ആവശ്യകതയില്‍ വീണ്ടെടുപ്പ് വജ്ര വ്യവസായത്തിന്റെ വരുമാന നഷ്ടം പിടിച്ചുനിര്‍ത്തും
1 min readന്യൂഡെല്‍ഹി: യുഎസും ചൈനയും പോലുള്ള പ്രധാന വിപണികളിലെ ചില്ലറ വില്‍പ്പനയിലുണ്ടായ വീണ്ടെടുക്കലും മാറ്റിവെച്ചിരുന്ന ആവശ്യകതയുടെ തിരിച്ചുവരവും വജ്രങ്ങള്‍ക്കായുള്ള ശരാശരി ചെലവഴിക്കല്‍ ഉയരുന്നതും നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനത്തില്‍ കോവിഡ് 19 സൃഷ്ടിക്കുന്ന ആഘാതത്തെ പരിമിതപ്പെടുത്താന്‍ ഇന്ത്യയുടെ വജ്ര വ്യവസായത്തെ സഹായിക്കുമെന്ന് നിലയിരുത്തല്‍. ഈ സാമ്പത്തിക വര്‍ഷം 15 ബില്യണ്‍ ഡോളറിനു മുകളില്‍ വരുമാനം ഇന്ത്യയിലെ വജ്ര വ്യവസായം സ്വന്തമാക്കുമെന്നാണ് ക്രിസിലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കോവിഡ് -19 മഹാമാരി മൂലം വജ്ര വ്യവസായത്തിന്റെ വരുമാനത്തില്‍ മൂന്നിലൊന്നിന്റെ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എങ്കിലും, ഇപ്പോഴത് ഏകദേശം 20 ശതമാനത്തിലേക്ക് ചുരുങ്ങുമെന്നാണ് റേറ്റിംഗ് ഏജന്‍സി വിലയിരുത്തുന്നത്. ആഗോളതലത്തില്‍ ആവശ്യകത മാന്ദ്യത്തിലായതും ലോക്ക്ഡൗണുകളും മൂലം വജ്ര കയറ്റുമതി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 5.5 ബില്യണ്‍ ഡോളറായി കുറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് പകുതിയോളം കുറവ്. എന്നിരുന്നാലും, മൂന്നാം പാദത്തില്‍ കയറ്റുമതി പ്രതിമാസം ശരാശരി 1.6 ബില്യണ്‍ ഡോളര്‍ എന്ന തലത്തിലേക്ക് ഉയര്‍ന്നു. ഇത് മൊത്തം വര്‍ഷത്തില്‍ 15 ബില്യണ്‍ ഡോളര്‍ വരുമാനം സ്വന്തമാക്കുന്നതിന് വ്യവസായത്തെ സജ്ജമാക്കി.
അടുത്ത മാസങ്ങളിലെ പ്രവണതകള്‍ പ്രോത്സാഹജനകമാണെന്ന് ക്രിസില്‍ റേറ്റിംഗ് ലിമിറ്റഡ് ചീഫ് റേറ്റിംഗ് ഓഫീസര്‍ സുബോദ് റായ് പറഞ്ഞു. ‘യുഎസിലെയും ചൈനയിലെയും ചില്ലറ വില്‍പ്പന ഏകദേശം 3-5 ശതമാനം വരെ വര്‍ദ്ധിച്ചു, ഇത് ഇടത്തരം വ്യവസായത്തിന്റെ വരുമാനത്തിന് സുസ്ഥിരത നല്‍കും. യൂറോപ്യന്‍ യൂണിയന്റെ ചില ഭാഗങ്ങളില്‍ പുതിയ ലോക്ക്ഡൗണുകള്‍ ഉണ്ടെങ്കിലും കോവിഡ് -19 വാക്‌സിനുകള്‍ വ്യാപകമാകുന്നത് ആഗോളതലത്തിലെ ഒരു വലിയ തടസ്സം ലഘൂകരിക്കും,’ അദ്ദേഹം പറഞ്ഞു.