October 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുള്ള സഖ്യത്തില്‍ സൗദി അറേബ്യയും

അമേരിക്ക, കാനഡ, നോര്‍വേ, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് നെറ്റ് സീറോ പ്രൊഡ്യൂസേഴ്‌സ് ഫോറത്തിലെ മറ്റംഗങ്ങള്‍

ദുബായ്: കാലാവസ്ഥ വ്യതിയാനത്തില്‍ നിന്നും ലോകത്തെ സംരക്ഷിക്കുന്നതിനുള്ള പാരീസ് ഉടമ്പടി നടപ്പിലാക്കുന്നതിനും നെറ്റ് സീറോ എമിഷന്‍(കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ ഇല്ലാതാക്കുക) നേടുന്നതിനുമായി സൗദി അറേബ്യ ഉള്‍പ്പടെയുള്ള ലോകത്തിലെ മുന്‍നിര എണ്ണ, വാതക ഉല്‍പ്പാദകര്‍ ചേര്‍ന്ന് നെറ്റ് സീറോ പ്രൊഡ്യൂസേഴ്‌സ് ഫോറം രൂപീകരിച്ചു. അമേരിക്ക, കാനഡ, നോര്‍വേ, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് ഫോറത്തിലെ മറ്റംഗങ്ങള്‍.

കാലാവസ്ഥ വ്യതിയാനം ആഗോള തലത്തില്‍ ഉണ്ടാക്കുന്ന ആഘാതം തിരിച്ചറിയുന്നതായും പാരീസ് ഉടമ്പടിയുടെ പൂര്‍ണമായ നടപ്പാക്കലിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഫോറത്തിന് പിന്തുണ അറിയിച്ച് സൗദി ഊര്‍ജ മന്ത്രി നിരീക്ഷിച്ചു. എണ്ണ, വാതക ഉല്‍പ്പാദക ലോകത്തെ നാല്‍പ്പത് ശതമാനത്തെ പ്രതിനീധികരിക്കുന്ന ഈ രാജ്യങ്ങള്‍ നെറ്റ് സീറോ എമിഷന്‍ നയങ്ങള്‍ക്ക് രൂപം നല്‍കുന്നതിനുള്ള സഹകരണ ഫോറത്തിന് തുടക്കമിടുന്നതായി സംയുക്ത പ്രസ്താവനയില്‍ അംഗരാജ്യങ്ങള്‍ അറിയിച്ചു.

മീഥെയ്ന്‍ പുറന്തള്ളല്‍ കുറയ്ക്കുക, കാര്‍ബണ്‍ ഇക്കോണമി സമീപനത്തില്‍ മുന്നേറുക, സംശുദ്ധ ഊര്‍ജ, കാര്‍ബണ്‍ കാപ്ചര്‍, സംഭരണ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക, വിന്യസിക്കുക, എണ്ണ വ്യവസായത്തില്‍ നിന്നുള്ള വരുമാനത്തിലുള്ള ആശ്രിതത്വം കുറച്ച് സാമ്പത്തിക വൈവിധ്യവല്‍ക്കരണം നടപ്പിലാക്കുക എന്നിവയാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. പാരീസ് ഉടമ്പടി മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങള്‍ നടപ്പിലാക്കാനും ഓരോ രാജ്യങ്ങളിലെയും സാഹചര്യങ്ങള്‍ക്ക് അനുസൃതമായ എമിഷന്‍ ലക്ഷ്യങ്ങള്‍ കണ്ടെത്താനും രാജ്യങ്ങള്‍ക്ക് സഹായമൊരുക്കാനും ഫോറത്തിന് പദ്ധതിയുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലാവസ്ഥ ഉച്ചകോടിക്ക് ലോകനേതാക്കള്‍ ഒന്നിച്ചുകൂടുന്ന സാഹചര്യത്തിലാണ് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങള്‍ ഫോറം രൂപീകരിച്ചിരിക്കുന്നത്. ബൈഡന്റെ യോഗത്തില്‍ പങ്കെടുക്കാനുള്ള ലോകനേതാക്കളുടെ താല്‍പ്പര്യം ആവേശമുണ്ടാക്കുന്നതാണെന്ന് ആഗോള പ്രകൃതി വിഭവ കണ്‍സള്‍ട്ടന്‍സിയായ വുഡ് മക്കെന്‍സിയുടെ അമേരിക്കന്‍ യൂണിറ്റ് വൈസ് ചെയര്‍മാനായ എഡ് ക്രൂക്ക്‌സ് അഭിപ്രായപ്പെട്ടിരുന്നു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ക്ക് രൂപം നല്‍കുകയാണ് ബൈഡന്റെ യോഗത്തിന്റെ മുഖ്യ അജണ്ട.

Maintained By : Studio3