September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അഫ്ഗാനില്‍ താലിബാന്‍ മുന്നേറുന്നു; തുടര്‍ച്ചയായ മൂന്നാം ദിവസവും ജില്ല പിടിച്ചെടുത്തു

1 min read

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികളുടെ മുന്നേറ്റം പ്രകടമാകുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും കലാപകാരികള്‍ അഫ്ഗാനിസ്ഥാനിലെ മറ്റൊരു ജില്ല പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ സേന പുലര്‍ച്ചെ ഫരിയാബ് പ്രവിശ്യയിലെ ദാവ്ലത്ത് അബാദ് ജില്ലാ കേന്ദ്രം ഉപേക്ഷിച്ച് തീവ്രവാദികളുമായി ഏറ്റുമുട്ടാതെ അന്ധോയ് ജില്ലയിലേക്ക് പിന്മാറിയതായി പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡിപിഎ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം തകര്‍ന്നതിനാല്‍ ജില്ലയിലെ ഒരു ഡസനിലധികം സുരക്ഷാ സേനാംഗങ്ങളുടെ വിധി എന്തെന്ന്‌ വ്യക്തമല്ലെന്ന് പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ അബ്ദുല്‍ അഹാദ് അലിബെക് പറഞ്ഞു. മൂന്നുവര്‍ഷമായി ദാവ്ലത്ത് അബാദ് ഉപരോധത്തിലായിരുന്നു. സേനയ്ക്ക് വ്യോമമാര്‍ഗ്ഗം മാത്രമേ ഇവിടെ പിന്തുണ ലഭിക്കുകയുള്ളൂ. ജില്ലയിലേക്കുള്ള എല്ലാ റൂട്ടുകളും തീവ്രവാദികള്‍ നിയന്ത്രിച്ചതിനാല്‍ കരമാര്‍ഗമുള്ള പിന്തുണ അസാധ്യമായിരുന്നു, അലിബെക്ക് കൂട്ടിച്ചേര്‍ത്തു.

ഗസ്നി പ്രവിശ്യയില്‍ അബ് ബാന്‍ഡ് ജില്ലയിലെ രണ്ട് സുരക്ഷാ ചെക്ക്പോസ്റ്റുകള്‍ തീവ്രവാദികള്‍ മറികടന്നു. കൂടാതെ പ്രവിശ്യയിലെ മൂന്ന് ജില്ലകളിലെങ്കിലും കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വ്യോമസേനയെ അയയ്ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ജില്ലകള്‍ തകരുമെന്ന് ഗസ്നിയെ പ്രതിനിധീകരിക്കുന്ന എംപി ആരിഫ് റഹ്മാനി മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായ മൂന്നാം ദിവസവും കലാപകാരികളുടെ മുന്നേറ്റം തുടരുന്നത് അവര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി പറയുന്നു. ദിവസങ്ങള്‍ നീണ്ട കടുത്ത പോരാട്ടത്തെത്തുടര്‍ന്ന് തിങ്കളാഴ്ച സര്‍ക്കാര്‍ സൈന്യം ഫരിയാബിലെ ഖെയ്സര്‍ ജില്ലയും ഉപേക്ഷിച്ചിരുന്നു. കൂടാതെ, ഘോര്‍ പ്രവിശ്യയിലെ ഷാരക് ജില്ലയുടെ നിയന്ത്രണം കലാപകാരികള്‍ ഏറ്റെടുത്തു. തീവ്രവാദികള്‍ രാജ്യത്ത് നേട്ടങ്ങളുടെ ഒരു നിര തന്നെ ഉണ്ടാക്കിയിട്ടുണ്ട്.

മെയ് ഒന്നിന് അഫ്ഗാനിസ്ഥാനില്‍ അമേരിക്കയെയും മറ്റ് നാറ്റോ സൈനികരെയും ഔദ്യോഗികമായി പിന്‍വലിച്ചതിനുശേഷം, കുറഞ്ഞത് 10 ജില്ലകളെങ്കിലും താലിബാന്‍റെ നയന്ത്രണത്തിലായി. അഫ്ഗാനിസ്ഥാനില്‍ 34 പ്രവിശ്യകളും 400 ഓളം ജില്ലകളുമുണ്ട്.
ജില്ലാ കേന്ദ്രങ്ങള്‍ ദ്വിതീയ തലത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്നു, ഇത് പ്രവിശ്യകള്‍ക്ക് താഴെയാണ്. യുഎന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ വര്‍ഷം താലിബാന്‍ അഞ്ച് ജില്ലകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞു, അതില്‍ നാലെണ്ണം സര്‍ക്കാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചുപിടിച്ചിരുന്നു.

അതേസമയം വടക്കന്‍ പ്രവിശ്യയായ ബാഗ്ലാനില്‍ ആക്രമണകാരികളില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.പ്രവിശ്യയിലെ ബാഗ്ലാന്‍-ഇ മര്‍കാസി ജില്ലയില്‍ ഒരു ക്യാമ്പില്‍ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ താലിബാനെ ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ആരും സംഭവത്തിന്‍റെ ഉത്തരവാദിത്തം അവകാശപ്പെട്ടിട്ടില്ലെന്ന് ഡിപിഎ റിപ്പോര്‍ട്ട് ചെയ്തു. സംഭവം പരിശോധിക്കേണ്ടതുണ്ടെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. ഈ ക്യാമ്പ് അന്താരാഷ്ട്ര മൈന്‍ ക്ലിയറന്‍സ് ഓര്‍ഗനൈസേഷനായ ഹാലോ ട്രസ്റ്റാണ് നടത്തിയിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനില്‍ ഹാലോ ട്രസ്റ്റിന് 2,600 ജീവനക്കാരുണ്ടെന്ന് സര്‍ക്കാരിതര സംഘടനയുടെ വെബ്സൈറ്റ് പറയുന്നു. മുന്‍കാലങ്ങളില്‍, അഫ്ഗാനിസ്ഥാനിലെ സഹായ പദ്ധതികളും എന്‍ജിഒകളും ആവര്‍ത്തിച്ച് ആക്രമിക്കപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിതര സംഘടനയായ ഇന്‍സോയുടെ കണക്കനുസരിച്ച് 2020 ല്‍ അഫ്ഗാനിസ്ഥാനില്‍ എന്‍ജിഒകള്‍ ഉള്‍പ്പെട്ട 180 സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പതിനാല് ജീവനക്കാര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും 42 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.

Maintained By : Studio3