2020-21 മൊത്തം ചരക്കുനീക്കത്തില്‍ മുന്‍വര്‍ഷത്തെ മറികടന്ന് റെയ്ല്‍വേ
ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് ഏറെ മുന്‍പ് തന്നെ, മൊത്ത ചരക്കുനീക്കത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ റെയില്‍വേ. കോവിഡ് 19ന്‍റെ വെല്ലുവിളികള്‍ക്കിടയിലും ട്രെയ്ന്‍ വഴിയുള്ള ചരക്കുനീക്കം വളര്‍ച്ച സ്വന്തമാക്കി. ഈ വര്‍ഷത്തെ മൊത്ത ചരക്ക് നീക്കം 2021 മാര്‍ച്ച് 11ലെ കണക്ക് പ്രകാരം 1145.68 മില്യണ്‍ ടണ്‍ പിന്നിട്ടു. അതെ സമയം ,കഴിഞ്ഞവര്‍ഷം മൊത്തത്തില്‍ തീവണ്ടി മാര്‍ഗത്തില്‍ വിതരണംചെയ്തത് 1145.61 മില്യണ്‍ ടണ്‍ ചരക്കുകള്‍ ആയിരുന്നു
മാര്‍ച്ച് 11 വരെയുള്ള കണക്ക് പ്രകാരം പ്രതിമാസം ശരാശരി 43.43 മില്യണ്‍ ടണ്‍ ചരക്കുകള്‍ ആണ് റെയില്‍വേ നടപ്പു സാമ്പത്തിക വര്‍ഷം വിതരണം ചെയ്തത്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍( 39.33 മില്യണ്‍ ടണ്‍ ) 10 ശതമാനം കൂടുതലാണ്. ഈ വര്‍ഷം രാജ്യത്തെ ചരക്ക് തീവണ്ടികളുടെ ശരാശരി വേഗത മണിക്കൂറില്‍ 45.49 കിലോമീറ്ററാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇത് മണിക്കൂറില്‍ 23.29 കിലോമീറ്റര്‍ ആയിരുന്നു
തീവണ്ടി മാര്‍ഗം ഉള്ള ചരക്കുനീക്കം ആകര്‍ഷകമാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ ഏര്‍പ്പെടുത്തിയ പ്രത്യേക ഇളവുകള്‍, റെയില്‍വേ സോണുകളിലും ഡിവിഷനുകളിലും ഉയര്‍ന്നുവന്ന വ്യവസായ വികസന യൂണിറ്റുകള്‍, വ്യവസായ – ചരക്കുനീക്ക സേവന പ്രമുഖരുമായി തുടര്‍ച്ചയായി നടത്തിവന്ന ചര്‍ച്ചകള്‍, ഉയര്‍ന്ന വേഗത എന്നിവയാണ് തീവണ്ടിമാര്‍ഗം ഉള്ള ചരക്ക് നീക്കത്തില്‍ ശക്തമായ വളര്‍ച്ചയ്ക്ക് വഴി തുറന്നത്