Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിഫന്‍സ് പ്രൈമിംഗ് കണ്ടെത്തലുമായി ആര്‍ജിസിബി ശാസ്ത്രജ്ഞര്‍

തിരുവനന്തപുരം: കുരുമുളക് ചെടികളില്‍ പ്രകൃതിദത്തമായുള്ള പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വിളസംരക്ഷണ സംവിധാനമായ ഡിഫന്‍സ് പ്രൈമിംഗ് വികസിപ്പിച്ചെടുത്ത് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (ആര്‍ജിസിബി) ഗവേഷക സംഘം.

രാസവസ്തുക്കളും കീടനാശിനികളും ഉപയോഗിക്കാതെയുള്ള ഡിഫന്‍സ് പ്രൈമിംഗ് കുരുമുളക് ചെടികളുടെ രോഗപ്രതിരോധശേഷിയും കുരുമുളകിന്‍റെ തീക്ഷ്ണതയ്ക്ക് ആധാരമായ പൈപ്പറീനിന്‍റെ അളവും വര്‍ധിപ്പിക്കുന്നതായി ആര്‍ജിസിബി യിലെ ശാസ്ത്രജ്ഞയായ ഡോ. എസ്. മഞ്ജുളയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പഠനം തെളിയിക്കുന്നു.

കുരുമുളക് ചെടിയില്‍ നിന്നുള്ള സുസ്ഥിരമായ വിളലഭ്യതയ്ക്ക് രോഗങ്ങളും കീടങ്ങളും ഗുരുതരമായ വെല്ലുവിളിയാകാറുണ്ട്. ചെടി നഴ്സറികളിലെയും കുരുമുളക് തോട്ടങ്ങളിലെയും കുരുമുളക് ചെടികളില്‍ വ്യാപകമായി കണ്ടുവരുന്ന ദ്രുതവാട്ടം അഥവാ കുമിള്‍ രോഗം ഇതില്‍ പ്രധാനപ്പെട്ടതാണ്. കുരുമുളക് കര്‍ഷകര്‍ക്ക് വലിയ വിള നാശമാണ് ഇതുമൂലമുണ്ടാകുന്നത്. ഇതിനൊരു പരിഹാരം കൂടിയാണ് ഡിഫന്‍സ് പ്രൈമിംഗ്.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

ഫൈറ്റോഫ്തോറ കാപ്സിസി എന്ന സൂഷ്മജീവി കാരണമുണ്ടാകുന്ന ദ്രുതവാട്ട രോഗം ബാധിച്ച കുരുമുളക് വള്ളികള്‍ പെട്ടെന്നു വാടി  ഉണങ്ങി പൂര്‍ണമായും നശിക്കും. വേരുചീയല്‍, ഇലകളിലെ മഞ്ഞളിപ്പ്, ഇലകളിലെ കറുത്തപാടുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

‘ഫ്രോണ്ടിയേഴ്സ് ഇന്‍ പ്ലാന്‍റ് സയന്‍സ്’ എന്ന ജേണലില്‍ ഇവരുടെ പഠനത്തിന്‍റെ കണ്ടെത്തലുകള്‍ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. ചെടികളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതും വെള്ളത്തില്‍ ലയിക്കുന്നതും വിഷരഹിതവുമായ ഗ്ലൈക്കോള്‍ കൈറ്റോസാന്‍ (ജിസി) എന്ന പോളിസാക്കറൈഡാണ് പഠനത്തിനായി ഉപയോഗിച്ചത്.

കുരുമുളക് ചെടിയുടെ ഇലകളില്‍ ഗ്ലൈക്കോള്‍ കൈറ്റോസാന്‍ കടത്തിവിട്ടതിന് ശേഷമാണ് ഗവേഷണ സംഘം പഠനം നടത്തിയത്. ഗ്ലൈക്കോള്‍ കൈറ്റോസാന്‍റെ ഉപയോഗത്തിലൂടെ കുരുമുളക് ചെടിയുടെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്ന ജീനുകളുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെന്ന് തെളിയിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.

  സുരക്ഷാ ഡയഗ്നോസ്റ്റിക് ലിമിറ്റഡ് ഐപിഒ

കുരുമുളക് ചെടിയ്ക്ക് രോഗപ്രതിരോധശേഷി വര്‍ധിച്ചതിലൂടെ ചെടിയില്‍ ദ്രുതവാട്ടത്തിന്‍റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന്‍റെ കാലാവധി കൂടുകയും രോഗതീവ്രത കുറയുകയും ചെയ്തു. കുരുമുളകിന്‍റെ തീക്ഷ്ണതയ്ക്ക് പ്രധാന കാരണമായ പൈപ്പറീനിന്‍റെ അളവില്‍ ഗണ്യമായ വര്‍ധന ഉണ്ടാക്കാന്‍ ഗ്ലൈക്കോള്‍ കൈറ്റോസാന്‍ ചെടികള്‍ക്ക് നല്കിയതിലൂടെ സാധിച്ചതായും പഠനത്തിലൂടെ വെളിപ്പെടുന്നു.

കുരുമുളക് ചെടികള്‍ക്ക് മാത്രമല്ല മറ്റ് പല വിളകളിലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു സുപ്രധാന ഗവേഷണമാണിതെന്ന് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. അപകടസാധ്യതയുള്ള കീടനാശിനികളും കൃത്രിമ രാസവസ്തുക്കളും ഉപയോഗിക്കാതെയുള്ള ഡിഫന്‍സ് പ്രൈമിംഗ് സുസ്ഥിരവും പരിസ്ഥിതി സൗഹാര്‍ദവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

എല്ലാ സസ്യങ്ങള്‍ക്കും കരുത്തുറ്റതും കാര്യക്ഷമവുമായ രോഗപ്രതിരോധ സംവിധാനമുണ്ടെന്നും പ്രത്യേക പാരിസ്ഥിതിക, ജൈവ, രാസ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഓരോ ചെടിയും മികച്ച പ്രതിരോധശേഷി കാണിക്കുമെന്നും ഡോ. മഞ്ജുള പറഞ്ഞു. സസ്യങ്ങളിലെ പ്രതിരോധ സംവിധാനത്തിന്‍റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലൂടെ സുസ്ഥിരമല്ലാത്തതും വിഷമയവുമായ കീടനാശിനികളെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

വിളസംരക്ഷണം ഉറപ്പു വരുത്തിക്കൊണ്ട് കുരുമുളക് ചെടിയില്‍ പ്രതിരോധ പ്രൈമിംഗ് പ്രയോജനപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയ തെളിവുകള്‍ നല്‍കുന്ന ആദ്യ പഠന റിപ്പോര്‍ട്ടാണിത്. വിളനഴ്സറികളിലും കൃഷിയിടങ്ങളിലും ഇത് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ കഴിയും. അതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3