രാജസ്ഥാനിലെ ബിജെപി യൂണിറ്റില്‍ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്
ജയ്പൂര്‍: രാജസ്ഥാനിലെ ബിജെപി യൂണിറ്റില്‍ ആഭ്യന്തരകലഹം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. മുന്‍പ് പോസ്റ്റര്‍ യുദ്ധമായി മാത്രം പരിമിതപ്പെട്ടിരുന്ന തര്‍ക്കങ്ങള്‍ ഇപ്പോള്‍ വാക്കാലുള്ള ഏറ്റുമുട്ടലുകളായി മറനീക്കി പുറത്തുവരികയാണ്. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ അനുയായികളും അല്ലാത്തവരും തമ്മിലാണ് കൊമ്പുകോര്‍ക്കുന്നത്. രാജസ്ഥാനില്‍ രാജെയാണ് ബിജെപി, ബിജെപിയാണ് രാജെ എന്നുമാണ് ഇപ്പോള്‍ മുന്‍ മുഖ്യമന്ത്രിയുടെ അനുയായികള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം ഈ വിഷയത്തില്‍ ആരും പാര്‍ട്ടിക്കതീതരല്ല എന്ന് പ്രഖ്യാപിച്ചതോടെ ഭിന്നത വര്‍ധിക്കുകയാണ്. ഒപ്പം പാര്‍ട്ടി നേതൃത്വത്തിനെതിരെ സംസാരിക്കുന്നത് തെറ്റായ നടപടിയാണെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
വസുന്ധര രാജെയുടെ പോസ്റ്ററുകള്‍ പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം രാജെയുടെ അനുയായികള്‍ സംസ്ഥാനത്ത് സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ്. രാജസ്ഥാനില്‍ ബപിജെപിയുടെ ഏക നേതാവാണ് രാജെ എന്ന് അവര്‍ അഭിപ്രായപ്പെടുന്നു. മുന്‍ ബിജെപി എംഎല്‍എമാരായ ഭവാനി സിംഗ് രാജാവത്ത്, പ്രഹ്ലാദ് ഗുന്നല്‍, പ്രതാപ് സിംഗ് സിംഗ്വി, മുന്‍ എംപി ബഹാദൂര്‍ സിംഗ് കോലി എന്നിവര്‍ രാജെയെ തങ്ങളുടെ ഏക നേതാവായി പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം പാര്‍ട്ടിയുടെ ഭരണഘടന പരമപ്രധാനമാണെന്നും അതിനായി തങ്ങളുടെ എല്ലാ പ്രവര്‍ത്തകരും രാവും പകലും ജോലി ചെയ്യുന്നുണ്ടെന്നും ആരും പാര്‍ട്ടിയെക്കാള്‍ വലുതല്ലെന്നും സംസ്ഥാന ബിജെപി മേധാവി സതീഷ് പൂനിയയും പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയയും വ്യക്തമാക്കി. പാര്‍ട്ടിയുടെ പ്രമുഖര്‍, എംഎല്‍എ, എംപി, അല്ലെങ്കില്‍ ഏതെങ്കിലും ഭാരവാഹികള്‍ എന്നിവര്‍ അനാവശ്യമായ വിവാദങ്ങള്‍ ഒഴിവാക്കേണ്ടതാണ്. അത്തരം പ്രസ്താവനകള്‍ നടത്തുന്നത് അവര്‍ക്ക് ഗുണകരമായിരിക്കില്ലെന്നും അവര്‍ പറയുന്നു. പാര്‍ട്ടിക്ക് അച്ചടക്കവും മാന്യതയുമുണ്ട്. ഒരു ഭരണഘടന പിന്തുടരുന്നുണ്ടെന്നും അതിനനുസരിച്ച് എല്ലാ അംഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൂനിയ പറഞ്ഞു.
‘ഓരോ വ്യക്തിക്കും പാര്‍ട്ടി വേദിയില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നു, പക്ഷേ പൊതുവേദികളില്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത് പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. പാര്‍ട്ടിയുടെ താല്‍പര്യം ഞങ്ങള്‍ക്ക് പരമപ്രധാനമാണ്. ഏതാനും പ്രവര്‍ത്തകര്‍ വ്യക്തിപരമായ അടിസ്ഥാനത്തില്‍ അത്തരം പ്രസ്താവനകള്‍ നടത്തുന്നു. ഇത് പാര്‍ട്ടിയുടെ പരിധിയില്‍ വരില്ല. അത്തരം ആളുകളെ നേതൃത്വത്തിന് അറിയാം, എന്ത് സംഭവിക്കും, എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. എന്നാല്‍ എന്തു സംഭവിച്ചാലു അത് ഉടന്‍ അറിയും’,പൂനിയ പറഞ്ഞു. ഈ റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തിന് നല്‍കുമോ എന്ന് ചോദിച്ചപ്പോള്‍ പൂനിയ പറഞ്ഞു, ‘എല്ലാവര്‍ക്കും കണ്ണും ചെവിയുമുണ്ട്. എല്ലാ റിപ്പോര്‍ട്ടുകളും കേന്ദ്ര നേതൃത്വത്തിലെത്തുന്നു. ശരിയായ സമയത്തിനായി കാത്തിരിക്കുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ആരെങ്കിലും പാര്‍ട്ടിക്ക് മുകളിലാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് ശരിയല്ല” എന്ന് പ്രതിപക്ഷ നേതാവ് ഗുലാബ്ചന്ദ് കതാരിയ പറഞ്ഞു. കൂടാതെ, ഒരാള്‍ പാര്‍ട്ടിക്ക് മുകളിലായിരിക്കണം എന്ന്തും ശരിയല്ല.ഒരു നേതാവിന് മാത്രമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന തെറ്റിദ്ധാരണ ആര്‍ക്കും ഉണ്ടാകരുത്, അദ്ദേഹം പറഞ്ഞു.
ബിജെപിയില്‍ ആദ്യം രാഷ്ട്രം വരുന്നു, പിന്നെ പാര്‍ട്ടി, മൂന്നാമത്തേതാണ് നേതാവ് എന്ന് കതാരിയ മാധ്യമപ്രവര്‍ത്തകരുമായുള്ള ആശയവിനിമയത്തിനിടയില്‍ പറഞ്ഞു. പാര്‍ട്ടി ഈ തത്വത്തില്‍ അധിഷ്ടിതമായാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയിലെ അച്ചടക്കം തങ്ങള്‍ക്ക് പരമപ്രധാനമാണ്. വിവാദ പ്രസ്താവനകള്‍ നല്‍കുന്ന നേതാക്കള്‍ വ്യക്തിപരമായി ആരോടാണ് വിശ്വസ്തത പുലര്‍ത്തുന്നത് എന്ന് കതാരിയ ചോദിച്ചു. എന്നിരുന്നാലും, താന്‍ ഉള്‍പ്പെടുന്ന പാര്‍ട്ടി കൂട്ടായ തീരുമാനമെടുക്കുന്നു, ഒരിക്കലും ഒരു വ്യക്തിഗത തീരുമാനത്തിന് വെയിറ്റേജ് നല്‍കില്ല. അടുത്ത മുഖ്യമന്ത്രി ആരായിരിക്കും, ആരാണ് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമായിരിക്കും. പാര്‍ട്ടി നേതൃത്വത്തിനെതിരെ ആരെങ്കിലും സംസാരിക്കുന്നത് തെറ്റാണ്.അതിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായി കാണേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിരവധി മാസങ്ങളായി വസുന്ധര രാജെ സംസ്ഥാന നേതൃത്വത്തിന് സമാന്തരമായാണ് പ്രവര്‍ത്തിക്കുന്നത്. പകര്‍ച്ചവ്യാധി സമയത്ത് ദരിദ്രരെ സഹായിക്കാനായി പാര്‍ട്ടി പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ വസുന്ധര ജന്‍ റാസോയി (വസുന്ധര പബ്ലിക് കിച്ചന്‍) നടത്തുകയാണ്. പാര്‍ട്ടിയുടെ മീറ്റിംഗുകളിലും വെര്‍ച്വല്‍ മീറ്റിംഗുകളിലും അവര്‍ പങ്കെടുക്കുന്നില്ല. ഇത് വ്യക്തമാക്കുന്നത് പാര്‍ട്ടിയിലെ ഉള്‍പ്പോര് രാജ്സ്ഥാനില്‍ കൂടുതല്‍ ശക്തമാകുന്നു എന്നാണ്.