കൂട്ടുകെട്ട് കൂടുതല്‍ മേഖലകളിലേക്ക്; എമിറേറ്റ്‌സും ടാപ് എയര്‍ പോര്‍ച്ചുഗലും കരാറില്‍ ഒപ്പുവെച്ചു
രണ്ട് വിമാനക്കമ്പനികളുടെയും ശൃംഖലകളില്‍ ഉള്‍പ്പെടുന്ന എഴുപതോളം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സീറ്റുകള്‍ ബുക്ക് ചെയ്യാനും ടിക്കറ്റെടുക്കാനും യാത്രാനേട്ടങ്ങള്‍ സ്വന്തമാക്കാനും ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നതാണ് കരാര്‍
ദുബായ്: ദുബായിലെ എമിറേറ്റ്‌സ് വിമാനക്കമ്പനിയും ടാപ് എയര്‍ പോര്‍ച്ചുഗലും കോഡ് ഷെയര്‍ പങ്കാളിത്തം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. അമേരിക്ക, വടക്കേ ആഫ്രിക്ക, പടിഞ്ഞാറന്‍ ഏഷ്യ മേഖലകളിലെ കൂടുതല്‍ ഇടങ്ങളില്‍ ഇരു കമ്പനികളുടെയും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കണക്ടിവിറ്റി സാധ്യമാക്കുന്നതാണ് പുതിയ കരാര്‍. അന്യോന്യമുള്ള വരുമാനം, അവസരങ്ങള്‍ ഉപയോഗപ്പെടുത്തല്‍, ലോഞ്ചുകളിലെ പ്രവേശനം തുടങ്ങി മറ്റ് മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താനും ഇരു കമ്പനികളും പദ്ധതിയിടുന്നുണ്ട്.
ബന്ധപ്പെട്ട അനുമതികള്‍ ലഭ്യമായാല്‍ അടുത്ത മാസം ഒന്നാം തീയതി മുതല്‍ പുതുക്കിയ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതപ്പെടുന്നത്. രണ്ട് വിമാനക്കമ്പനികളുടെയും ശൃംഖലകളില്‍ ഉള്‍പ്പെടുന്ന എഴുപതോളം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സീറ്റ് ബുക്ക് ചെയ്യാനും ടിക്കറ്റെടുക്കാനും യാത്രാ നേട്ടങ്ങള്‍ സ്വന്തമാക്കാനും കരാറിലൂടെ ഇരു കമ്പനികളുടെയും ഉപഭോക്താക്കള്‍ക്ക് സാധിക്കും.
ദുബായിലും ലിബ്‌സണിലുമുള്ള സ്റ്റോപ്പ്ഓവര്‍ പരിപാടികള്‍ ശക്തിപ്പെടുത്താനും ഇരുകമ്പനികള്‍ക്കും പദ്ധതിയുണ്ട്. യുഎഇയില്‍ കൂടുതല്‍ വികസനം പദ്ധതിയിടുന്ന ടാപ് എയര് പോര്‍ച്ചുഗലിന് എമിറേറ്റ്‌സ് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കും. കഴിഞ്ഞ എട്ട് വര്‍ഷമായി ഇരു കമ്പനികള്‍ക്കുമിടയിലെ കോഡ് ഷെയര്‍ പങ്കാളിത്തം വിജയമായിരുന്നുവെന്നും ഈ ബന്ധം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിലും ഉപഭോക്താക്കള്‍ക്ക് കൂടുതല് നേട്ടങ്ങള്‍ ലഭ്യമാക്കാനുള്ള തുടര്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിലും സന്തോഷമുണ്ടെന്നും എമിറേറ്റ്‌സിന്റെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസറായ അദ്‌നാന്‍ ഖാസിം പറഞ്ഞു.