15,000 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍, രണ്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 15,000 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുമെന്നും നവീന സാങ്കേതികവിദ്യാ മേഖലയില്‍ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ ദ്വിദിന ആഗോള വെര്‍ച്വല്‍ ഉച്ചകോടി ‘ഹഡില്‍ ഗ്ലോബല്‍ 2022’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ആദ്യ ആക്സിലറേറ്റര്‍ സംവിധാനവും ഫിനിഷിംഗ് സ്കൂളും ഹഡില്‍ ഗ്ലോബലിന്‍റെ മൂന്നാം പതിപ്പില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. നവീനസാങ്കേതിക രംഗത്ത് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 15,000 സ്റ്റാര്‍ട്ടപ്പുകളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതു വഴി രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 2015 ന് ശേഷം 3200 കോടി രൂപയുടെ നിക്ഷേപം സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ആകര്‍ഷിക്കാനായിട്ടുണ്ട്. കൊച്ചിയില്‍ സ്ഥാപിച്ച ടെക്നോളജി ഇന്നൊവേഷന്‍ സോണ്‍ മാതൃകയില്‍ തിരുവനന്തപുരത്ത് എമര്‍ജിംഗ് ടെക്നോളജീസ് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 55,000 സ്റ്റാര്‍ട്ടപ്പുകളുള്ള ഈ മേഖലയില്‍ കേരളത്തിന്‍റെ പങ്കാളിത്തം വളരെ വലുതാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യ അന്തരീക്ഷമുള്ള സംസ്ഥാനമായാണ് കേരളത്തെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വിലയിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ് കെഎസ് യുഎമ്മിന്‍റെ സഹകരണത്തോടെയാണ് ഫിന്‍ടെക് ആക്സിലറേറ്റര്‍ ആരംഭിച്ചത്. സാമ്പത്തിക രംഗത്തെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സഹകരിക്കാവുന്ന പദ്ധതിയാണിത്. ഫിന്‍ടെക് ആക്സിലറേറ്ററിനും മികവിന്‍റെ കേന്ദ്രത്തിനുമായി ഓപ്പണ്‍ ടെക്നോളജീസ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 200 കോടി രൂപയാണ് നിക്ഷേപിക്കുന്നത്.
നൂതനാശയമുള്ള ശൈശവദശയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം, വിദഗ്ധോപദേശം, സാങ്കേതികസഹായം എന്നിവ പ്രദാനം ചെയ്യുന്ന പ്രത്യേക പദ്ധതിയാണ് ആക്സിലറേറ്ററുകള്‍. ഓപ്പണ്‍ ഫിന്‍ടെക്കിന്‍റെ ആദ്യ സംഘം മാര്‍ച്ച് ഒന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കും. അനീഷ് അച്യുതന്‍, മേബെല്‍ ചാക്കോ, ദീന ജേക്കബ്, അജീഷ് അച്യുതന്‍ എന്നിവരാണ് ഓപ്പണിന്‍റെ സ്ഥാപകര്‍.
സ്കൂള്‍തലത്തില്‍ തുടങ്ങി കോളേജ്-സാങ്കേതിക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരെ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനായി സര്‍ക്കാര്‍ നല്‍കിയ പ്രോത്സാഹനമാണ് ഈ രംഗത്ത് ഇന്നു കാണുന്ന നേട്ടങ്ങള്‍ക്ക് കാരണം. ഇന്നൊവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മന്‍റ് സെന്‍റര്‍, യംഗ് ഇന്നോവേഷന്‍ പ്രോഗ്രാം, മികവിന്‍റെ കേന്ദ്രങ്ങള്‍, ഫണ്ട് ഓഫ് ഫണ്ട് പദ്ധതികള്‍, സര്‍ക്കാര്‍ വിപണി എന്നിവ കേരളത്തിന്‍റെ പ്രത്യേകതകളാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അനുയോജ്യ ഇവിടമായി സംസ്ഥാനം മാറാനുള്ള കാരണങ്ങളിവ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഗോളതലത്തിലുള്ള സംരംഭകരുമായി ഇവിടുത്തെ സ്റ്റാര്‍ട്ടപ്പ് സമൂഹത്തിനുള്ള ബന്ധം ശക്തമാക്കുന്നതില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുള്ള പങ്ക് നിസ്തുലമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. വിജ്ഞാനം നേടാനും ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും വാണിജ്യ ബന്ധങ്ങളിലെ പോരായ്മകള്‍ പരിഹരിക്കാനും ഹഡില്‍ ഉച്ചകോടി സംരംഭകരെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്പിന്‍റെ ഫിന്‍ടെക് തലസ്ഥാനമായി യുകെ മാറിയതുപോലെ ഏഷ്യയുടെ ഫിന്‍ടെക് തലസ്ഥാനമാകാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ലണ്ടന്‍ സിറ്റി മേയറും ഡിഎല്‍എ പൈപ്പറിന്‍റെ പങ്കാളിയുമായ ആല്‍ഡെര്‍മാന്‍ വിന്‍സെന്‍റ് കീവ്നി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തില്‍ സുസ്ഥിര മാതൃക സൃഷ്ടിച്ച് സംസ്ഥാന സ്റ്റാര്‍ട്ടപ്പ് മേഖല പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിയുടെ ആദ്യ ദിനം ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്സ്, ഹാബിറ്റാറ്റ്, ജെട്രോ, ഗ്ലോബല്‍ ആക്സിലേറ്റര്‍ നെറ്റ് വര്‍ക്ക്, ഐ ഹബ് ഗുജറാത്ത്, നാസ്കോം, സിഎസ്എല്‍ എന്നിവയുമായി കെഎസ് യുഎം ധാരണാപത്രങ്ങള്‍ ഒപ്പിട്ടു.
കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ് സ്വാഗതം പറഞ്ഞു. ലോകശ്രദ്ധ നേടിയ സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, വിദഗ്ദ്ധര്‍, നയകര്‍ത്താക്കള്‍, മാര്‍ഗനിര്‍ദേശകര്‍, നിക്ഷേപകര്‍ എന്നിവരും സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. സംരംഭകര്‍ക്ക് ആഗോളതലത്തിലുള്ള അവസരങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതിക-സാമ്പത്തിക പിന്തുണയോടെ അതിവേഗം വളരാനാവശ്യമായ സാധ്യതയും തേടുന്നതിനാണ് കേരള ഐടി പാര്‍ക്കുകളുടെ സഹകരണത്തോടെ ഉച്ചകോടി നടത്തുന്നത്.
മുഖ്യസെഷനുകള്‍, ലീഡര്‍ഷിപ്പ് ടോക്ക്, ടെക്നിക്കല്‍ ടോക്ക്, ആഗോളതലത്തിലും സംസ്ഥാനത്തുമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനം, ആശയാവതരണം, മറ്റു ബിസിനസ് അധിഷ്ഠിത പരിപാടികള്‍ എന്നിവയും സമ്മേളനത്തിലുണ്ട്.