ഏപ്രിലില്‍ സേവന മേഖലയിലെ പിഎംഐ മൂന്നു മാസത്തെ താഴ്ചയില്‍
1 min readന്യൂഡെല്‍ഹി: കഴിഞ്ഞ മാസം രാജ്യത്തെ സേവന മേഖലയിലെ പ്രവര്‍ത്തനങ്ങളിലുണ്ടായ വളര്‍ച്ച മൂന്നു മാസങ്ങള്‍ക്കിടയിലെ താഴ്ന്ന തലത്തിലായിരുന്നുവെന്ന് സര്‍വെ റിപ്പോര്‍ട്ട്. ഏപ്രിലിലെ ഐഎച്ച്എസ് മാര്‍ക്കിറ്റ് പര്‍ച്ചേസിംഗ് മാനേജേര്‍സ് ഇന്‍റക്സ് 54-ലേക്ക് താഴ്ന്നു. മാര്‍ച്ചില്‍ 54.6 ആയിരുന്നു സേവന മേഖലയുടെ പിഎംഐ. പിഎംഐ 50നു മുകളിലാണെങ്കില്‍ അത് വികാസത്തെയും 50ന് താഴെയാണെങ്കില്‍ അത് സങ്കോചത്തെയുമാണ് കാണിക്കുന്നത്.
അടുത്ത 12 മാസത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ശുഭ പ്രതീക്ഷയാണ് സേവന മേഖലയിലെ സ്ഥാപനങ്ങള്‍ പുലര്‍ത്തുന്നത് എങ്കിലും ശുഭാപ്തി വിശ്വാസത്തിന്‍റെ തോത് കഴിഞ്ഞ ഒക്റ്റോബര്‍ മുതലുള്ള കാലയളവിലെ താഴ്ന്ന തലത്തിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് 19 രണ്ടാം തരംഗം രാജ്യത്ത് അതിവേഗം പടര്‍ന്നു പിടിച്ചതാണ് ബിസിനസുകളുടെ ആത്മവിശ്വാസത്തെ ബാധിച്ചത്.
യാത്രാ വിലക്കുകളും മറ്റ് നിയന്ത്രണങ്ങളും അന്താരാഷ്ട്ര തലത്തിലെ ആവശ്യകതയെ ബാധിച്ചു. പുതിയ എക്സ്പോര്‍ട്ട് ഓര്‍ഡറുകളില്‍ തുടര്‍ച്ചയായ 14-ാം മാസമാണ് ഇടിവ് സംഭവിച്ചിട്ടുള്ളത്. മാര്‍ച്ചിനെ അപേക്ഷിച്ച് കൂടുതല്‍ കനത്ത ഇടിവാണ് ഏപ്രിലില്‍ സംഭവിച്ചത്. സേവന മേഖലയിലെ തൊഴിലുകളുടെ വെട്ടിക്കുറയ്ക്കല്‍ തുടര്‍ച്ചയായ അഞ്ചാം മാസത്തിലും തുടര്‍ന്നു. എന്നാല്‍ ജനുവരി മുതലുള്ള കാലയളവിലെ ഏറ്റവും കുറഞ്ഞ വേഗത്തിലായിരുന്നു ഏപ്രിലില്‍ സേവന മേഖലയിലെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കപ്പെട്ടത്.