ശരത് പവാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡെല്‍ഹി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) മേധാവി ശരദ് പവാര്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കൂടിക്കാഴ്ച 50 മിനിറ്റ് നീണ്ടുനിന്നു. പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സെഷനുമുമ്പായുള്ള കൂടിക്കാഴ്ചയായിരുന്നു ഇതെന്നാണ് രാഷ്ട്രീയ വിശദീകരണം. ഇക്കാര്യം വിശദമാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനം ജൂലൈ 19 നാണ് ആരംഭിക്കുന്നത്.
മഹാരാഷ്ട്രയിലെ മഹാ വികാസ് അഗദി (എംവിഎ) സഖ്യ സര്‍ക്കാരിലെ വിള്ളലുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയെന്നത് രാഷ്ട്രീയ രംഗത്ത് അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണമായിട്ടുണ്ട്. ജൂലൈ 13 ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അദ്ദേഹം എപ്പോഴും രാഷ്ട്രീയമായി കോണ്‍ഗ്രസിനും എന്‍സിപിക്കും എതിരാണെന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയും ശരദ് പവാറിന്‍റെ എന്‍സിപിയും എംവിഎയുടെയും താക്കറെയുടെ ശിവസേനയുടെ സഖ്യകക്ഷികളുടെയും ഭാഗമായിക്കെയാണ് ഈ പ്രസ്താവന വന്നത്.
“രാഷ്ട്രീയമായി, ഞാന്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും എതിരാണ്, പക്ഷേ ഇതിനര്‍ത്ഥം സര്‍ക്കാരിലെ അവരുടെ നല്ല പ്രവര്‍ത്തനങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കും എന്നല്ല. ഞാനോ ബാലസാഹേബ് താക്കറെയോ ഇത് ചിന്തിച്ചിട്ടില്ല, “ഉദ്ദവ് താക്കറെ പറഞ്ഞു. മുന്‍ സഖ്യകക്ഷിയായ ബിജെപിയോട് സേന അടുപ്പം കാണിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ബിജെപിയും സേനയും ശത്രുക്കളല്ലെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു. ഇരു പാര്‍ട്ടികള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമേയുള്ളൂ എന്നാണ് അദ്ദേഹം വിശദീകരിച്ചത്.