മൂന്നു വര്‍ഷത്തില്‍ കണ്ടെത്തിയത് 3.8 ലക്ഷം ഷെല്‍ കമ്പനികള്‍: അനുരാഗ് താക്കൂര്‍
1 min readന്യൂഡെല്‍ഹി: 2017-18, 2019-20 വരെ സാമ്പത്തിക വര്‍ഷങ്ങളിലായി കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം (എംസിഎ) 3.8 ലക്ഷത്തിലധികം ഷെല്‍ കമ്പനികളെ തിരിച്ചറിഞ്ഞുവെന്ന് ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ രാജ്യസഭയ്ക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. 2013ലെ കമ്പനീസ് ആക്റ്റില്‍ “ഷെല്‍ കമ്പനി” എന്ന പദത്തിന് കൃത്യമായ നിര്‍വചനം ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സാധാരണയായി സജീവമായ ബിസിനസ്സ് പ്രവര്‍ത്തനമോ കാര്യമായ ആസ്തികളോ ഇല്ലാത്ത ഒരു കമ്പനിയെയാണ് ഇത്തരത്തില്‍ സൂചിപ്പിക്കുന്നത്, ചില സാഹചര്യങ്ങളില്‍ നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, ഉടമസ്ഥാവകാശം മറയ്ക്കല്‍, ബിനാമി പ്രോപ്പര്‍ട്ടികള്‍ എന്നിവ പോലുള്ള നിയമവിരുദ്ധ ആവശ്യങ്ങള്‍ക്കായി ഇവയെ ഉപയോഗിക്കുന്നു.
“ഷെല്‍ കമ്പനികളുടെ” പ്രശ്നം പരിശോധിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക ദൗത്യ സേന, ഷെല്‍ കമ്പനികളെ തിരിച്ചറിയുന്നതിന് മുന്നറിയിപ്പായി ചില സൂചകങ്ങള്‍ ഉപയോഗിക്കുന്നത് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അത്തരം കമ്പനികളെ തിരിച്ചറിയുന്നതിനും നീക്കം ചെയ്യുന്നതിനുമായി സര്‍ക്കാര്‍ പ്രത്യേക നീക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ തുടര്‍ച്ചയായി ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്‍റുകള്‍ (എഫ്എസ്) ഫയല്‍ ചെയ്യാത്തതിന്‍റെ അടിസ്ഥാനത്തില്‍, ‘ഷെല്‍ കമ്പനികള്‍’ തിരിച്ചറിഞ്ഞു, കൃത്യമായ നിയമനടപടികള്‍ക്ക് ശേഷം, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 3,82,875 കമ്പനികള്‍ ഇത്തരത്തില്‍ രേഖകളില്‍ നിന്ന് നീക്കി “താക്കൂര്‍ പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഇത്തരത്തില്‍ ഒരു കമ്പനികളെയും നീക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.