ആര്‍ബിഐ സര്‍ക്കുലര്‍ – എന്‍ബിഎഫ്‌സികളും യുസിബികളും റിസ്‌ക് അധിഷ്ഠിത ഓഡിറ്റിംഗിന്
1 min readഒരു സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള റിസ്‌ക് മാനേജ്‌മെന്റ് സംവിധാനങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഓഡിറ്റ് രീതിയാണ് ഫലപ്രദമായ റിസ്‌ക്-ബേസ്ഡ് ഇന്റേണല്‍ ഓഡിറ്റ് (ആര്‍ബിഐഎ)
ന്യൂഡെല്‍ഹി: ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളെയും (എന്‍ബിഎഫ്സി) നഗര സഹകരണ ബാങ്കുകളെയും (യുസിബി) റിസ്‌ക് അധിഷ്ഠിത ഇന്റേണല്‍ ഓഡിറ്റിന്റെ (ആര്‍ബിഐഎ) ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കി. 5,000 കോടി രൂപയോ അതിനു മുകളിലോ ആസ്തിയുള്ള, നിക്ഷേപം സ്വീകരിക്കുന്നതും അല്ലാത്തതുമായ എന്‍ബിഎഫ്‌സികള്‍ക്ക് സര്‍ക്കുലര്‍ ബാധകമാണ്. 500 കോടി രൂപയോ അതിന് മുകളിലോ ആസ്തിയുള്ള നഗര സഹകരണ ബാങ്കുകളെയാണ് ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ശക്തമായ ആഭ്യന്തര ഓഡിറ്റിംഗ് സാധ്യമാകുന്ന തരത്തില്‍ മതിയായ അധികാരം, പദവി, സ്വാതന്ത്ര്യം, വിഭവങ്ങള്‍, പ്രൊഫഷണല്‍ ശേഷി എന്നിവ സജ്ജമാക്കാന്‍ സര്‍ക്കുലര്‍ ലക്ഷ്യമിടുന്നു. ഷെഡ്യൂള്‍ ചെയ്ത വാണിജ്യ ബാങ്കുകള്‍ക്കായി നിശ്ചയിച്ചിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വലിയ എന്‍ബിഎഫ്‌സികളിലും സഹകരണ ബാങ്കുകളിലും ഇതിലൂടെ നടപ്പാക്കപ്പെടുകയാണ്. അത്തരം സ്ഥാപനങ്ങളില്‍ ആര്‍ബിഐഎ നടപ്പാക്കുന്നത് അവരുടെ ആന്തരിക ഓഡിറ്റ് സിസ്റ്റത്തിന്റെ ഗുണനിലവാരവും ഫലപ്രാപ്തിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ആര്‍ബിഐ പ്രതീക്ഷിക്കുന്നു.
ഒരു സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള റിസ്‌ക് മാനേജ്‌മെന്റ് സംവിധാനങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഓഡിറ്റ് രീതിയാണ് ഫലപ്രദമായ റിസ്‌ക്-ബേസ്ഡ് ഇന്റേണല്‍ ഓഡിറ്റ് (ആര്‍ബിഐഎ). ഓര്‍ഗനൈസേഷന്റെ ആന്തരിക നിയന്ത്രണങ്ങള്‍, റിസ്‌ക് മാനേജുമെന്റ്, ഭരണ നിര്‍വഹണ പ്രക്രിയകള്‍ എന്നിവയുടെ ഗുണനിലവാരവും ഫലപ്രാപ്തിയും സംബന്ധിച്ച് ഡയറക്റ്റര്‍ ബോര്‍ഡിനും സീനിയര്‍ മാനേജ്മെന്റിനും ഒരു ഉറപ്പ് നല്‍കുന്നു.
ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം എന്‍ബിഎഫ്‌സികളില്‍ ഡയറക്ടര്‍ ബോര്‍ഡോ ബോര്‍ഡിന്റെ ഓഡിറ്റ് കമ്മിറ്റിയോ ആണ് ആര്‍ബിഐഎ-ക്ക് മേല്‍നോട്ടം വഹിക്കേണ്ടത്. യുസിബികളില്‍ ബോര്‍ഡ് മേല്‍നോട്ടം വഹിക്കും. 2022 മാര്‍ച്ച് 31 നകം നടപ്പാക്കാന്‍ സാധിക്കുന്ന തരത്തില്‍ ഒരു ആര്‍ബിഐഎ നയം രൂപീകരിക്കാനാണ് വിജ്ഞാപനത്തില്‍ ആര്‍ബിഐ ഈ സ്ഥാപനങ്ങളുടെ ബോര്‍ഡുകളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ബിസിനസ്സിന്റെ വലുപ്പവും സ്വഭാവവും പ്രവര്‍ത്തനങ്ങളുടെ സങ്കീര്‍ണ്ണതയും കണക്കിലെടുത്തുകൊണ്ടാണ് നയം രൂപീകരിക്കേണ്ടത്. കൃത്യമായ ഇടവേളകളില്‍ ആര്‍ബിഐഎ നയം വിലയിരുത്തുമെന്ന് സര്‍ക്കുലറില്‍ കേന്ദ്ര ബാങ്ക് വ്യക്തമാക്കുന്നു.