പോക്കോ എക്‌സ്3 പ്രോ അവതരിപ്പിച്ചു
ഏപ്രില്‍ ആറിന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിക്കും
ന്യൂഡെല്‍ഹി: പോക്കോ എക്‌സ്3 പ്രോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പോക്കോ എഫ്3 സ്മാര്‍ട്ട്‌ഫോണിനൊപ്പം കഴിഞ്ഞയാഴ്ച്ച ആഗോളതലത്തില്‍ ഈ ഹാന്‍ഡ്‌സെറ്റ് അരങ്ങേറ്റം നടത്തിയിരുന്നു. പോക്കോ എക്‌സ്3 ഡിവൈസിനേക്കാള്‍ കൂടുതല്‍ കരുത്തുറ്റ വേര്‍ഷനാണ് പോക്കോ എക്‌സ്3 പ്രോ. സ്‌നാപ്ഡ്രാഗണ്‍ 860 എസ്ഒസി, 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ്, 5,160 എംഎഎച്ച് ബാറ്ററി, 33 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് എന്നിവയാണ് പോക്കോ എക്‌സ്3 പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന സ്‌പെസിഫിക്കേഷനുകള്‍.
രണ്ട് വേരിയന്റുകളില്‍ പോക്കോ എക്‌സ്3 പ്രോ ലഭിക്കും. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 20,999 രൂപയുമാണ് വില. സ്റ്റീല്‍ ബ്ലൂ, ഗ്രാഫൈറ്റ് ബ്ലാക്ക്, ഗോള്‍ഡന്‍ ബ്രോണ്‍സ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ഏപ്രില്‍ ആറിന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിക്കും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളിലും ഇഎംഐ ഇടപാടുകളിലും ആയിരം രൂപ വരെ ഉടനടി വിലക്കിഴിവ് ലഭിക്കും.
6.7 ഇഞ്ച് വലുപ്പമുള്ള ഫുള്‍ എച്ച്ഡി പ്ലസ് എല്‍സിഡി ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. 120 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, 240 ഹെര്‍ട്‌സ് സ്പര്‍ശന പ്രതികരണം, 450 നിറ്റ് പരമാവധി തെളിച്ചം, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 6 എന്നിവ സഹിതമാണ് ഈ ഡിസ്‌പ്ലേ. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 860 എസ്ഒസിയാണ് കരുത്തകുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് വഴി ഒരു ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.
ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ മിയുഐ 12 സ്‌കിന്‍ സോഫ്റ്റ്‌വെയറിലാണ് പോക്കോ എക്‌സ്3 പ്രോ പ്രവര്‍ത്തിക്കുന്നത്. 5,160 എംഎഎച്ച് ബാറ്ററി ഉപയോഗിക്കുന്നു. 33 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. 26 വാട്ട് യുഎസ്ബി പിഡി സപ്പോര്‍ട്ട് ലഭിച്ചു.
പിറകില്‍ നാല് കാമറകളാണ് നല്‍കിയിരിക്കുന്നത്. 48 എംപി പ്രൈമറി സെന്‍സര്‍, 8 എംപി സെക്കന്‍ഡറി ലെന്‍സ്, ഡെപ്ത്ത്, മാക്രോ ഷോട്ടുകള്‍ക്കായി രണ്ട് 2 എംപി സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. സെല്‍ഫികള്‍ക്കായി മുന്നില്‍ 20 എംപി കാമറ നല്‍കി.
സ്റ്റീരിയോ സ്പീക്കറുകള്‍, ഹൈ റെസലൂഷന്‍ ഓഡിയോ സപ്പോര്‍ട്ട്, ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ സവിശേഷതകളാണ്. ‘ലിക്വിഡ് കൂള്‍ ടെക്‌നോളജി പ്ലസ്’ മറ്റൊരു ഫീച്ചറാണ്. 4ജി എല്‍ടിഇ, ഡുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, എന്‍എഫ്‌സി, ഐആര്‍ ബ്ലാസ്റ്റര്‍, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.