September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുഎന്‍ പട്ടികയില്‍ ഇടം നേടി ഉത്തരവാദിത്ത ടൂറിസം മിഷന്‍

1 min read

തിരുവനന്തപുരം: കേരള ടൂറിസത്തിന്‍റെ അഭിമാന പദ്ധതിയായ ഉത്തരവാദിത്ത ടൂറിസം മിഷന്‍ (ആര്‍ടി മിഷന്‍) ഐക്യരാഷ്ട്ര സഭ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍റെ ആഗോള പഠന വിഷയ പട്ടികയില്‍ ഇടം നേടി. ആകെ എട്ടു രാജ്യങ്ങളില്‍ നിന്നുള്ള പദ്ധതികളാണ് ഈ ആഗോള പട്ടികയില്‍ ഇടംപിടിച്ചത്. ജി20 രാജ്യങ്ങളിലെ ടൂറിസം മേഖലയില്‍ നിന്നുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കായുള്ള പ്രത്യേക ഡാഷ് ബോര്‍ഡിലാണ് ഉത്തരവാദിത്ത ടൂറിസം മിഷനും ഇടം നേടിയത് ഹരിത ടൂറിസം എന്ന മുന്‍ഗണന വിഷയത്തില്‍ ഇന്ത്യയില്‍ നിന്ന് ഉത്തരവാദിത്ത ടൂറിസവും, തബോഡ-അന്ധേരി കടുവാ പദ്ധതിയും ഇടം പിടിച്ചു. മെക്സിക്കോ, ജര്‍മ്മനി, മൗറീഷ്യസ്, ടര്‍ക്കി, ഇറ്റലി, ബ്രസീല്‍, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നാണ് മറ്റ് പദ്ധതികള്‍.

  യു-ബോട്ടിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹീലിയോസ്

പ്രാദേശിക സമൂഹത്തിന്‍റെ ഉന്നമനത്തിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ വിജയിച്ചുവെന്ന് പഠനത്തില്‍ വിലയിരുത്തുന്നു. ഉത്തരവാദിത്ത ടൂറിസം മേഖലകള്‍ വികസിപ്പിച്ചെടുക്കുകയും അവിടെയെല്ലാം പ്രാദേശിക ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. ഇതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താന്‍ കഴിയുകയും അതു വഴി ഈ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുകയും ചെയ്തുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി കേരള ടൂറിസത്തിന്‍റെ വെബ്സൈറ്റ് ലിങ്കും ഡാഷ് ബോര്‍ഡില്‍ നല്‍കിയിട്ടുണ്ട്.

അന്താരാഷ്ട്രതലത്തില്‍ തന്നെ കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ മാതൃകയായി മാറിക്കഴിഞ്ഞുവെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആഗോള ടൂറിസം സമൂഹം കേരളത്തിന്‍റെ മുന്നേറ്റങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഈ പദ്ധതിയോട് കാണിക്കുന്ന താത്പര്യം ഏറെ പ്രചോദനം പകരുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഉത്തരവാദിത്ത ടൂറിസം മിഷന്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റുമ്പോള്‍ അത് കേരള ടൂറിസത്തിന്‍റെ ശോഭനമായ ഭാവിക്കാണ് വഴി വയ്ക്കുന്നതെന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര പ്രശസ്തമാകുന്നതോടെ സംസ്ഥാനത്തെ ടൂറിസം വ്യവസായം മികച്ച വളര്‍ച്ച കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി20 യുടെ അനുബന്ധ സമ്മേളനം കുമരകത്ത് നടത്താനായത് ഈ ദിശയിലേക്കുള്ള മികച്ച കല്‍വയ്പായിരുന്നെന്ന് സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ് ചൂണ്ടിക്കാട്ടി. നമ്മുടെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാന്‍ പ്രതിനിധികള്‍ക്ക് അവസരമുണ്ടായി. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ആഗോള സാമൂഹ്യമാധ്യമ ഹാന്‍ഡിലുകളില്‍ ഉത്തരവാദിത്ത ടൂറിസം വിഷയമായതും അദ്ദേഹം ചൂണ്ടിക്കാട്ടി.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ
Maintained By : Studio3