പതിനൊന്ന് സ്‌പോര്‍ട്‌സ് മോഡുകളുമായി റെഡ്മി വാച്ച്
വില 3,999 രൂപ. ഫ്‌ളിപ്കാര്‍ട്ട്, മി.കോം, മി ഹോം സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും
ന്യൂഡെല്‍ഹി: റെഡ്മി വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബ്ലാക്ക്, ബ്ലൂ, ഐവറി എന്നീ മൂന്ന് വാച്ച് കേസ് കളര്‍ ഓപ്ഷനുകളിലും ബ്ലാക്ക്, ബ്ലൂ, ഐവറി, ഒലിവ് എന്നീ നാല് സ്ട്രാപ്പ് നിറങ്ങളിലും ലഭിക്കും. 3,999 രൂപയാണ് വില. മെയ് 25 ന് വില്‍പ്പന ആരംഭിക്കും. ഫ്‌ളിപ്കാര്‍ട്ട്, മി.കോം, മി ഹോം സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍നിന്ന് വാങ്ങാം. 2020 നവംബറില്‍ ചൈനീസ് വിപണിയില്‍ അരങ്ങേറിയതാണ് റെഡ്മി വാച്ച്. ഏതാനും മെച്ചപ്പെടുത്തലുകള്‍ നടത്തിയാണ് സ്മാര്‍ട്ട്‌വാച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചത്.
320, 320 പിക്‌സല്‍ റെസലൂഷന്‍, 350 നിറ്റ് പരമാവധി തെളിച്ചം എന്നിവ സഹിതം 1.4 ഇഞ്ച് ടിഎഫ്ടി എല്‍സിഡി ഡിസ്‌പ്ലേയാണ് റെഡ്മി വാച്ച് ഉപയോഗിക്കുന്നത്. 2.5ഡി കര്‍വ്ഡ് ഗ്ലാസ് നല്‍കി. വലതുവശത്ത് ഒരു ബട്ടണ്‍ കാണാം. ട്രാക്കിംഗ് ആവശ്യങ്ങള്‍ക്ക് ജിപിഎസ്, ഗ്ലോനാസ്, കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്ക് ബ്ലൂടൂത്ത് 5.1 എന്നിവ ലഭിച്ചു. 5 എടിഎം വാട്ടര്‍ റെസിസ്റ്റന്‍സ് സവിശേഷതയാണ്. ഇരുനൂറിലധികം വാച്ച് ഫേസുകള്‍ ലഭിക്കും. സിംഗിള്‍ ചാര്‍ജില്‍ പത്ത് ദിവസം വരെ ഉപയോഗിക്കാമെന്ന് ഷവോമി അവകാശപ്പെടുന്നു. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് രണ്ട് മണിക്കൂറില്‍ താഴെ സമയം മതി.
പിപിജി ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, 3 ആക്‌സിസ് ആക്‌സെലറേഷന്‍ സെന്‍സര്‍, ജിയോമാഗ്നറ്റിക് സെന്‍സര്‍, ബാരോമീറ്റര്‍, ജൈറോസ്‌കോപ്പ്, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ എന്നീ സെന്‍സറുകള്‍ ലഭിച്ചു. ട്രയല്‍ റണ്ണിംഗ്, ഹൈക്കിംഗ്, നടത്തം, ഇന്‍ഡോര്‍ സൈക്ലിംഗ്, നീന്തല്‍ തുടങ്ങി പതിനൊന്ന് സ്‌പോര്‍ട്‌സ് മോഡുകള്‍ സവിശേഷതയാണ്. ഹൃദയമിടിപ്പ് നിരീക്ഷണം, ഉറക്ക നിരീക്ഷണം, നിര്‍ദേശാനുസരണ ശ്വസനം, ലക്ഷ്യം നിശ്ചയിക്കല്‍, വായു മര്‍ദം അളക്കല്‍, ചുവടുകളുടെ എണ്ണം കണക്കുകൂട്ടല്‍ തുടങ്ങി നിരവധി ആരോഗ്യ സംബന്ധമായ ഫീച്ചറുകള്‍ ലഭിച്ചു. നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നതുകൂടാതെ, മ്യൂസിക് നിയന്ത്രിക്കുന്നതിനും അലാം വെയ്ക്കുന്നതിനും കാലാവസ്ഥ അറിയുന്നതിനും മറ്റും റെഡ്മി വാച്ച് ഉപയോഗിക്കാം. 35 ഗ്രാം മാത്രമാണ് സ്മാര്‍ട്ട്‌വാച്ചിന് ഭാരം.