മൂന്നാം തരംഗം ഉണ്ടാകുമോ എന്നത് ജനങ്ങളുടെ കയ്യില്‍, പ്രധാന പോംവഴി വാക്‌സിന്‍: വി കെ പോള്‍
1 min readപുതുക്കിയ കോവിഡ്-19 വാക്‌സിനേഷന്‍ നയം പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ ദിവസത്തില്‍ 85 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കി
ന്യൂഡെല്‍ഹി: കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ മൂന്നാം തംരംഗം ഒഴിവാക്കുന്നത് ജനങ്ങളുടെ കൈകളിലാണെന്നും കോവിഡ് മര്യാദകള്‍ കര്‍ശനമായി പാലിക്കുകയും ഭൂരിഭാഗം ആളുകളും വാക്‌സിന്‍ എടുക്കുകയും ചെയ്താല്‍ മൂന്നാംതരംഗത്തെ തടയാമെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍. കോവിഡ്-19 വാക്‌സിനേഷന്‍ നയം പുതുക്കിയതിന് ശേഷമുള്ള ആദ്യ ദിവസത്തില്‍ 85 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കി രാജ്യം റെക്കോഡ് കുറിച്ചതിന് പിന്നാലെയാണ് ജാഗ്രത കൈവിടരുതെന്ന നീതി ആയോഗ് അംഗത്തിന്റെ അഭ്യര്‍ത്ഥന. പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി തദ്ദേശീയമായി ലഭ്യമായ വാക്‌സിനുകളുടെ 75 ശതമാനവും സംഭരിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു.
ദിവസങ്ങളും ആഴ്ചകളും വന്‍തോതില്‍ വാക്‌സിന്‍ വിതരണം നടത്താനുള്ള ഇന്ത്യയുടെ ശേഷിയാണ് ഈ നേട്ടത്തിലൂടെ വ്യക്തമാകുന്നതെന്ന് വി കെ പോള്‍ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയിലുള്ള ആസൂത്രണവും സഹകരണവും മൂലമാണ് ഇതെല്ലാം സാധ്യമാകുന്നതെന്നും വി കെ പോള്‍ പറഞ്ഞു.
കോവിഡ് മര്യാദകള്‍ പാലിക്കുകയും വാക്‌സിന്‍ എടുക്കുകയും ചെയ്താല്‍ മൂന്നാം തരംഗം എന്തിനുണ്ടാകണമെന്നും പോള്‍ ചോദിച്ചു. രണ്ടാം തരംഗം പോലും ഉണ്ടാകാതിരുന്ന നിരവധി രാജ്യങ്ങളുണ്ട്. കോവിഡ് മര്യാദകള്‍ പാലിച്ചാല്‍ ഈ സമയം കടന്നുപോകും. പോളിനെ ഉദ്ധരിച്ച് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. സാമ്പത്തിക പ്രവര്‍ത്തനങ്ങളും സാധാരണ ജീവിതവും പുനഃരാരംഭിക്കുന്നതിന് അതിവേഗത്തിലുള്ള വാക്‌സിനേഷനാണ് പ്രധാന പോംവഴിയെന്നും പോള്‍ വ്യക്തമാക്കി.