രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തമാസം 12ന്
1 min readതിരുവനന്തപുരം: കേരളത്തില്‍നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തമാസം 12ന് നടക്കും. കേരളത്തില്‍ നിന്നുള്ള രാജ്യസഭയിലെ മൂന്ന് അംഗങ്ങളുടെ കാലാവധി ഏപ്രിലില്‍ അവസാനിക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് (ഐയുഎംഎല്‍) നേതാവ് അബ്ദുല്‍ വഹാബ്, സിപിഎം നേതാവ് കെ.കെ. രാഗേഷ്, കോണ്‍ഗ്രസിന്‍റെ വയലാര്‍ രവി എന്നിവര്‍ ഏപ്രില്‍ 21 ന് വിരമിക്കും. ഏപ്രില്‍ 16 നകം തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി സീറ്റുകള്‍ നികത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് സംബന്ധിച്ച അറിയിപ്പുകള്‍ മാര്‍ച്ച് 24 ന് പുറപ്പെടുവിക്കും.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്, നാമനിര്‍ദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധന ഏപ്രില്‍ 3 വരെ നടത്താം, സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 5 ആണ്. മൂന്ന് സീറ്റുകളിലെയും പോളിംഗ് ഏപ്രില്‍ 12 ന് രാവിലെ 9 നും വൈകുന്നേരം 4 നും ഇടയില്‍ നടക്കും. വോട്ടെണ്ണലും അതേ ദിവസം വൈകുന്നേരം 5 മണിക്ക് നടക്കും.
കോവിഡ് -19 നായി പുറപ്പെടുവിച്ച വിശാലമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും ഓരോ വ്യക്തിയും മാസ്ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഹാളിന്‍റെ പ്രവേശന സമയത്ത് എല്ലാ വ്യക്തികള്‍ക്കും സ്കാനിംഗ് സൗകര്യം ഉണ്ടായിരിക്കണം. എല്ലാ സ്ഥലങ്ങളിലും സാനിറ്റൈസറുകള്‍ ലഭ്യമാക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.