ആയുധ നിയന്ത്രണ ഉടമ്പടി: യുഎസ് നിര്‍ദ്ദേശം റഷ്യ സ്വാഗതം ചെയ്തു
മോസ്‌കോ: ആയുധ നിയന്ത്രണ ഉടമ്പടി നീട്ടുന്നതിനുള്ള യുഎസ് നിര്‍ദ്ദേശത്തെ റഷ്യ സ്വാഗതം ചെയ്തു. തന്ത്രപ്രധാന ആയുധങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ഉടമ്പടി (ന്യൂ സ്റ്റാര്‍ട്ട്) നീട്ടുന്നതു സംബന്ധിച്ചാണ് ജോ ബൈഡന്‍ ഭരണകൂടം അനൗദ്യോഗികമായി അഭിപ്രായം മുന്നോട്ടുവെച്ചത്. എല്ലാം പദ്ധതിയുടെ വിശദാംശങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ക്രെംലിന്‍ പറയുന്നു. ഉടമ്പടി സംരക്ഷിക്കുന്നതിനും കാലാവധി ദീര്‍ഘിപ്പിക്കുന്നതിനും റഷ്യ അനുകൂലമാണ്. ഇതുസംബനധിച്ച് ഉചിതമായ ചര്‍ച്ചകള്‍ക്കും മോസ്‌കോ അനുകൂല നിലപാട് പ്രകടിപ്പിക്കുന്നതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവിനെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി പറഞ്ഞു. പരസ്പരം ആശങ്കകള്‍ കണക്കിലെടുക്കുന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഉടമ്പടി നീട്ടുന്നതു സംബന്ധിച്ച് മോസ്‌കോയ്ക്ക് ഒദ്യോഗിക നിര്‍ദ്ദേശം വാഷിംഗ്ടണില്‍ നിന്ന് ലഭിച്ചോ എന്ന ചോദ്യത്തിന് ക്രെംലിന്‍ വക്താവ് ഇത് സംബന്ധിച്ച് നിലവില്‍ വിവരങ്ങളൊന്നുമില്ലെന്ന് അഭിപ്രായപ്പെട്ടു. ആയുധ നിയന്ത്രണം സംബന്ധിച്ച് റഷ്യയുടെ നിലപാട് മാറ്റമില്ലാത്തതും ഏവര്‍ക്കും അറിയാവുന്നതുമാണെന്ന്് പെസ്‌കോവ് കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 5 ന് കാലഹരണപ്പെടാന്‍ പോകുന്ന ന്യൂ സ്റ്റാര്‍ട്ടിന്റെ അഞ്ചുവര്‍ഷത്തെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് ബൈഡന്‍ ഭരണകൂടം വഴികള്‍ തേടുമെന്ന് യുഎസ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു പിറകേയാണ് റഷ്യയുടെ മറുപടി. ഉടമ്പടി നീട്ടുന്നതുമായി മുന്നോട്ടുപോകാനാണ് യുഎസ് ഭരണകൂടം ഉദ്ദേശിക്കുന്നതെന്ന് ബൈഡന്റെ സ്റ്റേറ്റ് സെക്രട്ടറി നോമിനിയായ ആന്റണി ബ്ലിങ്കന്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. 2010 ല്‍ ഒപ്പുവച്ച ന്യൂ സ്റ്റാര്‍ട്ട് ഇരു രാജ്യങ്ങളുടെയും സമ്മതത്തോടെ പരമാവധി അഞ്ച് വര്‍ഷം വരെ നീട്ടാന്‍ കഴിയും.
വിന്യസിച്ചിരിക്കുന്ന തന്ത്രപരമായ ന്യൂക്ലിയര്‍ വാര്‍ഹെഡുകളുടെയും ഡെലിവറി സംവിധാനങ്ങളുടെയും എണ്ണം പരിമിതപ്പെടുത്തുന്ന ഉടമ്പടി, രണ്ടു വന്‍ശക്തികള്‍ക്കിടയില്‍ പ്രാബല്യത്തില്‍വന്ന അവസാനത്തെ ആണവായുധ നിയന്ത്രണ കരാറാണ്.