ടാറ്റ മോട്ടോഴ്‌സിന് റെക്കോര്‍ഡ് പാറ്റന്റുകള്‍
കണക്റ്റഡ്, വൈദ്യുത, സുസ്ഥിര, സുരക്ഷിത വാഹനങ്ങളുമായി ബന്ധപ്പെട്ടാണ് മിക്ക പാറ്റന്റുകളും നേടിയത്
മുംബൈ: 2020 കലണ്ടര്‍ വര്‍ഷത്തില്‍ 80 പാറ്റന്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയും 98 പാറ്റന്റുകള്‍ കരസ്ഥമാക്കുകയും ചെയ്തതായി ടാറ്റ മോട്ടോഴ്‌സ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കണക്റ്റഡ്, വൈദ്യുത, സുസ്ഥിര, സുരക്ഷിത വാഹനങ്ങളുമായി ബന്ധപ്പെട്ടാണ് മിക്ക പാറ്റന്റുകളും നേടിയത്. ഓട്ടോമോട്ടീവ് ഇലക്ട്രോണിക്‌സ്, എന്‍വിഎച്ച്, പരമ്പരാഗത, ആധുനിക പവര്‍ട്രെയ്ന്‍ സംവിധാനങ്ങള്‍, സുരക്ഷ എന്നീ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ക്കാണ് പാറ്റന്റുകള്‍ ലഭിച്ചത്.
ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, പകര്‍പ്പവകാശം ഉള്‍പ്പെടെ വ്യത്യസ്ത വിഭാഗങ്ങളിലാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ വലിയ തോതിലുള്ള നിക്ഷേപമാണ് നടത്തിയത്. 2016 മുതല്‍ നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗവേഷണ, വികസന മേഖലയില്‍ ടാറ്റ മോട്ടോഴ്‌സ് വലിയ ശ്രദ്ധ പതിപ്പിക്കുന്നതായി ചീഫ് ടെക്‌നോളജി ഓഫീസര്‍ രാജേന്ദ്ര പേട്കര്‍ പറഞ്ഞു. ഇതിന്റെ ഗുണഫലങ്ങള്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഉല്‍പ്പന്നങ്ങളില്‍ കാണാന്‍ കഴിയുമെന്നും ബ്രാന്‍ഡ് ഇമേജ് വര്‍ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷയിലും ആല്‍ഫ/ ഒമേഗ പ്ലാറ്റ്‌ഫോമുകളിലുമാണ് കഴിഞ്ഞ നാല് വര്‍ഷമായി വിവിധ ടാറ്റ മോഡലുകള്‍ വിപണിയിലെത്തുന്നത്.