മൂന്നാം പാദം : എസ്ബിഐ-യുടെ അറ്റാദായത്തില്‍ 7% ഇടിവ്
1 min readബാങ്കിന്റെ അറ്റ നിഷ്‌ക്രിയാസ്തി അനുപാതം 1.23 ശതമാനമായി
ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും മുന്‍നിരയിലുള്ള വായ്പാ ദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2020-21 മൂന്നാം പാദത്തിലെ അറ്റാദായത്തില്‍ 6.93 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബാങ്കിന്റെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ രേഖപ്പെടുത്തിയ 5,196 കോടിയില്‍ നിന്ന് ഇക്കഴിഞ്ഞ മൂന്നാം പാദത്തില്‍ 4,574 കോടി രൂപയായി കുറഞ്ഞു. ”കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ ഒറ്റത്തവണ പലിശ വരുമാനവും മറ്റ് വരുമാനവും മാറ്റിനിര്‍ത്തിയാല്‍ ഇക്കഴിഞ്ഞ മൂന്നാം പാദത്തില്‍ സാമ്പത്തിക ലാഭം, പ്രവര്‍ത്തന ലാഭം എന്നിവയിലുണ്ടായ വളര്‍ച്ച യഥാക്രമം 133.78 ശതമാനവും 26.23 ശതമാനവും ആയിരിക്കും,” ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
ഡിസംബര്‍ പാദത്തിലെ അറ്റ പലിശ വരുമാനം 3.75 ശതമാനം വര്‍ധിച്ച് 28,820 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ഇത് 27,779 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റ നിഷ്‌ക്രിയാസ്തി അനുപാതം 1.23 ശതമാനമായി. വാര്‍ഷികാടിസ്ഥാനത്തില്‍ 142 ബിപിഎസും മുന്‍ പാദത്തെ അപേക്ഷിച്ച് 36 ബിപിഎസുമാണ് ഇക്കാര്യത്തില്‍ കുറവുണ്ടായത്.
മൊത്തം എന്‍പിഎ അനുപാതം 4.77 ശതമാനമായി. വാര്‍ഷികാടിസ്ഥാനത്തില്‍ 217 ബിപിഎസിന്റെയും പാദാടിസ്ഥാനത്തില്‍ 51 ബിപിഎസിന്റെയും ഇടിവ്.