Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജമ്മുവിൽ 30,500 കോടിയിലധികം രൂപയുടെ വികസനപദ്ധതികൾ

1 min read

ന്യൂഡല്‍ഹി: ജമ്മു സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, ജമ്മുവിലെ മൗലാന ആസാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുചടങ്ങില്‍ 30,500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിക്കും. ആരോഗ്യം, വിദ്യാഭ്യാസം, റെയില്‍, റോഡ്, വ്യോമയാനം, പെട്രോളിയം, ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ തുടങ്ങി നിരവധി മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികള്‍. പരിപാടിയില്‍ ജമ്മു കശ്മീരിലേക്ക് ഗവണ്‍മെന്റ് ജോലിയിലേക്കു പുതുതായി നിയമിക്കപ്പെട്ട 1500 പേർക്കുള്ള നിയമന ഉത്തരവുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്യും. ‘വികസിത് ഭാരത് വികസിത് ജമ്മു’ പരിപാടിയുടെ ഭാഗമായി വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.

രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ-നൈപുണ്യ അടിസ്ഥാനസൗകര്യങ്ങള്‍ നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പായി, ഏകദേശം 13,375 കോടി രൂപയുടെ നിരവധി പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും. ഐഐടി ഭിലായ്, ഐഐടി തിരുപ്പതി, ഐഐടി ജമ്മു, ഐഐഐടിഡിഎം കാഞ്ചീപുരം എന്നിവയുടെ സ്ഥിരം ക്യാമ്പസ്; കാണ്‍പൂരില്‍ നൂതന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള മുന്‍നിര നൈപുണ്യ പരിശീലന സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സ് (ഐഐഎസ്); കേന്ദ്ര സംസ്‌കൃത സര്‍വകലാശാലയുടെ ദേവപ്രയാഗിലും (ഉത്തരാഖണ്ഡ്) അഗര്‍ത്തലയിലു(ത്രിപുര)മുള്ള രണ്ടു ക്യാമ്പസുകള്‍ എന്നിവ രാജ്യത്തിനു സമര്‍പ്പിക്കുന്ന പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

ഐഐഎം ജമ്മു, ഐഐഎം ബോധ്ഗയ, ഐഐഎം വിശാഖപട്ടണം എന്നീ മൂന്ന് പുതിയ ഐഐഎമ്മുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാജ്യത്തുടനീളം നിര്‍മ്മിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കായി 20 പുതിയ കെട്ടിടങ്ങളും 13 പുതിയ നവോദയ വിദ്യാലയ കെട്ടിടങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. രാജ്യത്തുടനീളം അഞ്ച് കേന്ദ്രീയ വിദ്യാലയ ക്യാമ്പസുകള്‍, ഒരു നവോദയ വിദ്യാലയ ക്യാമ്പസ്, നവോദന വിദ്യാലയങ്ങള്‍ക്കായി അഞ്ച് വിവിധോദ്ദേശ്യ ഹാള്‍ എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. രാജ്യമെമ്പാടുമുള്ള വിദ്യാർഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പുതുതായി നിര്‍മ്മിച്ച ഈ കേന്ദ്രീയ വിദ്യാലയ-നവോദയ വിദ്യാലയ കെട്ടിടങ്ങള്‍ പ്രധാന പങ്ക് വഹിക്കും.

ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് എല്ലാം ഉള്‍ക്കൊളളുന്നതും ഗുണമേന്മയുള്ളതും സമഗ്രവുമായ തൃതീയ പരിചരണ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ചുവടുവയ്പ്പായി, ജമ്മു കശ്മീരിലെ വിജയ്പുരില്‍ (സാംബ), ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 2019 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി തറക്കല്ലിട്ട ഈ സ്ഥാപനം, കേന്ദ്ര മേഖലാ പദ്ധതിയായ പ്രധാന്‍ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴിലാണ് സ്ഥാപിക്കുന്നത്. 1660 കോടി രൂപയിലധികം ചെലവില്‍ 227 ഏക്കര്‍ വിസ്തൃതിയില്‍ സ്ഥാപിതമായ ആശുപത്രിയില്‍ 720 കിടക്കകള്‍, 125 സീറ്റുകളുള്ള മെഡിക്കല്‍ കോളജ്, 60 സീറ്റുകളുള്ള നഴ്സിങ് കോളജ്, 30 കിടക്കകളുള്ള ആയുഷ് ബ്ലോക്ക്, ഫാക്കല്‍റ്റികള്‍ക്കും സ്റ്റാഫുകള്‍ക്കും താമസസൗകര്യം, യുജി, പിജി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യം, രാത്രി രക്ഷാകേന്ദ്രം, അതിഥി മന്ദിരം, മണ്ഡപം, വ്യാപാര സമുച്ചയം മുതലായ സൗകര്യങ്ങളോടെയാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. കാര്‍ഡിയോളജി, ഗ്യാസ്‌ട്രോ-എന്ററോളജി, നെഫ്രോളജി, യൂറോളജി, ന്യൂറോളജി, ന്യൂറോ സര്‍ജറി, മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, എന്‍ഡോക്രൈനോളജി, ബേണ്‍സ് & പ്ലാസ്റ്റിക് സര്‍ജറി എന്നിവയുള്‍പ്പെടെ 18 സ്‌പെഷ്യാലിറ്റികളിലും 17 സൂപ്പര്‍ സ്‌പെഷ്യാലിറ്റികളിലും ഉയര്‍ന്ന നിലവാരമുള്ള രോഗീപരിചരണ സേവനങ്ങള്‍ എന്നിവ ഈ അത്യാധുനിക ആശുപത്രി നല്‍കും. സ്ഥാപനത്തില്‍ തീവ്രപരിചരണ വിഭാഗം, എമര്‍ജന്‍സി & ട്രോമ യൂണിറ്റ്, 20 മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, ഡയഗ്‌നോസ്റ്റിക് ലബോറട്ടറികള്‍, രക്തബാങ്ക്, ഔഷധശാല തുടങ്ങിയവ ഉണ്ടായിരിക്കും. മേഖലയിലെ വിദൂര പ്രദേശങ്ങളില്‍ എത്തിച്ചേരുന്നതിന് ആശുപത്രി ഡിജിറ്റല്‍ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളും പ്രയോജനപ്പെടുത്തും.

  ആക്സിസ് നിഫ്റ്റി ബാങ്ക് ഇന്‍ഡക്സ് ഫണ്ട്

ജമ്മു വിമാനത്താവളത്തിൽ പുതിയ ടെർമിനൽ കെട്ടിടത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. 40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പുതിയ ടെർമിനൽ കെട്ടിടത്തിൽ തിരക്കേറിയ സമയങ്ങളിൽ ഏകദേശം 2000 യാത്രക്കാർക്ക് ആവശ്യമായ ആധുനിക സൗകര്യങ്ങളുണ്ടാകും. പരിസ്ഥിതിസൗഹൃദമായ പുതിയ ടെർമിനൽ കെട്ടിടം പ്രദേശത്തിന്റെ പ്രാദേശിക സംസ്കാരം പ്രദർശിപ്പിക്കുന്ന തരത്തിലായിരിക്കും നിർമിക്കുക. ഇതു വ്യോമഗതാഗതം ശക്തിപ്പെടുത്തുകയും വിനോദസഞ്ചാരവും വ്യാപാരവും വർധിപ്പിക്കുകയും മേഖലയുടെ സാമ്പത്തികവളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. ജമ്മു കശ്മീരിലെ ബനിഹാൽ-ഖാരി-സുംബർ-സംഗൽദാൻ (48 കി.മീ.) പുതിയ റെയിൽ പാതയും പുതുതായി വൈദ്യുതവൽക്കരിച്ച ബാരാമൂല-ശ്രീനഗ​ർ-ബനിഹാൽ-സംഗൽദാൻ ഭാഗവും (185.66 കി.മീ) ഉൾപ്പെടെ വിവിധ റെയിൽവേ പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും. താഴ്‌വരയിലെ ആദ്യത്തെ വൈദ്യുത ട്രെയിനും, സംഗൽദാൻ സ്റ്റേഷനും ബാരാമൂല സ്റ്റേഷനുമിടയിലുള്ള ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

  ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് ഐപിഒ

ബനിഹാൽ-ഖാരി-സുംബർ-സംഗൽദാൻ ഭാഗം കമ്മീഷൻ ചെയ്യുന്നതു യാത്രക്കാരെ സംബന്ധിച്ചിടത്തോളടം ഏറെ പ്രാധാന്യമർഹിക്കുന്നു. പാതയിലുടനീളം മികച്ച യാത്രാനുഭവം നൽകുന്ന ബാലസ്റ്റ്ലെസ് ട്രാക്കിന്റെ (BLT) ഉപയോഗം ഇതിന്റെ സവിശേഷതയാണ്. കൂടാതെ, ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗത തുരങ്കം T-50 (12.77 കി.മീ) ഖാരിക്കും സുംബറിനുമിടയിലുള്ള ഈ ഭാഗത്താണ്. റെയിൽ പദ്ധതികൾ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുകയും പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുകയും മേഖലയുടെ മൊത്തത്തിലുള്ള സാമ്പത്തികവികസനത്തിന് ഉത്തേജനം പകരുകയും ചെയ്യും.

ജമ്മുവിനെ കത്രയുമായി ബന്ധിപ്പിക്കുന്ന ഡൽഹി-അമൃത്‌സർ-കത്ര അതിവേഗപാതയുടെ രണ്ട് പാക്കേജുകൾ (44.22 കിലോമീറ്റർ); ശ്രീനഗർ റിങ് റോഡ് നാലുവരിയാക്കുന്നതിന്റെ രണ്ടാം ഘട്ടം; NH-01ന്റെ 161 കിലോമീറ്റർ ദൈർഘ്യമുള്ള ശ്രീനഗർ-ബാരാമൂല-ഉറി പാത നവീകരിക്കുന്നതിനുള്ള അഞ്ച് പാക്കേജുകൾ; NH-444ൽ കുൽഗാം ബൈപാസിന്റെയും പുൽവാമ ബൈപ്പാസിന്റെയും നിർമാണം എന്നിവ ഉൾപ്പെടെയുള്ള സുപ്രധാന റോഡ് പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ഡൽഹി-അമൃത്‌സർ-കത്ര അതിവേഗപാതയുടെ രണ്ട് പാക്കേജുകൾ പൂർത്തിയാകുന്ന​തോടെ, മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർഥാടകരുടെ സന്ദർശനം സുഗമമാകും. ഈ മേഖലയിലെ സാമ്പത്തിക വികസനത്തിനു ​വേഗം കൂടുകയും ചെയ്യും. ശ്രീനഗർ റിങ് റോഡ് നാലുവരിയാക്കുന്നതിനുള്ള രണ്ടാം ഘട്ടത്തിൽ നിലവിലുള്ള സുംബൽ-വായൂൾ എൻഎച്ച്-1 നവീകരിക്കുന്നതും ഉൾപ്പെടുന്നു. 24.7 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ബ്രൗൺഫീൽഡ് പദ്ധതി ശ്രീനഗർ നഗരത്തിലും പരിസരത്തുമുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കും. ഇതു മാനസ്‌ബൽ തടാകം, ഖീർ ഭവാനി ക്ഷേത്രം തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുകയും ലഡാക്കിലെ ലേയിലേക്കുള്ള യാത്രാസമയം കുറയ്ക്കുകയും ചെയ്യും. NH-01ന്റെ 161 കിലോമീറ്റർ നീളമുള്ള ശ്രീനഗർ-ബാരാമൂല-ഉറി പാത നവീകരിക്കുന്നതിനുള്ള പദ്ധതി തന്ത്രപ്രധാനമാണ്. ഇതു ബാരാമൂലയുടെയും ഉറിയുടെയും സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടും. കാസീഗുണ്ഡ്- കുൽഗാം – ഷോപിയാൻ – പുൽവാമ – ബഡ്ഗാം – ശ്രീനഗർ എന്നിവയെ ബന്ധിപ്പിക്കുന്ന NH-444-ൽ കുൽഗാം ബൈപ്പാസ്, പുൽവാമ ബൈപ്പാസ് എന്നിവയും ഈ മേഖലയിലെ റോഡ് അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കും.

  ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും

ജമ്മുവിലെ സിയുഎഫ് (പൊതു ഉപയോക്തൃ സൗകര്യം) പെട്രോളിയം ഡിപ്പോ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിടും. ഏകദേശം 677 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന അത്യാധുനിക സമ്പൂർണ യന്ത്രവൽക്കൃത ഡിപ്പോയിൽ മോട്ടോർ സ്പിരിറ്റ് (എംഎസ്), ഹൈ സ്പീഡ് ഡീസൽ (എച്ച്എസ്ഡി), സുപ്പീരിയർ മണ്ണെണ്ണ (എസ്‌കെഒ), വ്യോമയാന ടർബൈൻ ഇന്ധനം (എടിഎഫ്), എഥനോൾ, ജൈവ ഡീസൽ, വിന്റർ ഗ്രേഡ് എച്ച്എസ്ഡി എന്നിവ സംഭരിക്കുന്നതിന് ഏകദേശം ഒരുലക്ഷം കിലോലിറ്റർ സംഭരണശേഷിയുണ്ടാകും.

ജമ്മു കശ്മീരിലുടനീളം ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും പൊതുസൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 3150 കോടിയിലധികം രൂപയുടെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളിൽ റോഡ് പദ്ധതികളും പാലങ്ങളും; ഗ്രിഡ് സ്റ്റേഷൻ, സ്വീകരണ സ്റ്റേഷനുകൾ പ്രസരണ ലൈൻ പദ്ധതികൾ; പൊതു മലിനജല സംസ്കരണ പ്ലാന്റുകൾ; നിരവധി ഡിഗ്രി കോളേജ് കെട്ടിടങ്ങൾ; ശ്രീനഗർ നഗരത്തിലെ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം; ആധുനിക നർവാൾ ഫലവിപണി; കഠ്വയിലെ മരുന്നു പരിശോധനാ ലബോറട്ടറി; ഗന്ധർബാലിലും കുപ്‌വാരയിലുമുള്ള രൂപാന്തരപ്പെടുത്തിയ 224 ഫ്ലാറ്റുകൾ എന്നിവ ഉൾപ്പെടുന്നു. ജമ്മു കശ്മീരിൽ ഉടനീളമുള്ള അഞ്ച് പുതിയ വ്യവസായ എസ്റ്റേറ്റുകളുടെ വികസനം; ജമ്മു സ്മാർട്ട് സിറ്റിയുടെ സംയോജിത കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനുള്ള ഡാറ്റാ സെന്റർ/ ദുരന്തനിവാരണ കേന്ദ്രം; ശ്രീനഗർ പാരിമ്പോറയിലെ ട്രാൻസ്‌പോർട്ട് നഗറിന്റെ നവീകരണം; 62 റോഡ് പദ്ധതികളുടെയും 42 പാലങ്ങളുടെയും നവീകരണം; അനന്ത്നാഗ്, കുൽഗാം, കുപ്‌വാര, ഷോപിയാൻ, പുൽവാമ ജില്ലകളിലെ ഒമ്പത് സ്ഥലങ്ങളിലായി 2816 ഫ്ലാറ്റുകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതി എന്നിവയും തറക്കല്ലിടുന്ന പദ്ധതികളിൽ ഉൾപ്പെടുന്നു.

Maintained By : Studio3