സ്റ്റാലിന്‍ സോണിയയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡെല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെയും പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് അദ്ദേഹം ഡെല്‍ഹിയിലെത്തുന്നത്. വെള്ളിയാഴ്ച രാവിലെ 10 ന് സോണിയ ഗാന്ധിയുടെ വസതിയില്‍ ഡിഎംകെ നേതാവ് ഭാര്യസമേതനായാണ് എത്തിയത്. കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തു. കൂടിക്കാഴ്ച 40 മിനിറ്റിലധികം നീണ്ടുനിന്നു.സംസ്ഥാനത്തിന്‍റെ വികസനത്തിനായി നേതാക്കള്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്റ്റാലിന്‍ വ്യാഴാഴ്ച സന്ദര്‍ശിച്ചിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും ദുര്‍ഗാവതി സ്റ്റാലിനെയും കണ്ടുമുട്ടിയതില്‍ തനിക്കും പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കും അതീവ സന്തോഷമുണ്ടെന്ന് രാഹുല്‍ പിന്നീട് ട്വിറ്ററില്‍ കുറിച്ചു. തമിഴ് ജനതയ്ക്കായി ശക്തവും സമൃദ്ധവുമായ സംസ്ഥാനം കെട്ടിപ്പടുക്കുന്നതിന് കോണ്‍ഗ്രസ് ഡിഎംകെയുമായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്.