ഇന്ത്യയില്‍ 1000 എന്‍ജിനീയര്‍മാരെ ലക്ഷ്യമിട്ട് പേപാല്‍
ബെംഗളൂരൂ: ആഗോള ഡിജിറ്റല്‍ പേയ്മെന്‍റ് പ്ലാറ്റ്ഫോമായ പേപാല്‍ ഇന്ത്യയില്‍ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള തങ്ങളുടെ ഡെവലപ്മെന്‍റ് സെന്‍ററുകളിലേക്കായി ആയിരം എഞ്ചിനീയര്‍മാരെ നിയമിക്കുമെന്ന് അറിയിച്ചു. ഏപ്രില്‍ 1 മുതല്‍ ഇന്ത്യയിലെ ആഭ്യന്തര പേയ്മെന്‍റ് സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി പേപാല്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ മുതല്‍ ഇന്ത്യന്‍ ബിസിനസുകള്‍ക്കായി കൂടുതല്‍ അന്താരാഷ്ട്ര വില്‍പ്പന സാധ്യമാക്കുന്നതിന് കമ്പനി എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
സോഫ്റ്റ്വെയര്‍, പ്രൊഡക്റ്റ് ഡെവലപ്മെന്‍റ്, ഡാറ്റാ സയന്‍സ്, റിസ്ക് അനലിറ്റിക്സ്, ബിസിനസ് അനലിറ്റിക്സ് സ്ട്രീമുകള്‍ എന്നിവയിലെ എന്‍ട്രി, മിഡ് ലെവല്‍, സീനിയര്‍ റോളുകളില്‍ പ്രതിഭകളെ നിയമിക്കുമെന്ന് ഡിജിറ്റല്‍ പേയ്മെന്‍റ് മേജര്‍ പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള മികച്ച എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്ന് ക്യാമ്പസ് നിയമനത്തിനുള്ള പദ്ധതികളും പേപാല്‍ ഇന്ത്യ പ്രഖ്യാപിച്ചു.
” യുഎസിന് പുറത്തുള്ള ഏറ്റവും വലിയ ടെക്നോളജി സെന്‍ററുകളാണ് ഇന്ത്യയിലുള്ളത്. ഒപ്പം നിരന്തരം നവീകരിക്കാനും മുന്നോട്ട്പോകാനും ഞങ്ങളെ പ്രാപ്തരാക്കുന്നതില്‍ അവ പ്രധാന പങ്ക് വഹിക്കുന്നു,” കമ്പനിയുടെ ഓംനി ചാനല്‍ & കസ്റ്റമര്‍ സക്സസ് വൈസ് പ്രസിഡന്‍റും പേപാല്‍ ഇന്ത്യാ ജിഎമ്മുമായ ഗുരു ഭട്ട്, പ്രസ്താവനയില്‍ പറഞ്ഞു.