728 കോടി രൂപ സമാഹരിച്ച് ജോഷിന്റെ മാതൃ കമ്പനി
1 min readസീരീസ് എച്ച് ഫണ്ടിംഗ് റൗണ്ട് വഴി 100 മില്യണ്‍ ഡോളര്‍ സമാഹരിച്ചു
ബെംഗളൂരു: സീരീസ് എച്ച് ഫണ്ടിംഗ് റൗണ്ട് വഴി 100 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 728 കോടി ഇന്ത്യന്‍ രൂപ) സമാഹരിച്ചതായി വെര്‍സേ ഇന്നവേഷന്‍ അറിയിച്ചു. ഇന്ത്യയിലെ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമായ ജോഷിന്റെ മാതൃ കമ്പനിയാണ് വെര്‍സേ ഇന്നവേഷന്‍.
ഖത്തറിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യുഐഎ), ഗ്ലേഡ് ബ്രൂക്ക് കാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ് എന്നിവ ഉള്‍പ്പെടെയുള്ള ആഗോള നിക്ഷേപകരാണ് പുതിയ റൗണ്ടില്‍ നിക്ഷേപം നടത്തിയത്. കനാന്‍ വാലി കാപിറ്റല്‍, നിലവിലെ നിക്ഷേപകരായ സോഫിന ഗ്രൂപ്പ് എന്നിവരും പുതിയ റൗണ്ടില്‍ പങ്കെടുത്തു. ജോഷിന്റെ സാധ്യതകളില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം തെളിയിക്കുന്നതാണ് പുതിയ നിക്ഷേപങ്ങളെന്ന് കമ്പനി പ്രസ്താവിച്ചു.
2020 ഡിസംബറില്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആല്‍ഫവേവ് കമ്പനികളില്‍നിന്ന് 100 മില്യണ്‍ യുഎസ് ഡോളറിന്റെ ഫണ്ട് സമാഹരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ മള്‍ട്ടി മില്യണ്‍ ഡോളറിന്റെ പുതിയ നിക്ഷേപം.
ജോഷ് പ്ലാറ്റ്‌ഫോം പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിന് പുതിയ മൂലധനം വിനിയോഗിക്കാനാണ് വെര്‍സേ ആലോചിക്കുന്നത്. തദ്ദേശീയ ഭാഷകളിലെ ഉള്ളടക്കം വര്‍ധിപ്പിക്കുക, സ്വന്തമായി കണ്ടന്റ് ക്രിയേറ്റര്‍ വ്യവസ്ഥ വികസിപ്പിക്കുക, നിര്‍മിത ബുദ്ധി, മഷീന്‍ ലേണിംഗ് എന്നീ മേഖലകളില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പുതിയ നിക്ഷേപം വകയിരുത്തും.
നിലവില്‍ 85 ദശലക്ഷത്തോളം പ്രതിമാസ സജീവ യൂസര്‍മാര്‍ ഉണ്ടെന്നാണ് ജോഷ് അവകാശപ്പെടുന്നത്. മാത്രമല്ല, 40 ദശലക്ഷം പേരാണ് പ്രതിദിന സജീവ യൂസര്‍മാര്‍. കൂടാതെ, പ്രതിദിനം 1.5 ബില്യണിലധികം വീഡിയോകള്‍ പ്ലേ ചെയ്യപ്പെടുന്നു. വെര്‍സേ ഇന്നവേഷന്‍ കഴിഞ്ഞ വര്‍ഷം യൂണികോണ്‍ പദവിയിലേക്ക് വളര്‍ച്ച നേടിയിരുന്നു.