ജിഎസ്ടിയില്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ 75 രൂപയില്‍ എത്തും: എസ്ബിഐ ഇക്കോറാപ്പ്
1 min readന്യൂഡെല്‍ഹി: ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവന്നാല്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും ചില്ലറ വില്‍പ്പന വില ഗണ്യമായി കുറയ്ക്കാനാകുമെന്ന് എസ്ബിഐ ഇക്കോറാപ്പ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തിലുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവവും സര്‍ക്കാരുകള്‍ക്ക് ഒരു പ്രധാന വരുമാന മാര്‍ഗ്ഗം വിട്ടുകൊടുക്കാനുള്ള മടിയുമാണ് തടസമായി നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഎസ്ടിക്കു കീഴില്‍ രണ്ട് ഇന്ധനങ്ങളും കൊണ്ടുവന്നാല്‍ പെട്രോള്‍ വില ലിറ്ററിന് 75 രൂപയായും ഡീസലിന് 68 രൂപയായും കുറയ്ക്കാനാകുമെന്നാണ് നിരീക്ഷണം.
പെട്രോളിനും ഡീസലിനുമുള്ള കുറഞ്ഞ വില ക്രൂഡ് ഓയില്‍ ബാരലിന് 60 ഡോളറാണെന്നും വിനിമയ നിരക്ക് ഒരു ഡോളറിന് 73 രൂപയാണെന്നും സാമ്പത്തിക വിദഗ്ധര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇന്ധന നികുതി കുറയുന്നതിലൂടെ ബജറ്റ് എസ്റ്റിമേറ്റുകളില്‍ നിന്ന് ഒരു ലക്ഷം കോടി രൂപയുടെ വരുമാന വ്യതിയാനം മാത്രമേ ഉണ്ടാകൂവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പെട്രോളിന്‍റെയും ഡീസലിന്‍റെയും ചില്ലറ വില്‍പ്പന വില ഈ വര്‍ഷം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ 90-95 രൂപയിലാണ് രാജ്യത്തെ വിവിധ ഇടങ്ങളിലെ പെട്രോള്‍ വില. ക്രൂഡോയില്‍ വില കുറഞ്ഞ ഘട്ടത്തില്‍ സര്‍ക്കാര്‍ എക്സൈസ് തീരുവ ഉയര്‍ത്തിയതാണ് ഇപ്പോഴത്തെ വലിയ വില വര്‍ധനയ്ക്ക് ഇടയാക്കിയിരിക്കുന്നത്.