പോക്കോ എം3 പുറത്തിറക്കി
ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 662 ചിപ്‌സെറ്റ്, 6 ജിബി റാം, 6,000 എംഎഎച്ച് ബാറ്ററി എന്നിവ സവിശേഷതകളാണ്
ന്യൂഡെല്‍ഹി: പോക്കോ എം3 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പോക്കോ എം2 ഡിവൈസിന്റെ പിന്തുടര്‍ച്ചക്കാരനായാണ് പോക്കോ എം3 വരുന്നത്. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 662 ചിപ്‌സെറ്റ്, 6 ജിബി റാം, 6,000 എംഎഎച്ച് ബാറ്ററി എന്നിവ സവിശേഷതകളാണ്.
6 ജിബി റാം, 64 ജിബി സ്റ്റോറേജ്, 6 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളില്‍ പോക്കോ എം3 ലഭിക്കും. യഥാക്രമം 10,999 രൂപയും 11,999 രൂപയുമാണ് വില. ആഗോളതലത്തില്‍ വില്‍ക്കുന്ന 4 ജിബി റാം വേരിയന്റ് ഇന്ത്യയില്‍ ലഭിക്കില്ല.
1080, 2340 പിക്‌സല്‍ റെസലൂഷന്‍ സഹിതം 6.53 ഇഞ്ച് വലുപ്പമുള്ള ഐപിഎസ് എല്‍സിഡി സ്‌ക്രീനാണ് നല്‍കിയത്.
പിറകില്‍ ട്രിപ്പിള്‍ കാമറ, മുന്നില്‍ സിംഗിള്‍ കാമറ എന്നിങ്ങനെയാണ് കാമറ സംബന്ധിച്ച വിശേഷങ്ങള്‍. പിറകില്‍ ഫേസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസ് (പിഡിഎഎഫ്) സഹിതം 48 എംപി മെയിന്‍ കാമറ സെന്‍സര്‍, 2 എംപി മാക്രോ സെന്‍സര്‍, 2 എംപി ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കാമറ സംവിധാനം. 8 എംപി കാമറയാണ് മുന്നില്‍ നല്‍കിയത്.
6,000 എംഎഎച്ച് ബാറ്ററിയാണ് കരുത്തേകുന്നത്. ബോക്‌സിനകത്ത് 18 വാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉണ്ടായിരിക്കും. റിവേഴ്‌സ് ചാര്‍ജിംഗ് സവിശേഷതയുള്ളതാണ് ബാറ്ററി. ഇന്‍ഫ്രാറെഡ് പോര്‍ട്ട്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 3.5 എംഎം ഹെഡ്‌ഫോണ്‍ പോര്‍ട്ട്, വശത്ത് നല്‍കിയ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവ മറ്റ് വിശേഷങ്ങളാണ്. മിയുഐ 12 സഹിതം ആന്‍ഡ്രോയ്ഡ് 10 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.
ഡുവല്‍ ബാന്‍ഡ് വൈഫൈ, ഡുവല്‍ വിഒഎല്‍ടിഇ, ഡുവല്‍ വിഒവൈഫൈ എന്നിവ രണ്ട് സിം കാര്‍ഡുകളെയും ഒരേസമയം സപ്പോര്‍ട്ട് ചെയ്യും. സ്റ്റീരിയോ സ്പീക്കറുകള്‍ മറ്റൊരു സവിശേഷതയാണ്.
കൂള്‍ ബ്ലൂ, പവര്‍ ബ്ലാക്ക്, പോക്കോ യെല്ലോ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ പോക്കോ എം3 ലഭിക്കും. ഫെബ്രുവരി ഒമ്പതിന് ഉച്ചയ്ക്ക് 12 മണിക്ക് ആദ്യ വില്‍പ്പന നടത്തും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 1,000 രൂപ ഇളവ് ലഭിക്കും.