സിയാം കണക്ക് : പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 11 ശതമാനം വര്‍ധന
ന്യൂഡെല്‍ഹി: 2020 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ പാസഞ്ചര്‍ വാഹന (പിവി) വില്‍പ്പനയില്‍ ശ്രദ്ധേയ വളര്‍ച്ച. 2021 ജനുവരിയില്‍ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 11.14 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. ഇന്ത്യയിലെ വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാം ആണ് കണക്കുകള്‍ പുറത്തുവിട്ടത്. താഴ്ന്ന നികുതി നിരക്കുകളും കൂടുതല്‍ ആവശ്യകതയുമാണ് രാജ്യത്തെ യാത്രാ വാഹന വില്‍പ്പനയില്‍ പ്രതിഫലിച്ചത്.
കഴിഞ്ഞ മാസം രാജ്യത്ത് 2,76,554 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 2,48,840 യൂണിറ്റായിരുന്നു വില്‍പ്പന. വിവിധ സെഗ്‌മെന്റുകളിലെ കാറുകള്‍, യൂട്ടിലിറ്റി വാഹനങ്ങള്‍, വാനുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പാസഞ്ചര്‍ കാറുകളുടെ മാത്രം കണക്കെടുത്താല്‍, 2021 ജനുവരിയില്‍ രാജ്യത്ത് 1,53,244 യൂണിറ്റാണ് വില്‍പ്പന. 2020 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 1.16 ശതമാനത്തിന്റെ ഇടിവ്. 2020 ജനുവരിയില്‍ 1,55,046 യൂണിറ്റ് പാസഞ്ചര്‍ കാറുകള്‍ വിറ്റുപോയിരുന്നു.
ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയിലും വളര്‍ച്ച കൈവരിച്ചു. 6.63 ശതമാനമാണ് വര്‍ധന. 2021 ജനുവരിയില്‍ 14,29,928 യൂണിറ്റ് ഇരുചക്രവാഹനങ്ങള്‍ വിറ്റു. 2020 ജനുവരിയിലെ വില്‍പ്പന 13,41,005 യൂണിറ്റായിരുന്നു. അതേസമയം മൂന്നുചക്രവാഹനങ്ങളുടെ വില്‍പ്പനയില്‍ 56.76 ശതമാനമാണ് ഇടിവ്. 26,335 യൂണിറ്റ് മാത്രമാണ് വിറ്റുപോയത്. 2020 ജനുവരിയില്‍ 60,903 യൂണിറ്റായിരുന്നു വില്‍പ്പന. കൊവിഡ് 19 പശ്ചാത്തലത്തില്‍ ജനങ്ങള്‍ പൊതുഗതാഗതം ഒഴിവാക്കിയതാണ് മൂന്നുചക്രവാഹനങ്ങളുടെ ഈ മോശം വില്‍പ്പനകണക്കുകളുടെ അടിസ്ഥാനം.
ആകെ കണക്കുകള്‍ പരിശോധിച്ചാല്‍, ഇന്ത്യയിലെ വാഹന വ്യവസായം 2021 ജനുവരിയില്‍ 4.97 ശതമാനം വളര്‍ച്ച കൈവരിച്ചു. 17,32,817 യൂണിറ്റാണ് വില്‍പ്പന. 2020 ജനുവരിയില്‍ 16,50,812 യൂണിറ്റായിരുന്നു.