പ്രീമിയം ഗ്രേഡ് എക്‌സ്പി 100 ഒക്ടേന്‍ പെട്രോള്‍ തൃശ്ശൂരില്‍
കൊച്ചിയുള്‍പ്പെടെ രാജ്യത്തെ 15 നഗരങ്ങളില്‍ എക്സ്പി 100 ലഭ്യമാണ്
തൃശ്ശൂര്‍: എക്‌സ്പി 100 ഒക്ടേന്‍ പെട്രോള്‍ തൃശ്ശൂരില്‍ അവതരിപ്പിച്ചു. പൂങ്കുന്നത്തെ ഇന്ത്യന്‍ ഓയില്‍ ഔട്ട്‌ലെറ്റായ മാധവം ഫ്യൂവല്‍സില്‍ ഇന്ത്യന്‍ ഓയില്‍ ചീഫ് ജനറല്‍ മാനേജരും സംസ്ഥാന മേധാവിയുമായ വിസി അശോകനാണ് എക്സ്പി 100 പ്രീമിയം ഗ്രേഡ് പെട്രോള്‍ അവതരിപ്പിച്ചത്. ഐഒസി റീട്ടെയ്ല്‍ സെയ്ല്‍സ് ജനറല്‍ മാനേജര്‍ ദീപക് ദാസ്, കൊച്ചി ഡിവിഷണല്‍ ഓഫീസ് ഡിജിഎം കെ രഘു, സീനിയര്‍ മാനേജര്‍ വി വിജു, മാധവം ഫ്യൂവല്‍സ് പാര്‍ട്ണര്‍മാരായ വിഎം ജയസേനന്‍, ഉഷ ജയസേനന്‍ എന്നിവര്‍ പങ്കെടുത്തു.
ലോകോത്തര പ്രീമിയം ഗ്രേഡ് പെട്രോളായ 100 ഒക്ടേന്‍ 2020 ഡിസംബര്‍ ഒന്നിനാണ് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ അവതരിപ്പിച്ചത്. കൊച്ചിയുള്‍പ്പെടെ രാജ്യത്തെ 15 നഗരങ്ങളില്‍ എക്സ്പി 100 ലഭ്യമാണ്. ആഡംബര വാഹനങ്ങളുടെ ലഭ്യതയും ജനങ്ങളുടെ താല്‍പ്പര്യവുമാണ് ഇത്തരം നഗരങ്ങളെ തെരഞ്ഞെടുക്കാന്‍ കാരണം.
ലോകോത്തര പ്രീമിയം ഗ്യാസോലിന്‍ വിപണിയിലെത്തിക്കുന്ന ആദ്യ കമ്പനിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ഈ അള്‍ട്രാ പ്രീമിയം ഉല്‍പ്പന്നം ആഡംബര വാഹനങ്ങളുടെ പ്രകടനക്ഷമത വര്‍ധിപ്പിക്കും. എക്സ്പി 100 പ്രീമിയം ഗ്രേഡ് പെട്രോള്‍ നിര്‍മിക്കുന്നത് ഇന്ത്യന്‍ ഓയില്‍ ഗവേഷണ വിഭാഗം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒക്ടോമാക്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് മഥുര റിഫൈനറിയിലാണ്. ആഗോളതലത്തില്‍ ജര്‍മനി, അമേരിക്ക ഉള്‍പ്പെടെ ആറോളം രാജ്യങ്ങളില്‍ മാത്രമേ 100 ഒക്ടേന്‍ പെട്രോള്‍ നിലവില്‍ ലഭിക്കുന്നത്.