കോവിഡ് പ്രതിരോധം സംസ്ഥാനത്ത് മേയ് 9 വരെ കടുത്ത നിയന്ത്രണങ്ങള്‍
1 min readനിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും
തിരുവനന്തപുരം: ഇന്ന് മുതല്‍ 9 വരെ കേരളത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ വാരാന്ത്യങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണത്തിന് സമാനമായ ക്രമീകരണങ്ങളാവും ഈ ദിനങ്ങളിലുണ്ടാവുക.
സാമൂഹിക അകലം പാലിച്ച് നടത്താന്‍ കഴിയാത്ത പ്രവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കും. സീരിയല്‍, സിനിമ, ഡോക്കുമെന്‍ററി എന്നിവയുടെ ഔട്ട് ഡോര്‍, ഇന്‍ഡോര്‍ ചിത്രീകരണങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ പരസ്പരം കുറഞ്ഞത് രണ്ട് മീറ്റര്‍ അകലം പാലിക്കണം. കച്ചവടക്കാര്‍ രണ്ട് മാസ്ക്കുകള്‍ ധരിക്കണം. സാധിക്കുമെങ്കില്‍ കൈയുറയും ഉപയോഗിക്കണം. സാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നതിന് കച്ചവടക്കാര്‍ മുന്തിയ പരിഗണന നല്‍കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ആവശ്യമുളള സാധനങ്ങളുടെ ലിസ്റ്റ് ഫോണിലോ വാട്സ്ആപ്പിലോ നല്‍കിയാല്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നതിന് ഡെലിവറി ബോയ്സിനെ നിയോഗിക്കുന്നത് നന്നായിരിക്കുമെന്നും നിര്‍ദേശമുണ്ട്. ഇതിനായി മാര്‍ക്കറ്റ് കമ്മിറ്റികളുടെ സേവനം തേടാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും. അനാവശ്യമായി ആരെയും വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടാനും അനുവാദമില്ല. അത്യാവശമല്ലാത്ത യാത്രകള്‍ നടത്തരുതെന്നും അധികൃതര്‍ ശക്തമായ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അതേസമയം കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കും.