എസ് ആന്‍ഡ് പി സൗദി നാഷണല്‍ ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി
1 min readസ്ഥിരതയുള്ള ‘A-‘ ദീര്‍ഘകാല ക്രെഡിറ്റ് റേറ്റിംഗ് ആണ് എസ് ആന്‍ഡ് പി സൗദി നാഷണല് ബാങ്കിന് നല്‍കിയിരിക്കുന്നത്
റിയാദ് : എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് സൗദി നാഷണല്‍ ബാങ്കിന്റെ ദീര്‍ഘകാല ക്രെഡിറ്റ് റേറ്റിംഗ് ‘A-‘ ആയി ഉയര്‍ത്തി. ജിസിസി മേഖലയില്‍ ‘gcAAA’ റേറ്റിംഗാണ് എസ് ആന്‍ഡ് പി സൗദി നാഷണല് ബാങ്കിന് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് നാഷണല്‍ കൊമേഴ്‌സ്യല്‍ ബാങ്കും (എന്‍സിബി) സാംബ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പും തമ്മില്‍ ലയിച്ച് സൗദി നാഷണല്‍ ബാങ്കായി മാറിയത്. ലയനത്തിലൂടെ രൂപപ്പെട്ട എസ്എന്‍ബിയുടെ ശക്തിയാണ് പുതിയ ക്രെഡിറ്റ് റേറ്റിംഗില്‍ പ്രതിഫലിക്കുന്നതെന്ന് എസ് ആന്‍ഡ് പി വ്യക്തമാക്കി.
30 ശതമാനം വിപണി പങ്കാളിത്തത്തോടെ വിപണിയിലെ ശക്തരായ ബാങ്കിംഗ് ഗ്രൂപ്പായി എസ്എന്‍ബി മാറിയെന്ന് എസ് ആന്‍ഡ് പി അഭിപ്രായപ്പെട്ടു. ഏകീകരണത്തെ തുടര്‍ന്നുള്ള റിസ്‌കുകളും ഇനിയുള്ള വായ്പാ വളര്‍ച്ചയും കൈകാര്യം ചെയ്യാന്‍ എസ്എന്‍ബിക്ക് കഴിയുമെന്ന പ്രതീക്ഷയാണ് സ്ഥിരതയുള്ള ക്രെഡിറ്റ് റേറ്റിംഗ് നല്‍കാനുള്ള കാരണമെന്നും എസ് ആന്‍ഡ് പി വിശദീകരിച്ചു.
കഴിഞ്ഞ ആഴ്ചയാണ് സാംബയുമായുള്ള ലയന നടപടികള്‍ പൂര്‍ത്തിയായതായി എന്‍സിബി അറിയിച്ചത്. സാംബയിലെ ഓഹരിയുടമകള്‍ക്ക് ലയനത്തിലൂടെ രൂപപ്പെട്ട കമ്പനിയുടെ ഓഹരികള്‍ ലഭിക്കുകയും ചെയ്തു. ഏപ്രില്‍ ഒന്നിനാണ് എന്‍ബിഎസ് ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചത്. ഏതാണ്ട് 896 ബില്യണ്‍ റിയാലിന്റെ ആസ്തിയാണ് പുതിയ ബാങ്കിനുള്ളത്. സൗദിയിലെ ബാങ്കിംഗ് രംഗത്ത് ശക്തമായ വേരുകളുള്ള രണ്ട് സ്ഥാപനങ്ങളായിരുന്നു എന്‍സിബിയും സാംബയും. എന്‍സിബിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള 50 ശതമാനം റീട്ടെയല്‍ ബാങ്കിംഗില്‍ നിന്നുമാണ്. സമാനമായി സാംബയുടെ വരുമാനത്തില്‍ 43 ശതമാനം കോര്‍പ്പറേറ്റ് വായ്പകളില്‍ നിന്നുമാണ്. ഇത്തരത്തില്‍ ലയനത്തിന്റെ ഭാഗമായി രൂപപ്പെട്ട പുതിയ സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി മൂല്യം കൂടുതല്‍ മെച്ചപ്പെട്ടുവെന്നും എന്‍എസ്ബി ദേശീയതലത്തില്‍ തന്നെ ചാമ്പന്യായി മാറുമെന്നും എസ് ആന്‍ഡ് പി വിലയിരുത്തി.
പുതിയ ബാങ്കിന്റെ നിഷ്‌ക്രിയ വായ്പ അനുപാതം 1.6 ശതമാനമായി ഉയരുമെന്നാണ് എസ് ആന്‍ഡ് പി കണക്ക് കൂട്ടുന്നത്. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ആഘാതം മൂലം കോസ്റ്റ് ഓഫ് റിസ്‌കില്‍ 90 ബേസിക് പോയിന്റ് വര്‍ധനയും എസ് ആന്‍ഡ് പി പ്രതീക്ഷിക്കുന്നുണ്ട്.
ലയന നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ച സയീദ് അല്‍ഹമ്ദിക്ക് പകരമായി അമ്മര്‍ അല്‍ ഖുദൈരിയെ എസ്എന്‍ബി പുതിയ ബോര്‍ഡ് ചെയര്‍മാനായി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. യസീദ് അല്‍ ഹുമൈദിനെ പുതിയ വൈസ് ചെയര്‍മാനായും നിയമിച്ചു. ലയനനടപടികള്‍ പൂര്‍ത്തിയായതോടെ രാജ്യത്തെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ പിഐഎഫ് 37.2 ശതമാനം ഓഹരി അവകാശവുമായി എസ്എന്‍ബിയിലെ ഏറ്റവും വലിയ ഓഹരിയുടമയായി മാറി. പബ്ലിക് പെന്‍ഷന്‍ ഏജന്‍സിക്ക് 7.4 ശതമാനം ഓഹരികളും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന് 5.8 ശതമാനം ഓഹരികളും എസ്എന്‍ബിയില്‍ ഉണ്ട്.