December 5, 2023

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒരു വനിതയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ പ്രതിരോധ സേനയുടെ കമാൻഡർ-ഇൻ-ചീഫ്: പ്രധാനമന്ത്രി

1 min read

PM’s remarks at Assam Rozgar Mela via video conferencing on May 25, 2023.

ന്യൂ ഡൽഹി: ഗുജറാത്തിലെ ഗാന്ധിനഗറിൽ സ്ത്രീശാക്തീകരണം സംബന്ധിച്ച് ഇന്നു നടന്ന ജി20 മന്ത്രിതല സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, മഹാത്മാഗാന്ധിയുടെ പേരിലുള്ള നഗരമായ ഗാന്ധി നഗറിന്റെ രൂപീകരണ ദിനത്തിൽ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്യുകയും അഹമ്മദാബാദിലെ ഗാന്ധി ആശ്രമം സന്ദർശിക്കാൻ അവർക്ക് അവസരം ലഭിക്കുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം തുടങ്ങിയ പ്രശ്നങ്ങൾക്ക് അടിയന്തരവും സുസ്ഥിരവുമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഗാന്ധിജിയുടെ ജീവിതശൈലിയുടെ ലാളിത്യവും സുസ്ഥിരത, സ്വാശ്രയത്വം, സമത്വം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണപരമായ ആശയങ്ങളും ഗാന്ധി ആശ്രമത്തിൽ ഒരാൾക്ക് നേരിട്ട് കാണാൻ കഴിയുമെന്ന് വ്യക്തമാക്കി. വിശിഷ്ടാതിഥികൾക്ക് ഇത് പ്രചോദനമാകുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു. ദണ്ഡി കുടീര മ്യൂസിയം സന്ദർശിക്കുന്നതിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഗാന്ധിജിയുടെ പ്രസിദ്ധമായ ചർക്ക സമീപത്തുള്ള ഒരു ഗ്രാമത്തിൽ നിന്ന് ഗംഗാബെൻ എന്ന സ്ത്രീ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. അന്നുമുതൽ ഗാന്ധിജി ഖാദി ധരിക്കാൻ തുടങ്ങിയെന്നും അത് സ്വയംപര്യാപ്തതയുടെയും സുസ്ഥിരതയുടെയും പ്രതീകമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

“സ്ത്രീകൾ അഭിവൃദ്ധി പ്രാപിക്കുമ്പോൾ ലോകവും അഭിവൃദ്ധി പ്രാപിക്കുന്നു”. അവരുടെ സാമ്പത്തിക ശാക്തീകരണം വളർച്ചയ്ക്ക് ഊർജം പകരുന്നുവെന്നും വിദ്യാഭ്യാസത്തിലേക്കുള്ള അവരുടെ പ്രവേശനം ആഗോള പുരോഗതിയെ നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അവരുടെ നേതൃത്വം ഉൾക്കൊള്ളലിനെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ശബ്ദം ഗുണപരമായ മാറ്റത്തിന് പ്രചോദനം നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകളെ ശാക്തീകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം സ്ത്രീകൾ നയിക്കുന്ന വികസന സമീപനമാണെന്നും ഈ ദിശയിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തുകയാണെന്നും പ്രധാനമന്ത്രി അടിവരയിട്ടു.

ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പ്രചോദനാത്മകമായ മാതൃകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. എളിയ ഗോത്ര പശ്ചാത്തലത്തിൽനിന്നു വന്ന ആ വനിതയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ നയിക്കുന്നതും ലോകത്തിലെ രണ്ടാമത്തെ വലിയ പ്രതിരോധ സേനയുടെ കമാൻഡർ-ഇൻ-ചീഫ് ആയി പ്രവർത്തിക്കുന്നതുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയിൽ, ഭരണഘടന സ്ത്രീകളുൾപ്പെടെ എല്ലാ പൗരന്മാർക്കും വോട്ടവകാശം തുല്യമായി അനുവദിച്ചിട്ടുണ്ടെന്നും സമത്വത്തെ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികൾ സാമ്പത്തിക- പാരിസ്ഥിതിക- സാമൂഹിക മാറ്റത്തിന്റെ പ്രധാന ഏജന്റുമാരാണെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യയിലെ ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ 46 ശതമാനവും, അതായത്, 1.4 ദശലക്ഷം പേരും സ്ത്രീകളാണെന്നും അറിയിച്ചു. സ്വയം സഹായ സംഘങ്ങളിലേക്ക് സ്ത്രീകളെ അണിനിരത്തുന്നതും മാറ്റത്തിനുള്ള ശക്തിയാണെന്ന് അടിവരയിട്ട് പറഞ്ഞ പ്രധാനമന്ത്രി, സ്വയം സഹായ സംഘങ്ങളും തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളും മഹാമാരിയുടെ സമയത്ത് നമ്മുടെ സമൂഹങ്ങൾക്കു പിന്തുണയുടെ നെടുംതൂണുകളായി ഉയർന്നുവരികയാണെന്നും പറഞ്ഞു. പ്രധാനമന്ത്രി അവരുടെ നേട്ടങ്ങളുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടുകയും മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും നിർമ്മാണത്തെക്കുറിച്ചും അണുബാധ തടയുന്നതിനുള്ള അവബോധം സൃഷ്ടിക്കുന്നതിനെക്കുറിച്ചും പരാമർശിച്ചു. “ഇന്ത്യയിലെ നഴ്‌സുമാരിലും മിഡ്‌വൈഫുമാരിലും 80 ശതമാനവും സ്ത്രീകളാണ്. മഹാമാരിക്കാലത്തു ഞങ്ങളുടെ പ്രതിരോധത്തിന്റെ ആദ്യ നിര അവരായിരുന്നു. അവരുടെ നേട്ടങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു” – അദ്ദേഹം കൂട്ടിച്ചേർത്തു.

  യുഎഇ ദേശീയ ദിനത്തിന് ഇളവുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം ഗവൺമെന്റിന്റെ പ്രധാന മുൻഗണനയാണെന്ന് അടിവരയിട്ട പ്രധാനമന്ത്രി, പിഎം മുദ്രാ യോജനയ്ക്ക് കീഴിലുള്ള മൈക്രോ ലെവൽ യൂണിറ്റുകളെ പിന്തുണയ്ക്കുന്നതിനായി ഒരു ദശലക്ഷം രൂപ വരെയുള്ള വായ്പകളിൽ 70 ശതമാനവും സ്ത്രീകൾക്കാണ് അനുവദിച്ചതെന്നു ചൂണ്ടിക്കാട്ടി. അതുപോലെ, ഗ്രീൻ ഫീൽഡ് പദ്ധതികൾക്കായി ബാങ്ക് വായ്പ നേടുന്ന, സ്റ്റാൻഡ്-അപ്പ് ഇന്ത്യയുടെ 80% ഗുണഭോക്താക്കളും സ്ത്രീകളാണ്. സംശുദ്ധ പാചക ഇന്ധനം പരിസ്ഥിതിയെ നേരിട്ട് ബാധിക്കുകയും സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, പിഎം ഉജ്വല എടുത്തുകാട്ടുകയും ഗ്രാമീണ വനിതകൾക്ക് ഏകദേശം 100 ദശലക്ഷം പാചക വാതക കണക്ഷനുകൾ നൽകിയിട്ടുണ്ടെന്നും അറിയിച്ചു. 2014 മുതൽ വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ സാങ്കേതിക വിദ്യാഭ്യാസം നേടുന്ന സ്ത്രീകളുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നും ഇന്ത്യയിലെ STEM (സയൻസ്, ടെക്നോളജി, എൻജിനിയറിങ്, മാത്തമാറ്റിക്സ്) ബിരുദധാരികളിൽ 43 ശതമാനവും സ്ത്രീകളാണെന്നും ഇന്ത്യയിലെ ബഹിരാകാശ ശാസ്ത്രജ്ഞരിൽ നാലിലൊന്ന് സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു. “ചന്ദ്രയാൻ, ഗഗൻയാൻ, ചൊവ്വ ദൗത്യം തുടങ്ങിയ നമ്മുടെ അഭിമാനകരമായ പരിപാടികളുടെ വിജയത്തിന് പിന്നിൽ ഈ വനിതാ ശാസ്ത്രജ്ഞരുടെ കഴിവും കഠിനാധ്വാനവുമുണ്ട്”- അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യോമയാനമേഖലയിൽ ഏറ്റവും കൂടുതൽ വനിതാ പൈലറ്റുമാരുള്ളത് ഇന്ത്യയിലാണെന്നും ഇന്ത്യൻ വ്യോമസേനയിലെ വനിതാ പൈലറ്റുമാരും യുദ്ധവിമാനങ്ങൾ പറത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ സായുധ സേനകളെല്ലാം ഓപ്പറേഷൻ റോളുകളിലും പോരാട്ട വേദികളിലും വനിതാ ഓഫീസർമാരെ വിന്യസിക്കുന്നുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.

  മാലിന്യ സംസ്കരണ ഹാക്കത്തോണിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം

ഗ്രാമീണ കാർഷിക കുടുംബങ്ങളുടെ നട്ടെല്ല് എന്ന നിലയിലും ചെറുകിട കച്ചവടക്കാരായും കടയുടമകളായും സ്ത്രീകൾ വഹിക്കുന്ന നിർണായക പങ്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പ്രകൃതിയുമായുള്ള അവരുടെ അടുത്ത ബന്ധത്തിന് അടിവരയിട്ട പ്രധാനമന്ത്രി, കാലാവസ്ഥാ വ്യതിയാനത്തിന് നൂതനമായ പരിഹാരങ്ങളുടെ താക്കോൽ സ്ത്രീകളുടെ പക്കലുണ്ടെന്നു ചൂണ്ടിക്കാട്ടി. 18-ാം നൂറ്റാണ്ടിൽ രാജസ്ഥാനിലെ ബിഷ്‌ണോയി സമൂഹം അമൃതാദേവിയുടെ നേതൃത്വത്തിൽ അനിയന്ത്രിതമായ മരംമുറിക്കൽ തടയാൻ ‘ചിപ്‌കോ പ്രസ്ഥാനം’ ആരംഭിച്ചതിലൂടെ, ഇന്ത്യയിലെ ആദ്യത്തെ കാലാവസ്ഥാ പ്രവർത്തനത്തിന് സ്ത്രീകൾ നേതൃത്വം നൽകിയതെങ്ങനെയെന്ന് അദ്ദേഹം അനുസ്മരിച്ചു. മറ്റ് നിരവധി ഗ്രാമീണർക്കൊപ്പം അവർ പ്രകൃതിക്ക് വേണ്ടി ജീവൻ ത്യജിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യയിലെ സ്ത്രീകൾ പരിസ്ഥിതിസൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ‘മിഷൻ ലൈഫി’ന്റെ ബ്രാൻഡ് അംബാസഡർമാരാണ്” – ഉപയോഗം കുറയ്ക്കൽ, പുനരുപയോഗം, പുനഃചംക്രമണം, പുനരുൽപ്പാദനം എന്നിവയ്ക്കുള്ള അവരുടെ പരമ്പരാഗത ജ്ഞാനം ഉയർത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. വിവിധ സംരംഭങ്ങൾക്ക് കീഴിൽ, സോളാർ പാനലുകളും ലൈറ്റുകളും നിർമ്മിക്കുന്നതിൽ സ്ത്രീകൾ സജീവമായി പരിശീലനം നേടുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഗ്ലോബൽ സൗത്തിലെ പങ്കാളികളായ രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ വിജയിച്ച ‘സോളാർ മാമാസ്’ സംരംഭത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.

  രാഹുല്‍റോയ് ചൗധരിയും ഗോപിനാഥ് നടരാജനും ജിയോജിത് സിഇഒമാര്‍

“വനിതാ സംരംഭകർ ആഗോള സമ്പദ്‌വ്യവസ്ഥയിൽ നിർണായക സംഭാവന നൽകുന്നവരാണ്” – ഇന്ത്യയിലെ വനിതാ സംരംഭകരുടെ പങ്കിന് ഊന്നൽ നൽകി പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകൾക്ക് മുമ്പ്, 1959-ൽ മുംബൈയിലെ ഏഴ് ഗുജറാത്തി സ്ത്രീകൾ ഒത്തുചേർന്ന് ചരിത്രപരമായ സഹകരണ പ്രസ്ഥാനമായ ശ്രീ മഹിളാ ഗൃഹ് ഉദ്യോഗിനു തുടക്കംകുറിച്ചു. ഇതു ദശലക്ഷക്കണക്കിന് സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തെ മാറ്റിമറിച്ചു. അവരുടെ ഏറ്റവും പ്രശസ്തമായ ഉൽപ്പന്നമായ ലിജ്ജത്ത് പപ്പടം ശ്രീ മോദി ഉദാഹരണമാക്കി. ഇത് ഒരുപക്ഷേ, ഗുജറാത്തിലെ ഭക്ഷണക്രമത്തിൽ ഉണ്ടായിരിക്കാമെന്നും പറഞ്ഞു. ക്ഷീരമേഖലയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഗുജറാത്തിൽ മാത്രം 3.6 ദശലക്ഷം സ്ത്രീകൾ ഈ മേഖലയിൽ ഏർപ്പെട്ടിരിക്കുന്നുവെന്നു വ്യക്തമാക്കി. ഇന്ത്യയിൽ ഏകദേശം 15% യൂണികോൺ സ്റ്റാർട്ടപ്പുകൾക്കും ഒരു വനിതാ സ്ഥാപകയെങ്കിലും ഉണ്ടെന്നും സ്ത്രീകൾ നയിക്കുന്ന യൂണികോണുകളുടെ മൊത്തം മൂല്യം 40 ബില്യൺ ഡോളറിലധികം ആണെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. വനിതകൾ നേട്ടം കൈവരിക്കുന്നത് മാനദണ്ഡമാക്കുന്ന വേദി സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും പ്രധാനമന്ത്രി ഊന്നൽ നൽകി. വിപണികളിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം, ആഗോള മൂല്യ ശൃംഖലകൾ, താങ്ങാനാവുന്ന സാമ്പത്തികം എന്നിവയെ നിയന്ത്രിക്കുന്ന തടസ്സങ്ങൾ നീക്കം ചെയ്യാൻ നാം പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം പരിചരണത്തിന്റെയും വീട്ടുജോലിയുടെയും ഭാരം ഉചിതമായി പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും ശ്രീ മോദി പറഞ്ഞു.

പ്രസംഗം ഉപസംഹരിക്കവേ, മന്ത്രിതല സമ്മേളനത്തിൽ വനിതാ സംരംഭകത്വം, നേതൃത്വം, വിദ്യാഭ്യാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും സ്ത്രീകൾക്ക് ഡിജിറ്റൽ- സാമ്പത്തിക സാക്ഷരത വർധിപ്പിക്കുന്നതിനായി ‘ടെക്-ഇക്വിറ്റി പ്ലാറ്റ്ഫോം’ ആരംഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ ജി 20 അധ്യക്ഷതയ്ക്കു കീഴിൽ, ‘സ്ത്രീശാക്തീകരണ’ത്തിനായി പുതിയ കർമസമിതി സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഗാന്ധിനഗറിലെ അശ്രാന്ത പരിശ്രമങ്ങൾ ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് വലിയ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചാണ് അദ്ദേഹം ഉപസംഹരിച്ചത്.

Maintained By : Studio3