റിലയന്‍സ് ഇന്‍ഫ്രാ മുംബൈയിലെ ആസ്ഥാനം യെസ് ബാങ്കിന് വിറ്റു
1 min readമുംബൈ: റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മുംബൈയിലെ തങ്ങളുടെ ആസ്ഥാന മന്ദിരം യെസ് ബാങ്കിന് 1,200 കോടി രൂപയ്ക്ക് വിറ്റു. കെട്ടിടത്തെ തങ്ങളുടെ കോര്‍പ്പറേറ്റ് ആസ്ഥാനമാക്കി യെസ് ബാങ്ക് മാറ്റും. സാന്‍റാക്രൂസിലെ റിലയന്‍സ് സെന്‍റര്‍ വില്‍പ്പനയിലൂടെ ലഭിക്കുന്ന മുഴുവന്‍ വരുമാനവും തങ്ങളുടെ വായ്പ തിരിച്ചടക്കുന്നതിനാണ് റിലയന്‍സ് ഇന്‍ഫ്രാ പ്രയോജനപ്പെടുത്തുക.
ഈ വര്‍ഷം ജനുവരി മുതല്‍ മൂന്ന് പ്രധാന ആസ്തികള്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിറ്റിട്ടുണ്ട്. ദില്ലി-ആഗ്ര ടോള്‍ റോഡും വൈദ്യുതി ട്രാന്‍സ്മിഷന്‍ ആസ്തിയായ പര്‍ബതി കോള്‍ഡാം ട്രാന്‍സ്മിഷന്‍ ലിമിറ്റഡുമാണ് ഇതിന് മുമ്പ് വിറ്റത്. ഇതോടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിനുള്ള എക്സ്പോഷര്‍ യെസ് ബാങ്ക് പകുതിയായി കുറച്ചു. ഇനി 2000 കോടി രൂപയാണ് ബാങ്കിലേക്ക് കമ്പനി തിരിച്ചടയ്ക്കാനുള്ളത്.
അനില്‍ അംബാനി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഈ വര്‍ഷം അവസാനത്തോടെ വായ്പാഭാരം പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതോടെ യെസ് ബാങ്കിന്‍റെയും റിലയന്‍സ് ഇന്‍ഫ്രയുടെയും മൂല്യം ഓഹരി വിപണികളില്‍ ഉയര്‍ന്നിട്ടുണ്ട്.