌ഫോമായിരിക്കും പുതിയ ബ്രാന്‍ഡ് ഉപയോഗിക്കുന്നത്.
110 കിലോവാട്ട് ഔര്‍ വരെ ശേഷിയുള്ള ബാറ്ററി പാക്കുകള്‍ സ്ഥാപിക്കാന്‍ കഴിയുന്നതായിരിക്കും ഈ പ്ലാറ്റ്‌ഫോം. സിംഗിള്‍, ഡുവല്‍, ട്രിപ്പിള്‍ ഇലക്ട്രിക് മോട്ടോറുകള്‍ നല്‍കിയ പവര്‍ട്രെയ്ന്‍ ഓപ്ഷനുകളില്‍ സുസ്ഥിര അനുഭവ ആര്‍ക്കിടെക്ച്ചര്‍ ഉപയോഗിക്കാന്‍ കഴിയും. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 700 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാം. ഈ ബാറ്ററികള്‍ക്ക് ഇരുപത് ലക്ഷം കിലോമീറ്റര്‍ വരെ ആയുസ്സ് ഉണ്ടായിരിക്കും. കോംപാക്റ്റ് എ സെഗ്‌മെന്റ് മുതല്‍ വലിയ ഇ സെഗ്‌മെന്റ് കാറുകള്‍ വരെയുള്ള വിവിധ വാഹനങ്ങള്‍ക്കും ലഘു വാണിജ്യ വാഹനങ്ങള്‍ക്കുപോലും ഈ മോഡുലര്‍ ആര്‍ക്കിടെക്ച്ചര്‍ ഉപയോഗിക്കാന്‍ കഴിയും.
ഡീലര്‍ഷിപ്പ് ശൃംഖല വഴിയുള്ള പരമ്പരാഗത വില്‍പ്പന രീതി ഗീലി ഉപേക്ഷിക്കും. പകരമായി പ്രധാന നഗര കേന്ദ്രങ്ങളില്‍ സ്വന്തം ഷോറൂമുകള്‍ അഥവാ ‘ഹബ്ബുകള്‍’ ആരംഭിക്കും. ഈ ഹബ്ബുകളിലൂടെ വാഹനങ്ങള്‍ വില്‍ക്കും. ടെസ്‌ല പിന്തുടരുന്നത് സമാന വില്‍പ്പന രീതിയാണ്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ വന്‍ വില്‍പ്പന വളര്‍ച്ചയാണ് ടെസ്‌ല നേടിയത്.
കാര്‍ ഉടമസ്ഥരുടെ ക്ലബ് സ്ഥാപിക്കുന്നത് കൂടാതെ വസ്ത്ര, ജീവിതശൈലി വിഭാഗം കൂടി അവതരിപ്പിക്കുന്നതും ഗീലി ആലോചിക്കുകയാണെന്ന് പറയപ്പെടുന്നു. ഇതുവഴി ഉപയോക്താക്കളുമായി ബന്ധം കൂടുതല്‍ ദൃഢമാക്കാമെന്ന് കമ്പനി കരുതുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ കരാര്‍ നിര്‍മാതാക്കളായി മാറുന്നതും ചൈനീസ് കമ്പനിയുടെ ലക്ഷ്യമാണ്. ഇതുമായി ബന്ധപ്പെട്ട ചില സഹകരണങ്ങള്‍ കമ്പനി ഇതിനകം പ്രഖ്യാപിച്ചിരുന്നു.
ടെസ്‌ലയെ നേരിടുന്നതിന് ചൈനീസ് ഇവി വിപണിയില്‍ സാന്നിധ്യം ശക്തമാക്കുമെന്ന് സ്വീഡിഷ് കാര്‍ നിര്‍മാതാക്കളായ പോള്‍സ്റ്റാര്‍ പ്രഖ്യാപിച്ചിരുന്നു. ഗീലിയുടെ ഉടമസ്ഥതയിലുള്ള വോള്‍വോയുടെ ഉപകമ്പനിയാണ് പോള്‍സ്റ്റാര്‍. ഒരേ വിപണിയില്‍ രണ്ട് ബ്രാന്‍ഡുകളും പ്രവര്‍ത്തിക്കുന്നത് ഗീലിയുടെ പദ്ധതിയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒരുപക്ഷേ സീക്കര്‍, പോള്‍സ്റ്റാര്‍ ബ്രാന്‍ഡുകള്‍ വ്യത്യസ്ത സെഗ്‌മെന്റുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുമായിരിക്കും.