Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രാജ്യത്തിന് അർഹമായ സ്ഥാനമുറപ്പാക്കാൻ ഇന്ത്യയുടെ ശാസ്ത്രസമൂഹത്തിനാകും: പ്രധാനമന്ത്രി

1 min read

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 108-ാം ഇന്ത്യൻ ശാസ്ത്രകോൺഗ്രസിനെ (ഐഎസ്‌സി) വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു. “സ്ത്രീശാക്തീകരണത്തിനൊപ്പം സുസ്ഥിരവികസനത്തിനായുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും” എന്നതാണ് ഈ വർഷത്തെ ഐഎസ്‌സിയുടെ പ്രധാന പ്രമേയം. സുസ്ഥിരവികസനവും സ്ത്രീശാക്തീകരണവും, ഇവ കൈവരിക്കുന്നതിൽ ശാസ്ത്ര-സാങ്കേതികവിദ്യയുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കു സമ്മേളനം സാക്ഷ്യംവഹിക്കും.

സമ്മേളനത്തെ അഭിസംബോധനചെയ്യവേ, വരുന്ന 25 വർഷത്തെ ഇന്ത്യയുടെ വികസനത്തിന്റെ കഥയിൽ ഇന്ത്യയുടെ ശാസ്ത്രശക്തിയുടെ പങ്കു സുപ്രധാനമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “രാഷ്ട്രസേവനത്തിനുള്ള മനോഭാവം അഭിനിവേശത്തോടൊപ്പം ശാസ്ത്രത്തിൽ സന്നിവേശിപ്പിക്കപ്പെടുമ്പോൾ, അതിന്റെ ഫലങ്ങൾ അഭൂതപൂർവമാകും. എല്ലായ്പോഴും നമ്മുടെ രാജ്യത്തിന് അർഹമായ സ്ഥാനമുറപ്പാക്കാൻ ഇന്ത്യയുടെ ശാസ്ത്രസമൂഹത്തിനാകുമെന്ന് എനിക്കുറപ്പുണ്ട്”- അദ്ദേഹം പറഞ്ഞു.

നിരീക്ഷണമാണു ശാസ്ത്രത്തിന്റെ വേരെന്നും, അത്തരം നിരീക്ഷണങ്ങളിലൂടെയാണു ശാസ്ത്രജ്ഞർ ശരിയായ രീതികൾ പിന്തുടരുകയും ആവശ്യമായ ഫലങ്ങൾ കൈവരിക്കുകയും ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി, വിവരശേഖരണത്തിന്റെയും ഫലങ്ങൾ വിശകലനം ചെയ്യുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ ഡാറ്റയും സാങ്കേതികവിദ്യയും സുലഭമായി ലഭിക്കുന്നതു ചൂണ്ടിക്കാട്ടി, ഇന്ത്യൻ ശാസ്ത്രത്തെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകാൻ ഇതിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വിവരങ്ങൾ ഉൾക്കാഴ്ചയായും വിശകലനം പ്രവർത്തനക്ഷമമായ വിജ്ഞാനമായും മാറ്റുന്നതിന് ഏറെ സഹായകമാകുന്ന ഡാറ്റാവിശകലനമേഖല അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. “പരമ്പരാഗത വിജ്ഞാനമായാലും ആധുനിക സാങ്കേതികവിദ്യയായാലും, ഇവയെല്ലാം ശാസ്ത്രീയ കണ്ടുപിടിത്തങ്ങളിൽ നിർണായകപങ്കു വഹിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. ഗവേഷണാധിഷ്ഠിത വികസനത്തിന്റെ വിവിധ സാങ്കേതികവിദ്യകളിലൂടെ ശാസ്ത്രപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്

ശാസ്ത്രീയ സമീപനത്തോടുകൂടിയ ഇന്ത്യയുടെ പ്രയത്നങ്ങളുടെ ഫലത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, 2015ൽ 81-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2022ൽ ആഗോള നവീകരണ സൂചികയിൽ 40-ാം സ്ഥാനത്തേക്കു മുന്നേറിയതായി ചൂണ്ടിക്കാട്ടി. ഇതിലൂടെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയെ പരിഗണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പിഎച്ച്‌ഡികളുടെയും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളുടെയും എണ്ണത്തിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്നു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

സുസ്ഥിരവികസനവും സ്ത്രീശാക്തീകരണവും സമന്വയിപ്പിക്കുന്ന ഈ വർഷത്തെ ശാസ്ത്രകോൺഗ്രസിന്റെ പ്രമേയത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഈ രണ്ടുമേഖലകൾ പരസ്പരപൂരകമായി പ്രവർത്തിക്കുന്നതിന് ഊന്നൽ നൽകി. “ശാസ്ത്രത്തിലൂടെ സ്ത്രീശാക്തീകരണം എന്നു മാത്രമല്ല നാം ചിന്തിക്കുന്നത്; സ്ത്രീകളുടെ സംഭാവനയിലൂടെ ശാസ്ത്രത്തെയും ശാക്തീകരിക്കണം എന്നുകൂടിയാണ്”- അദ്ദേഹം പറഞ്ഞു.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം

ജി20 അധ്യക്ഷപദവിക്കുള്ള അവസരം ഇന്ത്യക്കാണെന്നു പറഞ്ഞ പ്രധാനമന്ത്രി, അധ്യക്ഷപദവിയിൽ സ്വീകരിക്കുന്ന ഏറെ മുൻഗണന നൽകുന്ന വിഷയങ്ങളിലൊന്നാണു സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനമെന്നു ചൂണ്ടിക്കാട്ടി. കഴിഞ്ഞ എട്ടുവർഷത്തിനിടെ, ഭരണവും സമൂഹവുംമുതൽ സമ്പദ്‌വ്യവസ്ഥവരെ, ഇന്നു ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന സവിശേഷമായ പ്രവൃത്തികൾ ഇന്ത്യ ഏറ്റെടുത്തതായി അദ്ദേഹം അറിയിച്ചു. ചെറുകിട-വൻകിട വ്യവസായങ്ങളിലെ പങ്കാളിത്തത്തിലാകട്ടെ, സ്റ്റാർട്ടപ്പ് ലോകത്തെ നേതൃത്വത്തിലാകട്ടെ, ഇവയിലെല്ലാം തങ്ങളുടെ ശക്തി ലോകത്തിനുമുന്നിൽ പ്രകടമാക്കുന്ന സ്ത്രീകളെ ഉയർത്തിക്കാട്ടി, ഇന്ത്യയിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ നിർണായകമായ മുദ്ര യോജനയെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. പരിധികൾക്കപ്പുറമുള്ള ഗവേഷണ-വികസനമേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഇരട്ടിയാക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. “സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നത്, സ്ത്രീകളും ശാസ്ത്രവും രാജ്യത്തു പുരോഗമിക്കുന്നു എന്നതിനു തെളിവാണ്”- ശ്രീ മോദി പറഞ്ഞു.

  ഐഐഎം സമ്പല്‍പൂര്‍ എക്സിക്യൂട്ടീവ് എംബിഎക്ക് അപേക്ഷിക്കാം
Maintained By : Studio3