വെടിനിര്‍ത്തല്‍ കരാര്‍ — ഇന്ത്യാ-പാക് പ്രഖ്യാപനത്തിനുപിന്നില്‍ യുഎഇ എന്ന് സൂചന
1 min readയുഎഇയുടെ മധ്യസ്ഥതയില്‍ മാസങ്ങള്‍ക്കുമുമ്പുതന്നെ ചര്‍ച്ച ആരംഭിച്ചു. പ്രഖ്യാപനത്തിന് വഴിതെളിച്ചത് വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചകള്‍. പരമ്പരാഗത വൈരികളാകയാല്‍ സമാധാനശ്രമങ്ങള്‍ ഏതറ്റംവരെ പോകുമെന്നതില്‍ ആശങ്ക.
ന്യൂഡെല്‍ഹി: 2003 ലെ വെടിനിര്‍ത്തല്‍ കരാറിനെ മാനിക്കാനുള്ള ഇന്ത്യയുടേയും പാക്കിസ്ഥാന്‍റെയും പ്രഖ്യാപനത്തിനുപിന്നില്‍ യുഎഇയുടെ ഇടപെടലെന്ന് സൂചന. ആഴ്ചകള്‍ക്കുമുമ്പാണ് നിര്‍ണായകമായ തീരുമാനമുണ്ടായത്. അതിന് 24 മണിക്കൂറിനുശേഷം, യുണൈറ്റഡ് അറബ് എമിറേറ്റിലെ ഉന്നത നയതന്ത്രജ്ഞന്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ന്യൂഡെല്‍ഹിയിലെത്തിയിരുന്നു. നേരത്തെ ഇന്ത്യയുടേയും യുഎഇയുടെയും വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു. ‘പൊതുവായ താല്‍പ്പര്യമുള്ള പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ എല്ലാ പ്രശ്നങ്ങളും അവര്‍ ചര്‍ച്ച ചെയ്യുകയും അഭിപ്രായങ്ങള്‍ കൈമാറുകയും ചെയ്തു’ എന്നായിരുന്നു ഈ ചര്‍ച്ചയെപ്പറ്റിയുള്ള ഔദ്യോഗിക വിശദീകരണം.
യുഎഇയുടെ മധ്യസ്ഥതയില്‍ മാസങ്ങള്‍ക്കുമുമ്പ് അടച്ചിട്ട അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം. ചില ഉദ്യോഗസ്ഥര്‍ക്ക് ചര്‍ച്ചകളെക്കുറിച്ച് വിവരമുണ്ടായിരുന്നു. പരമ്പരാഗത വൈരികളായ
അയല്‍ക്കാര്‍ക്കിടയില്‍ വെടിനിര്‍ത്തല്‍ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനുള്ള ഒരു വലിയ റോഡ്മാപ്പിന്‍റെ ആരംഭം മാത്രമാണ്. ഇരു രാജ്യങ്ങളും ആണവശക്തികളാണെന്ന വസ്തുത മേഖലയെ കൂടുതല്‍ അപകടം പിടിച്ചതാക്കുന്നുണ്ട്.
ജമ്മുകശ്മീരിലെ സവയംഭരണം റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെത്തുടര്‍ന്ന് 2019 ല്‍ പിന്‍വലിച്ച ന്യൂഡെല്‍ഹിയിലെയും ഇസ്ലാമാബാദിലെയും പ്രതിനിധികളെ പുനഃസ്ഥാപിക്കുന്നതാണ് ഈ പ്രക്രിയയുടെ അടുത്ത ഘട്ടം. അതിനുശേഷമാകും ഏറ്റവും സങ്കീര്‍ണമായ സ്ഥിതി ഉണ്ടാവുക. വ്യാപാരം പുനരാരംഭിക്കുന്നതും കശ്മീര്‍ വിഷയവും പിന്നീട് ചര്‍ച്ചയാകും. എന്നാല്‍ എന്തുതന്നെ പരിഹരിക്കപ്പെട്ടാലും കശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടാന്‍ ഇസ്ലാമബാദ് അനുവദിക്കില്ലെന്നതാണ് ഇതുവരെയുള്ള ചരിത്രം വ്യക്തമാക്കുന്നത്. കാലങ്ങളായി, ഇന്ത്യയും പാക്കിസ്ഥാനും പതിവായി സമാധാനനീക്കങ്ങള്‍ നടത്തുന്നത് അവ വേഗത്തില്‍ കടന്നുപോകാന്‍ വേണ്ടിമാത്രമാണ് എന്ന് ആരോപണമുണ്ട്. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് സമയത്ത് വികാരങ്ങള്‍ ഇളക്കിവിടാന്‍ ഇരുപക്ഷവും ഇടയ്ക്കിടെ പ്രശ്നം ഉപയോഗിക്കുന്നു. നിലവില്‍ സ്ഥാനപതികളുടെ തിരിച്ചുവരവിനും പഞ്ചാബ് വഴി കര അതിര്‍ത്തിയിലൂടെ വ്യാപാരം പുനരാരംഭിക്കുന്നതിനും അപ്പുറത്തേക്ക് എന്തെങ്കിലും സംഭവിക്കാന്‍ സാധ്യത കുറവാണെന്ന് ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു.
എന്നാല്‍ ഈ പ്രക്രിയ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായ ഏറ്റവും മികച്ച സമന്വയ ശ്രമമാണെന്ന് തോന്നുന്നു. ബൈഡന്‍ ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ വിശാലമായ സമാധാന ചര്‍ച്ചകള്‍ തേടുന്നതിനിടയിലാണ് ഇത് നടക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുടെ അതിര്‍ത്തിയില്‍ വികസനം വര്‍ധിപ്പിക്കാനും സൈനിക ശക്തി കേന്ദ്രീകരിക്കാനും ആഗ്രഹിക്കുന്നു. അതേസമയം പാക്കിസ്ഥാന്‍ നേതാക്കള്‍ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്നു. ഈ സാഹചര്യത്തില്‍ യുഎസുമായി ഒത്തുപോകേണ്ടത് കടക്കെണിയിലായ പാക്കിസ്ഥാന് ഒഴിച്ചൂകൂടാനാവത്തതാണ്. ചൈനയെമാത്രം വിശ്വസിച്ച് മുന്നോട്ടുപോയി കടത്തില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുകയാണ് ഇന്ന് പാക്കിസ്ഥാന്.
അതേസമയം പാക് വിദേശകാര്യ മന്ത്രാലയം ചര്‍ച്ചകളെക്കുറിച്ചോ യുഎഇയുടെ പങ്കിനെക്കുറിച്ചോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതുപോലെതന്നെ ഇന്ത്യയും യുഎഇയും ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനം നടത്തിയിട്ടുമില്ല. കഴിഞ്ഞയാഴ്ചയാണ് പാക്കിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ഇന്ത്യയോട് “ഭൂതകാലത്തെ കുഴിച്ചിട്ട് മുന്നോട്ട് പോകാന്‍” ആവശ്യപ്പെട്ടത്. “നമ്മുടെ എല്ലാ പ്രശ്നങ്ങളും” പരിഹരിക്കുന്നതിനായി ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ സൈന്യം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീരിനെക്കുറിച്ച് പ്രമേയം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ പരാമര്‍ശം. ഞങ്ങലെ പിന്നോട്ടുനിര്‍ത്തുന്ന ഒരു പ്രശ്നം എന്നാണ് ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയത്തെ വിശേഷിപ്പിച്ചത്. ഖാന് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റും ചെയ്തിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നതിന്‍റെ മറ്റൊരു അടയാളമാണിതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഇന്ത്യയുമായും പാക്കിസ്ഥാനുമായും ചരിത്രപരമായ വ്യാപാരവും നയതന്ത്ര ബന്ധവുമുള്ള രാജ്യമാണ് യുഎഇ. ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ കീഴില്‍ ഇന്ന് വിവിധവിഷയങ്ങളില്‍ അവര്‍ കൂടുതല്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. ആഗോള വ്യാപാര, ലോജിസ്റ്റിക് ഹബ് എന്ന നിലയിലുള്ള സഖ്യങ്ങളെ ശക്തിപ്പെടുത്തുന്നതിനാല്‍ ഏഷ്യയിലേക്കും ഇത് ശ്രദ്ധ ചെലുത്തുന്നു.
ഈവിഷയത്തില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി സൂചനകള്‍ യുഎഇയുടെ പങ്ക് ചൂണ്ടിക്കാണിക്കുന്നു. നവംബറില്‍ അബുദാബി സന്ദര്‍ശനവേളയില്‍ ജയ്ശങ്കര്‍ ബിന്‍ സായിദിനെയും കിരീടാവകാശിയെയും സന്ദര്‍ശിച്ചിരുന്നു.അടുത്ത മാസം പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയുമായും ചര്‍ച്ചനടത്തി. ഫെബ്രുവരി 25 പ്രഖ്യാപനത്തിന് ഏകദേശം രണ്ടാഴ്ച മുമ്പ് യുഎഇ വിദേശകാര്യമന്ത്രി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ഒരു ഫോണ്‍ സംഭാഷണം നട്തുകയും ചെയ്തു. അതില്‍ പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ താല്‍പ്പര്യ വിഷയങ്ങള്‍ അടങ്ങിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ്, ഖാന്‍റെ വിമാനം സന്ദര്‍ശനത്തിനായി ശ്രീലങ്കയിലേക്ക് പോകുമ്പോള്‍ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറക്കാന്‍ ഇന്ത്യ അനുവദിച്ചു. ഇത് 2019 ലെ വ്യോമാക്രണം മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പ്രസ്താവന ഇറക്കിയ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ, അവര്‍ ഇന്ത്യയുമായും പാക്കിസ്ഥാനുമായും ഉള്ള “അടുത്ത ചരിത്രപരമായ ബന്ധങ്ങള്‍” ഉയര്‍ത്തിക്കാട്ടുകയും “ഇരു രാജ്യങ്ങളും നടത്തിയ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.